fb-watch

വെർച്വൽ റിയാലി‌റ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, മിക്‌സഡ് റിയാലി‌റ്റി എന്നിവ സംയോജിപ്പിച്ച് ഫേസ്‌ബുക്കും വാട്‌സാപ്പും ഇൻ‌സ്‌റ്റഗ്രാമും ചേർത്ത് തന്റെ കമ്പനിയ്‌ക്ക് 'മെ‌റ്റ' എന്ന് മാർക് സക്കർബർഗ് പേരുനൽകിയത് ഇന്നാണ്. പുതിയ കമ്പനിയ്‌ക്ക് കീഴിൽ കേവലം ആപ്പുകൾ മാത്രമല്ല പുതിയൊരു സ്‌മാർട്ട് വാച്ചും കമ്പനി പുറത്തിറക്കാനൊരുങ്ങുകയാണെന്നാണ് വിവരം.

കമ്പനി ഈയിടെ പുറത്തിറക്കിയ റെയ്‌ബാൻ സ്‌റ്റോറീസ് ഗ്ളാസുകളെ നിയന്ത്രിക്കാൻ പുതിയ സ്‌മാർട്ട് വാച്ച് ഉപയോഗിച്ച് സാധിക്കും. വീഡിയോ റെക്കാഡ് ചെയ്യാൻ പാകത്തിനുള‌ള ഈ ഗ്ളാസുകളിൽ നിന്ന് നേരിട്ട് ഫേസ്‌ബുക്കിലേക്കും ഇൻസ്‌റ്റയിലേക്കും സ്‌റ്റോറീസ് അപ്‌ലോഡ് ചെയ്യാനും സാധിക്കും. ഫേസ്‌ബുക്ക് പ്ളാ‌റ്റ്ഫോമുകളെ വെർച്വലായി ഗ്ലാസുകളിൽ പ്രദർശിപ്പിക്കാൻ സ്‌മാർട്ട് വാച്ചിലൂടെ കഴിയും. പ്രത്യേകതരം ഡിസ്‌പ്ളേയാണ് മെ‌റ്റയുടെ സ്‌മാർട്ട് വാച്ചിനെന്നാണ് സൂചന. വാച്ചിന്റെ നോച്ചിൽ ഒരു മുൻ ക്യാമറയുണ്ട്. കൈത്തണ്ടയിലെ ചെറിയ ചലനം കൊണ്ട് തന്നെ എതിർ‌വശത്തുള‌ള കാര്യങ്ങൾ റെക്കാഡ് ചെയ്യാം.

2022 തുടക്കത്തിൽ തന്നെ സ്‌മാർട്ട്‌വാച്ച് പുറത്തിറക്കാനാണ് മെ‌റ്റ ശ്രമിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ളാ‌റ്റ്‌ഫോമുകളിൽ സ്‌മാർട്ട്ഫോൺ പ്രവർത്തിക്കും. സക്കർബർഗിന്റെ ഏറെനാളായുള‌ള സ്വപ്‌നമാണ് മെ‌റ്റയിലൂടെ നിറവേറുന്നത്.