മതങ്ങൾക്കതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നതാണ് യേശുദാസ് എന്ന മനുഷ്യൻ സമൂഹത്തിനു നൽകുന്ന ഏറ്റവും വലിയ പാഠം. പെട്ടെന്നൊരു ദിവസംകൊണ്ട് ഗാനഗന്ധർവ്വനായി വളർന്ന ആളല്ല അദ്ദേഹം. നിരന്തരമായ സംഗീത സപര്യയിലൂടെ അദ്ദേഹം നേടിയെടുത്തതാണ് ഇന്നത്തെ യശസ്സും സ്ഥാനവും. മലയാളികളുടെ പ്രിയപ്പെട്ട ഈ ദാസേട്ടൻ ഗായകർക്കെല്ലാം തികഞ്ഞ പാഠപുസ്തകമാണ്. മലയാളത്തിന്റെ പുണ്യം
മൂന്നു പതിറ്റാണ്ടിനു മുൻപ് അന്നത്തെ ഒരു പ്രമുഖ ചലച്ചിത്ര വാരികയിൽ ഇങ്ങനെയൊരു വാർത്ത വന്നു:
'യേശുദാസ് വിടപറയുന്നു !" അതിന് ഇത്തരത്തിലൊരു വിശദീകരണവും ഉണ്ടായിരുന്നു; 'കച്ചേരിയിലൂടെ, സിനിമാഗാനങ്ങളിലൂടെ, ഓണപ്പാട്ടുകളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച ഗാനഗന്ധർവൻ യേശുദാസ് അധികം താമസിയാതെ തന്നെ സിനിമാഗാനങ്ങളോട് വിടപറയുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നു മനസിലാക്കുന്നു. സിനിമാഗാനങ്ങളോട് വിടപറഞ്ഞുകഴിഞ്ഞാൽ യേശുദാസ് മുഴുവൻ സമയവും ശാസ്ത്രീയ സംഗീതം പരിശീലിക്കാനായി ചിലവഴിക്കും. ഗാനമേളകൾ ഉപേക്ഷിക്കും. സംഗീതക്കച്ചേരികളിൽ മാത്രമേ അദ്ദേഹം പാടുകയുള്ളൂ".
അന്ന് ഈ വാർത്ത കണ്ട് നടുങ്ങിപ്പോയെങ്കിലും പിന്നീട് സമനില വീണ്ടെടുത്ത് ആദ്യം പ്രതികരിച്ചത് ഈ ലേഖകനായിരുന്നു. ഗാനഗന്ധർവൻ വിടപറയുന്നതിൽ ചിലർ ആഹ്ലാദിക്കുന്നുണ്ടായിരിക്കാമെങ്കിലും കേരളത്തിലെ ആയിരക്കണക്കിന് ഗാനപ്രതിഭകളെ ദുഃഖത്തിലാഴ്ത്തുന്നതാണ് തീരുമാനമെന്നും അതുകൊണ്ട് അതിൽ നിന്ന് അദ്ദേഹം പിന്തിരിയണമെന്നുമായിരുന്നു എന്റെ അഭ്യർത്ഥന. എന്തായാലും ഞാനുൾപ്പെടെയുള്ള ആരാധകരുടെ വികാരം അദ്ദേഹം മുഖവിലയ്ക്കെടുത്തു. പഴയതുപോലെ പാടാൻ തുടങ്ങി. (ഓർക്കുക, അതിനുശേഷം മൂന്നു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും അനേകം തവണ സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു)
യേശുദാസ് പാടിത്തുടങ്ങിയ കാലത്തും സംഗീതക്കച്ചേരിയൊഴികെ മറ്റൊന്നും ആലപിക്കേണ്ടതില്ല എന്ന പരോക്ഷമായ തീരുമാനം കൈക്കൊള്ളാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച തൊണ്ണൂറുകളുടെ തുടക്കത്തിലും പുതിയ സഹസ്രാബ്ദം പിറന്നുകഴിഞ്ഞ അവസരത്തിലും പിന്നീടും മറ്റൊരു ഗായകന്റെ പേര് അദ്ദേഹത്തോടൊപ്പം പറയാൻ നമുക്കില്ല. അദ്ദേഹം പ്രവർത്തിക്കുന്ന രംഗങ്ങൾ (ചലച്ചിത്രം, കർണാടക സംഗീതം, ലളിതസംഗീതം) ഇതിനകം എന്തെല്ലാം മാറ്റങ്ങൾക്കു വിധേയമായി. പഴയ രീതികൾ പലതും പാടെ മാറി. ചലച്ചിത്രവേദിയിലാകട്ടെ എത്രയോ അഭിനേതാക്കൾ വന്നു, പോയി. ചലച്ചിത്ര ഗാന സംഗീതം പണ്ടത്തേതിൽ നിന്ന് തികച്ചും വിഭിന്നമായി. ശാസ്ത്രീയ സംഗീതത്തിന്റെ സ്ഥിതിയും ഏതാണ്ട് അതുതന്നെയാണ്. എന്നിട്ടും ഒരേയൊരു യേശുദാസ് മാത്രം എന്തേ അന്നുമിന്നും ഒരുപോലെ നിൽക്കുന്നു?
ഒരേയൊരു യേശുദാസ് മാത്രം
ഇതിന്റെ പൊരുളറിയാൻ ഈയുള്ളവൻ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. അദ്ദേഹം പാടിയ ഓരോ പാട്ടും സസൂക്ഷ്മം ശ്രവിച്ചും നന്നേ വിശകലനം ചെയ്തും സംഗീതത്തിൽ അവഗാഹം നേടിയവരോട് ചോദിച്ചും മറ്റും എന്റെ അന്വേഷണത്തിന്റെ പരിധി ഞാൻ വിപുലമാക്കുകയുമുണ്ടായി. ഒടുവിൽ ഈ അതുല്യ ഗായകനിൽ എനിക്കു കണ്ടെത്താൻ കഴിഞ്ഞത് മറ്റൊരു ഗാതാവിനുമില്ലാത്ത ചില സവിശേഷതകളാണ്. അവ മാന്യവായനക്കാരുടെ അറിവിലേക്കായി ചുവടെ ചേർക്കുന്നു.
1 പാട്ടുപാടുന്നയാളെ സംബന്ധിച്ചിടത്തോളം പാട്ടിൽ ഭാവം പരമപ്രധാനമാണ്. നല്ല ശാരീരമുള്ള ആർക്കും പാടാനാവും. പക്ഷേ പാടിയ ഗാനം രണ്ടാമതൊരാവർത്തി കേൾക്കാൻ ആരെങ്കിലും ആഗ്രഹിക്കണമെങ്കിൽ അതിൽ ഭാവം കൂടിയേ തീരൂ. യേശുദാസിന്റെ കാര്യത്തിൽ അദ്ദേഹം അന്നുമിന്നും ഭാവത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നുണ്ടെന്നു കാണാം. 'നിത്യകന്യക" എന്ന ചിത്രത്തിലെ 'കണ്ണുനീർ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ" എന്ന ഗാനത്തിലെ ''എന്റെ മായാലോകത്തുനിന്നു നീ എങ്ങും പോകരുതേ, എങ്ങും പോകരുതേ, എങ്ങും പോകരുതേ'' എന്ന ഭാഗം അദ്ദേഹം പാടി അവസാനിപ്പിക്കുന്നതു ശ്രദ്ധിക്കുക. എത്ര തന്മയത്വത്തോടെയാണ് 'എങ്ങും പോകരുതേ" എന്ന അഭ്യർത്ഥന അദ്ദേഹം നടത്തുന്നത്. യേശുദാസ് പാടിത്തുടങ്ങിയ കാലത്തു പുറത്തുവന്ന ഗാനമാണിത്.
ഏതുതരം വികാരവും ഗാനത്തിൽ പെട്ടെന്നു കൊണ്ടുവരാൻ അദ്ദേഹത്തിന് അനായാസമായ കഴിവുണ്ട്. ''സുമംഗലീ നീയോർമ്മിക്കുമോ" (വിവാഹിത) എന്ന പ്രണയഭംഗഗാനമാകട്ടെ അവ യേശുദാസ് പാടിക്കഴിയുമ്പോൾ ദുഃഖത്തിന്റെ തീവ്രത നമുക്കനുഭവപ്പെടും. ''സുറുമ നല്ല സുറുമ" (കായങ്കുളം കൊച്ചുണ്ണി), ''മരുന്നോ നല്ല മരുന്ന്" (അഗ്നിമൃഗം) എന്നിങ്ങനെ ഹാസ്യം വിളമ്പേണ്ടിവരുമ്പോൾ അതിനനുസരിച്ചായിരിക്കും ഈ ഗായകന്റെ ഭാവം ആലാപനത്തിൽ രൂപപ്പെട്ടുവരുക. ''അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതേ നിനച്ചുപോയി" (നീയെത്ര ധന്യ) എന്ന ഗാനത്തിൽ 'വെറുതെ നിനച്ചുപോയി" എന്ന ഭാഗം അദ്ദേഹം പാടിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ എത്രയെത്ര ഗാനങ്ങൾ ആ കളകണ്ഠത്തിലൂടെ ഭാവപ്പൊലിമയാർന്ന് നമ്മുടെ ഹൃദയങ്ങളിൽ വന്ന് പ്രതിഷ്ഠ നേടിയിരിക്കുന്നു.
2 സിനിമയിൽ പാടുന്നത് കഥാപാത്രമാണല്ലോ. ആലാപനത്തിൽ ഏതുതരം കഥാപാത്രമായി മാറാനും അദ്ദേഹത്തിന് അനന്യസാധാരണമായ കഴിവുണ്ട്. ഒരേ കാലത്തുതന്നെ പലതരം നടന്മാർക്കുവേണ്ടി അദ്ദേഹത്തിന് ശബ്ദം പകരേണ്ടിവന്നിട്ടുണ്ട്. ആദ്യകാലത്ത് സത്യൻ, പ്രേംനസീർ, മധു എന്നിവർക്കു വേണ്ടിയും പിൽക്കാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കു വേണ്ടിയും അദ്ദേഹം ശബ്ദം പകർന്നു. (കഴിഞ്ഞ കുറെക്കാലമായി വെള്ളിത്തിരയിലെ കഥാപാത്രങ്ങൾ നേരിട്ടു പാടാത്തതിനാലാണ് പുതിയ തലമുറയിലെ നടന്മാർക്കുവേണ്ടി അദ്ദേഹം പാടാത്തത്. എങ്കിലും അവരിൽ പലരും അഭിനയിക്കുന്ന ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ സ്ഥാനം പിടിക്കാറുണ്ട്.) ഓരോ നടനുവേണ്ടിയും പാടുമ്പോൾ പ്രത്യേകതരം 'മോഡുലേഷൻ" അദ്ദേഹം നടത്താറുണ്ടെന്നതാണ് നാളിതുവരെയുള്ള അനുഭവം. 'ഹരികൃഷ്ണൻസി'ലെ പൊന്നാമ്പൽ പുഴയിറമ്പിൽ" എന്ന ഗാനം മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി വെവ്വേറെ ശബ്ദത്തിൽ പാടി അദ്ദേഹം ശ്രോതാക്കളെ വിസ്മയിപ്പിച്ചത് ഏവർക്കും അറിയാവുന്നതാണല്ലോ.
ചില ഗായകരുടെ ശബ്ദം ചില നടന്മാർക്ക് തീരെ യോജിക്കാറില്ല. എന്നാൽ യേശുദാസ് പാടുമ്പോൾ അങ്ങനെയൊരു സ്ഥിതി വരുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദം കൂടുതൽ ഇണങ്ങിയത് പ്രേംനസീറിനായിരുന്നെങ്കിലും സത്യനുവേണ്ടിയും മധുവിനു വേണ്ടിയും പാടിയപ്പോഴൊന്നും ഒരിക്കൽപ്പോലും അത് അരോചകമായില്ല. നടന്മാരുടെ യഥാർത്ഥ ശബ്ദവുമായി അദ്ദേഹത്തിന്റെ നാദം വിഘടിച്ചുനിന്നതുമില്ല. ഒരു പിന്നണി ഗായകനെക്കുറിച്ചു വിലയിരുത്തുമ്പോൾ ഇതു ചെറിയ കാര്യമല്ല.
3 അക്ഷരശുദ്ധി അഥവാ ഉച്ചാരണസ്ഫുടതയാണ് ഈ ഗായകനുള്ള മറ്റൊരു ഗുണം. അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാൽ അവയിലെ ഒരു വാക്കു പോലും ഒരിക്കലും നമുക്ക് സംശയത്തിനിടവരില്ല. മലയാള ഭാഷയിലെ അക്ഷരങ്ങൾ എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് പൂർവസൂരികൾ പറഞ്ഞുവച്ചുവോ അത്തരത്തിലാണ് അദ്ദേഹത്തിന്റെ തൊണ്ടയിലൂടെ അവ കയറിയിറങ്ങിവരുക. അക്ഷരങ്ങളുടെയും വാക്കുകളുടെയും അകൃത്രിമ സൗന്ദര്യം നമുക്കു തിരിച്ചറിയണമെങ്കിൽ യേശുദാസ് തന്നെ പാടണം. ''ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു" (ചെമ്പരത്തി) എന്ന ഗാനം ഇപ്പറഞ്ഞതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വലയാർ രാമവർമ്മയും ജി. ദേവരാജനും കൂടി സൃഷ്ടിച്ച പ്രണയത്തിന്റെ ചക്രവർത്തിനി നമുക്ക് മുമ്പിൽ വന്നു നില്ക്കുന്നതായി തോന്നും പാട്ടു കേൾക്കുമ്പോൾ. ഈ ഗാനത്തിലെ ഒരോ പദവും എത്ര ശ്രുതിമധുരമായിട്ടാണ് അദ്ദേഹം പാടിയിരിക്കുന്നത്! ഇന്ത്യയിലെ മികച്ച ഗായകനെയും ഗായികയെയും കണ്ടെത്താൻ മുമ്പൊരിക്കൽ ഒരു ഇംഗ്ളീഷ് ദിനപത്രം സർവേ നടത്തി. ശബ്ദഭംഗി, ഉച്ചാരണസ്പഷ്ടത, ആലാപനത്തിലെ ഭാവപൂർത്തി എന്നീ ഘടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർവേയിൽ ഭാരതത്തിലെ മികച്ച ഗായകൻ യേശുദാസായിരുന്നു; ഗായിക ലതാമങ്കേഷ്കറും. നമ്മുടെ രാജ്യത്താകമാനമുള്ള അനേകം പേരെ നേരിൽ കണ്ടും അഭിപ്രായങ്ങൾ ശേഖരിച്ചുമാണ് പ്രസ്തുത പത്രം സർവേഫലം പുറത്തുവിട്ടതെന്ന് ഓർക്കണം.
ഏതുതരം പാട്ടുകളാണ് കൂടുതൽ മെച്ചം?
യേശുദാസ് ആലപിച്ചവയിൽ ഏതുതരം പാട്ടുകളാണ് കൂടുതൽ മെച്ചം? പ്രണയഗാനങ്ങൾ, പ്രണയഭംഗ ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, വിഷാദഗാനങ്ങൾ, വിപ്ളവഗാനങ്ങൾ, ഗ്രാമീണ ഗാനങ്ങൾ, അശരീര ഗാനങ്ങൾ, ഹാസ്യഗാനങ്ങൾ, താരാട്ടു പാട്ടുകൾ എന്നിങ്ങനെ ആ പട്ടിക വളരെ വലുതാണെങ്കിലും അദ്ദേഹം പാടുമ്പോൾ ഏതാണ് മികച്ചത് എന്നു പറയുക അസാദ്ധ്യമാണ്. അത്രയ്ക്ക് ഇഴുകിച്ചേർന്നാണ് അദ്ദേഹം ഓരോ ഗാനവും പാടുക. അതുകൊണ്ടാണ് പാട്ടിന്റെ പര്യായമായി യേശുദാസിന് വളരെ വേഗം മാറാൻ കഴിഞ്ഞത്. ദേവരാഗങ്ങളുടെ രാജശില്പിയും ഈ ഗായകന്റെ വളർച്ചയിൽ നിർണായകമായ സ്ഥാനം വഹിച്ച ആളുമായ ജി. ദേവരാജന്റെ അഭിപ്രായം പരിഗണിച്ചാൽ ഗായികാഗായകന്മാരിൽ പതിനായിരത്തിൽ ഒരാളിനു മാത്രം ലഭിക്കുന്ന ത്രിസ്ഥായി ശബ്ദത്തിന്റെ ഉടമയാണ് യേശുദാസ്. (ത്രിസ്ഥായി എന്നാൽ സാധാരണ ഉപയോഗിക്കുന്ന മദ്ധ്യസ്ഥായി, മന്ദ്രസ്ഥായി, താരസ്ഥായി എന്നീ സ്ഥായികൾ എന്നർത്ഥം.)
1961 നവംബർ 14ന് ആദ്യഗാനം
ചലച്ചിത്ര ഗാനാലാപനത്തിൽ ആറു പതിറ്റാണ്ടുകൾ തികയ്ക്കുകയാണ് യേശുദാസ്. ശരിക്കു പറഞ്ഞാൽ 1961 നവംബർ 14ന് ആണ് അദ്ദേഹത്തിന്റെ ആദ്യഗാനം റെക്കോർഡ് ചെയ്തത്. കെ.എസ്. ആന്റണി സംവിധാനം ചെയ്ത കാല്പാടുകൾ എന്ന ചിത്രത്തിനു വേണ്ടി.
''ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത് "" എന്ന ശ്രീനാരായണഗുരു ദേവന്റെ ശ്ളോകം പാടിയാണ് അദ്ദേഹം ആലാപനത്തിനു തുടക്കം കുറിച്ചത്. മദിരാശിയിലെ ഭരണി സ്റ്റുഡിയോയിൽ ആയിരുന്നു എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ അദ്ദേഹം ഈ വരികൾ പാടിയത്. മലയാള ചലച്ചിത്ര ഗാനശാഖയുടെ രാശി അതോടെ തെളിയുകയായിരുന്നു. ഇതിനു മുമ്പ് നല്ലതങ്ക എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചെങ്കിലും നിലവാരമില്ല എന്ന കാരണം പറഞ്ഞ് തഴയുകയാണുണ്ടായത്. ഇതേ തിക്താനുഭവം തുടക്കകാലത്ത് ആകാശവാണിയിൽ നിന്നും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ഒന്നിലും തളരാതെ ഉറച്ച മനസ്സോടെ സംഗീതത്തെ ധ്യാനിച്ച് മുന്നോട്ടുപോയതാണ് അദ്ദേഹത്തിന്റെ വിജയത്തിനു നിദാനം.
സംഗീതാഭിരുചി ആദ്യം തിരിച്ചറിഞ്ഞത് അച്ഛൻ
പ്രശസ്ത സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്ത് ജോസഫിന്റെയും മകനായി 1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിലാണ് കാട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസ് ജനിച്ചത്. ഏഴ് മക്കളിൽ രണ്ടാമനും ആൺമക്കളിൽ മൂത്തവനും ആണ് അദ്ദേഹം. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയുമാണ് അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകൾ. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്ത് പനിപിടിച്ച് മരിച്ചു. ഏറ്റവും ഇളയ സഹോദരനായിരുന്ന ജസ്റ്റിൻ 2020 ഫെബ്രുവരിയിൽ കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു.
മകനായ യേശുദാസിന്റെ സംഗീതാഭിരുചി ആദ്യം തിരിച്ചറിഞ്ഞത് പിതാവ് അഗസ്റ്റിൻ ജോസഫായിരുന്നു. അദ്ദേഹമാണ് മകന്റെ ആദ്യഗുരുവും. വെറും എട്ട് വയസ്സുള്ളപ്പോൾ ഒരു പ്രാദേശിക സംഗീത മത്സരത്തിൽ പങ്കെടുത്ത് ഒന്നാമനാവുകയും കപ്പും സ്വർണമെഡലും കിട്ടിയതാണ് യേശുദാസിന്റെ ആദ്യത്തെ സമ്മാനം. അപ്പച്ചൻ അഗസ്റ്റിൻ ജോസഫിന് അതോടെ മകന്റെ നൈസർഗിക വാസനയിൽ പൂർണവിശ്വാസം വന്നു. 1949ൽ ഒൻപത് വയസുള്ളപ്പോൾ ഈ മകൻ പിതാവായ ഭാഗവതരോടൊപ്പം എറണാകുളത്തെ സെന്റ് ആൽബർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ശാസ്ത്രീയ സംഗീത കച്ചേരിയിൽ പങ്കെടുത്ത് സദസ്യരെയാകെ വിസ്മയിപ്പിച്ചു. അതായിരുന്നു യേശുദാസിന്റെ അരങ്ങേറ്റം.
ബാല്യകാലത്ത് യേശുദാസ് വികൃതികളുടെ കളിക്കൂട്ടുകാരനായിരുന്നു. സദാ കുസൃതികാട്ടി കണ്ണിൽ കണ്ടതെല്ലാം തല്ലിയുടയ്ക്കും. എന്തു വികൃതി കാണിച്ചാലും അപ്പച്ചൻ മകനെ ഒന്ന് ശകാരിക്കുകപോലുമില്ല. പകരം മടിയിലെടുത്തുവച്ച് ലാളിക്കും. ഫോർട്ടുകൊച്ചിയിലെ ജോൺ ഡി ബ്രിട്ടോ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി അപ്പച്ചൻ യേശുദാസിനെ കൊണ്ടു ചേർത്തത്. അധികനാൾ ക്ളാസിൽ ഇരുന്നില്ല. അതിനുമുമ്പു തന്നെ ഏതോ കുട്ടിയുമായി വഴക്കുണ്ടാക്കി സ്ളേറ്റും പുസ്തകവുമെടുത്ത് നേരെ വീട്ടിലേക്ക് പോന്നു. പിന്നെ ആ പള്ളിക്കൂടത്തിലേക്ക് പോയിട്ടില്ല.
പള്ളുരുത്തിയിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലായിരുന്നു തുടർന്നുള്ള പഠനം. പാഠപുസ്തകത്തിലെ പദ്യങ്ങൾ നീട്ടിച്ചൊല്ലി പലപ്പോഴും ദാസ് അദ്ധ്യാപകരെയും കുട്ടികളെയും അത്ഭുതപ്പെടുത്തി. അവർ അദ്ദേഹത്തിലെ ഗായകനെ തിരിച്ചറിഞ്ഞു. എന്നും സന്ധ്യയ്ക്ക് കുടുംബ പ്രാർത്ഥനയുണ്ടാവും. ആ പ്രാർത്ഥനയിലും മുന്തി നിന്നത് അപ്പച്ചന്റെയും മകന്റെയും ശബ്ദമായിരുന്നു. പ്രാർത്ഥന കഴിഞ്ഞാൽ ദാസ് വീട്ടിലെ സഹോദരങ്ങൾക്കൊപ്പം പാഠപുസ്തക വായനയിൽ മുഴുകും. കുറെ പഠിച്ചുകഴിയുമ്പോൾ അത്താഴത്തിന് സമയമാവും. അതിനുശേഷം ഹാർമ്മോണിയപ്പെട്ടിക്ക് ഇരുവശവുമായി അപ്പച്ചനും മകനും സ്ഥാനം പിടിക്കും. പിന്നെ നീണ്ട സംഗീത പരിശീലനമാണ്.
സമ്മാനം നേടിയത് ജയചന്ദ്രനൊപ്പം
സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1957ൽ അദ്ദേഹം കർണാടക സംഗീതത്തിൽ സംസ്ഥാനതലത്തിൽ തന്നെ ഒന്നാം സ്ഥാനത്തെത്തി. പിറ്റേവർഷവും വായ്പാട്ടിന് ഒന്നാം സമ്മാനം യേശുദാസ് നേടി. (ഇതേ സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിന് സംസ്ഥാന തലത്തിലുള്ള ഒന്നാം സമ്മാനം പിൽക്കാലത്ത് മലയാളത്തിന്റെ ഭാവഗായകനായി മാറിയ പി. ജയചന്ദ്രന് ആണ് ലഭിച്ചത് എന്ന കാര്യം കൗതുകത്തോടെ ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു.) 1958 മാർച്ചിൽ പത്താം ക്ളാസ് പരീക്ഷ ജയിച്ച യേശുദാസ് തുടർന്ന് തൃപ്പൂണിത്തുറയിലെ ആർ.എൽ.വി. മ്യൂസിക് അക്കാദമിയിൽ ചേർന്ന് പഠിച്ചു. 1960ൽ മറ്റെല്ലാ വിദ്യാർത്ഥികളെയും പിന്തള്ളി അദ്ദേഹം ഗാനഭൂഷണത്തിന് ഒന്നാംസ്ഥാനത്ത് വിജയിച്ചു. സംഗീതത്തിൽ കാണിച്ച പ്രാഗല്ഭ്യം മുൻനിറുത്തി സാധാരണ നാല് വർഷങ്ങൾ നീണ്ടു നില്ക്കുന്ന ഗാനഭൂഷണം കോഴ്സ് ഇരട്ട പ്രൊമോഷനോടുകൂടി വെറും മൂന്നു വർഷം കൊണ്ടാണ് അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റേത് വെറും വിജയമായിരുന്നില്ല താനും. തൃപ്പൂണിത്തുറയിലും പാലക്കാടും തിരുവനന്തപുരത്തുമുള്ള മൂന്ന് സംഗീത അക്കാദമികളിലും വച്ച് ഒന്നാം ക്ളാസും ഒന്നാം റാങ്കും നേടിയാണ് അദ്ദേഹം ഗാനഭൂഷണം പരീക്ഷ സ്തുത്യർഹമാംവിധം ജയിച്ചത്. തുടർന്ന് പഠിക്കണം. അന്ന് സംഗീത ഭൂഷണം എന്ന ഉപരിപഠനം തിരുവനന്തപുരം സംഗീത കോളേജിൽ മാത്രമേയുള്ളൂ. (ഇന്നത്തെ ഗാനപ്രവീണയ്ക്ക് പകരമായിരുന്നു അന്നത്തെ സംഗീത ഭൂഷണം). റാങ്കോടെ ജയിച്ചതുകൊണ്ട് യേശുദാസിന് ഉറപ്പായും തുടർന്നു പഠിക്കാൻ അവിടെ പ്രവേശനം കിട്ടും. എന്നാൽ, വീട്ടിലെ ചുറ്റുപാടുകൾ അതിനു അനുകൂലമായിരുന്നില്ല. ഇതിനിടയ്ക്ക് അഗസ്റ്റിൻ ജോസഫ് രോഗബാധിതനായിത്തീരുകയും ചെയ്തു. എന്തൊക്കെയാണെങ്കിലും മകനെ തുടർന്ന് പഠിക്കാൻ തന്നെ അപ്പച്ചൻ തീരുമാനിച്ചു. അങ്ങനെയാണ് ദാസ് തിരുവനന്തപുരം ശ്രീസ്വാതിതിരുനാൾ സംഗീത കോളേജിൽ സംഗീത ഭൂഷണം വിദ്യാർത്ഥിയായി എത്തിയത്.
ശെമ്മങ്കുടിയുടെ ശിഷ്യൻ
സംഗീതത്തിലെ മുടിചൂടാമന്നനായ ശെമ്മങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അക്കാലത്ത് സംഗീത കോളേജിലെ പ്രിൻസിപ്പൽ. കഴിവുള്ളവരെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ എന്നും മുൻപന്തിയിലായിരുന്നു അദ്ദേഹം. വാഗീശ്വരി കനിഞ്ഞനുഗ്രഹിച്ച ശിഷ്യൻ ഗുരുവിന്റെ പ്രത്യേക ശ്രദ്ധ ആർജ്ജിക്കാൻ അധികസമയം വേണ്ടിവന്നില്ല. അതേസമയം ഇത്രയും സമർത്ഥനായ വിദ്യാർത്ഥി ഇല്ലായ്മയുടെ ഇടയിലാണ് ജീവിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആ ശുദ്ധഹൃദയം വിങ്ങി. സ്വന്തം കാർഷെഡ്ഡിൽ താമസവും വീട്ടിൽ നിന്ന് ഭക്ഷണവും നൽകി അദ്ദേഹം ആ വിദ്യാർത്ഥിയുടെ കഷ്ടപ്പാടുകൾക്ക് തെല്ലൊന്ന് അറുതി വരുത്തി.
യാതനകളെ ഒപ്പം കൂട്ടി യേശുദാസ് സംഗീത പഠനം തുടർന്നു. പ്രതിബന്ധങ്ങളെ നേരിടാനുള്ള ധൈര്യവും ക്ഷമയും അദ്ദേഹം വളർത്തിയെടുത്തു. കഴിവുള്ളവരെ അന്വേഷിച്ച് അവസരങ്ങൾ അങ്ങോട്ട് ചെല്ലുമെന്ന് പറയാറുണ്ട്. യേശുദാസിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. 'കാല്പാടുകൾ"എന്ന ചിത്രം അതിനൊരു നിമിത്തമായി എന്നുമാത്രം. അതിനുശേഷം 'ശ്രീരാമ പട്ടാഭിഷേക"മായിരുന്നു ദാസ് പാടിയ ഗാനങ്ങളുമായി പ്രദർശനത്തിനു വന്നത്. ബ്രദർ ലക്ഷ്മണനായിരുന്നു ഇതിന്റെ സംഗീത സംവിധായകൻ. എം.ബി. ശ്രീനിവാസൻ സംഗീതമൊരുക്കിയ 'കണ്ണും കരളു"മായിരുന്നു ദാസിന്റെ അടുത്ത ചിത്രം. 'വിധി തന്ന വിളക്കി"ലൂടെ വി. ദക്ഷിണാമൂർത്തിയും ഈ ഗായകന്റെ മധുരനാദം പ്രയോജനപ്പെടുത്തിയെങ്കിലും 'ഭാഗ്യജാതക"ത്തിലെ ''ആദ്യത്തെ കൺമണി ആണായിരിക്കണം"" (സംഗീതം - എം.എസ്. ബാബുരാജ്, സഹഗായിക - പി. ലീല) എന്ന ഗാനമാണ് ആദ്യത്തെ ഹിറ്റ് എന്നു പറയാം.
ഗാനഗന്ധർവ്വൻ
തുടർന്ന് 'ഭാര്യ" എന്ന ചിത്രത്തിലെ ''ദയാപരനായ കർത്താവേ"", ''പഞ്ചാരപ്പാലുമിട്ടായി""(പി. ലീല, രേണുക എന്നിവർക്കൊപ്പം) എന്നീ പാട്ടുകൾ സമ്മാനിച്ചുകൊണ്ട് ജി. ദേവരാജനും ഇൗ ഗായകനെ അംഗീകരിക്കുകയായിരുന്നു. അതുമുതൽ ജനപ്രിയ ഗാനങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചു യേശുദാസ്. ''കണ്ണുനീർ മുത്തുമായ് "", ''എന്തെന്തു മോഹങ്ങളായിരുന്നു"" (നിത്യകന്യക), ''കല്പനയാകും യമുനാനദിയുടെ"" (ഡോക്ടർ), ''മധുരപ്പതിനേഴുകാരി"" (അമ്മയെ കാണാൻ), ''ആകാശത്തിലെ കുരുവികൾ"" (റെബേക്ക), ''ജയ ജയ ജയ ജന്മഭൂമി"" (സ്കൂൾ മാസ്റ്റർ), ''ഇടയ കന്യകേ പോവുക നീ"", ''അഷ്ടമുടിക്കായലിലെ"" (മണവാട്ടി), ''ചൊട്ട മുതൽ ചുടല വരെ"" (പഴശ്ശിരാജ) എന്നിവ അക്കൂട്ടത്തിൽ ചിലത് മാത്രം.
മലയാളത്തിലെ ആദ്യത്തെ ഗസൽ എന്നു വിശേഷിപ്പിക്കാവുന്ന ''താമസമെന്തേ വരുവാൻ"" (ഭാർഗവീ നിലയം) എന്ന ഗാനം ഇൗ ഗായകന്റെ കലാജീവിതത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കേണ്ടതാണ്. ഈ ഗാനം പുറത്തുവന്ന് ഗായകന്റെ വ്യാപ്തി മനസ്സിലാക്കിയാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് അദ്ദേഹത്തെ ഗാനഗന്ധർവ്വൻ എന്നു വിശേഷിപ്പിക്കാൻ തയ്യാറായത്. അതോടുകൂടി മലയാളത്തിന് ഏറ്റവും അനുയോജ്യമായ ശബ്ദം യേശുദാസിന്റേതാണെന്നു വന്നു. അങ്ങനെ ഏത് സംഗീത സംവിധായകനും ചലച്ചിത്ര സംവിധായകനും നിർമ്മാതാവിനും നടനും ഗ്രാമഫോൺ കമ്പനിക്കും ഏറെ പ്രിയപ്പെട്ട ഗായകനായി അദ്ദേഹം മാറി.മലയാളത്തിൽ മാത്രം അയ്യായിരത്തി മുന്നൂറോളം ചലച്ചിത്ര ഗാനങ്ങൾ (യുഗ്മഗാനങ്ങളും സംഘഗാനങ്ങളും ഉൾപ്പെടെ) അദ്ദേഹം പാടിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇത്രയും ഗാനങ്ങളിൽ നിന്ന് ജനപ്രീതിയിൽ വളരെയധികം മുന്നിട്ടു നില്ക്കുന്നവപോലും
തിരഞ്ഞെടുത്ത് അവതരിപ്പിക്കുക അസാദ്ധ്യമാണ്. മലയാളത്തിലെ മാത്രമല്ല, അന്യഭാഷകളിലെ സംഗീത സംവിധായകർപോലും പ്രഥമ പരിഗണന നൽകിയത് ഈ ഗായകനു മാത്രമാണ്. യുഗ്മഗാനങ്ങളുടെ കണക്കെടുത്താൽ അദ്ദേഹത്തോടൊപ്പം പാടാത്ത ഗായികമാർ ഇല്ലെന്നുതന്നെ പറയേണ്ടിവരും. പല തലമുറകളിൽപ്പെട്ട ഗായികമാർ ഇപ്രകാരം പാടി എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. സംഗീത സംവിധായകരിൽ ചിലർക്കെങ്കിലും പേരു കിട്ടാൻ യേശുദാസ് എന്ന യശസ്തംഭം കാരണമായിട്ടുണ്ടെന്ന് ഗാനചരിത്രം ശ്രദ്ധാപൂർവ്വം പഠിക്കാൻ ശ്രമിച്ചാൽ ആർക്കും മനസ്സിലാവും.മലയാളത്തിനു പുറമേ ആസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും മറ്റും അദ്ദേഹം പാടിയ പാട്ടുകൾ മലയാളികളായ നമുക്കും പരിചിതമാണല്ലോ. ഇവയ്ക്കെല്ലാം പുറമെയാണ് തരംഗിണി എന്ന റെക്കോഡിംഗ് സ്റ്റുഡിയോ വഴി ഇറക്കിയ നൂറുകണക്കിന് സംഗീത ആൽബങ്ങളിൽ അദ്ദേഹം പാടിയത്. മറ്റു ചില പ്രമുഖ കമ്പനികളുടെ കാസറ്റുകൾക്ക് വേണ്ടിയും സ്വരം പകർന്നിട്ടുണ്ട്.
സംഗീതസംവിധായകനായും തിളങ്ങി
ഗായകനായി ശോഭിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹം സംഗീത സംവിധായകനായുംതിളങ്ങിയിട്ടുണ്ട്. അതിനു നിമിത്തമായത് ''അഴകുള്ള സെലീന""എന്ന ചിത്രമാണ്. തുടർന്ന് ജീസസ്, ഉദയം കിഴക്കു തന്നെ, തീക്കനൽ, മാളിക പണിയുന്നവർ, താറാവ്, പൂച്ചസന്യാസി, സഞ്ചാരി, അഭിനയം, കോളിളക്കം, മൗനരാഗം, കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും സംഗീതം പകർന്നു. ആ ഭാഗത്തും തനിക്ക് ശോഭിക്കാനാവുമെന്ന് അവയിലെ ഗാനങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. പതിനഞ്ചോളം സംഗീത ആൽബങ്ങൾക്ക് വേണ്ടിയും (അവയിൽ കൂടുതലും അയ്യപ്പ ഭക്തിഗാനങ്ങളാണ്) അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു.
നടനായും വെള്ളിത്തിരയിൽ
വെള്ളിത്തിരയ്ക്കു പിന്നിൽ പ്രവർത്തിച്ച യേശുദാസ് ചില ചിത്രങ്ങളിൽ അഭിനേതാവായും മാറി. കാവ്യമേള, കായംകുളം കൊച്ചുണ്ണി, അനാർക്കലി, പഠിച്ച കള്ളൻ, അച്ചാണി, നിറകുടം, ഹർഷബാഷ്പം, പാതിരാ സൂര്യൻ, നന്ദനം, ബോയ്ഫ്രണ്ട്, തെരുവ് നക്ഷത്രങ്ങൾ എന്നിവയാണ് ആ ചിത്രങ്ങൾ. തുടക്കക്കാലത്ത് ഈ ഗായകൻ അഭിനേതാവായി മാറിയത് ഒട്ടൊക്കെ വിമർശനങ്ങളും ക്ഷണിച്ചുവരുത്തി. മിക്ക ചിത്രങ്ങളിലും അദ്ദേഹം ഗായകനായിത്തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇത്രയേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച മറ്റൊരു വ്യക്തി മലയാളത്തിൽ വേറെയില്ല. 1973ൽ പദ്മശ്രീ, 2002ൽ പദ്മഭൂഷൺ, 2017ൽ പദ്മവിഭൂഷൺ എന്നിവ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 2003ൽ കേരള സർവ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് നൽകി. എട്ടുതവണയാണ് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. ഇത്രയേറെ തവണ ഈ സമ്മാനം നേടിയ മറ്റൊരു ഗായകനില്ല. 1972ൽ ''മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു "" (അച്ഛനും ബാപ്പയും), 1973ൽ ''പദ്മതീർത്ഥമേ ഉണരൂ"" (ഗായത്രി), 1976ൽ ""ഗോരി തേരാ ഗാവു ബഡാ പ്യാരാ'' (ചിറ്റ്ചോർ), 1982ൽ ''ആകാശ ദേശൻ"" (മേഘസന്ദേശം), 1987ൽ ''ഉണ്ണികളേ ഒരു കഥ പറയാം""
(ഉണ്ണികളേ ഒരു കഥപറയാം), 1991ൽ
''രാമകഥാഗാനലയം"" (ഭരതം), 1993ൽ ''ക്ഷീരസാഗരാ"" (സോപാനം), 2017ൽ ''പോയി മറഞ്ഞകാലം"" (വിശ്വാസപൂർവ്വം മൻസൂർ) എന്നിവയാണ് ആ ഗാനങ്ങൾ.
1969ലെ പ്രഥമ സംസ്ഥാന പുരസ്കാരം മുതൽ 2014വരെ 25 തവണയാണ് കേരള സർക്കാരിന്റെ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ അവാർഡ് കുമാരസംഭവത്തിലെ ''പൊൻതിങ്കൾകല പൊട്ടുതൊട്ട'' എന്ന ഗാനത്തിനായിരുന്നുവെങ്കിൽ മിക്ക വർഷങ്ങളിലും വിവിധ ചിത്രങ്ങളിലെ ഗാനങ്ങൾ പരിഗണിച്ചായിരുന്നു അദ്ദേഹം സമ്മാനിതനായത്. 2014ൽ 'വൈറ്റ് ബോയ്സ്' എന്ന ചിത്രത്തിലെ ''ആദിത്യ കിരണങ്ങൾ'' എന്ന ഗാനത്തിന്റെ പേരിലായിരുന്നു പുരസ്കാരം. തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള അവാർഡ് എട്ട് തവണയും ആന്ധ്രപ്രദേശ് സർക്കാരിലേക്ക് ആറ് തവണയും കർണാടക സർക്കാരിന്റേത് അഞ്ച് തവണയും പശ്ചിമ ബംഗാൾ സർക്കാരിന്റേത് ഒരുതവണയും നേടി.
തിരുവനന്തപുരത്ത് മുല്ല വീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ്മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം ചെയ്തു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് (1977) ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് വിജയ് (1979), വിശാൽ (1981) എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി ഈ ദമ്പതികൾക്ക് പിറന്നു. ഇവരിൽ രണ്ടാമത്തെ മകനായ വിജയ് യേശുദാസ് പ്രശസ്തനായ ഗായകനായി മാറി. വിജയ് യേശുദാസിന്റെ മകളാണ് അമേയ യേശുദാസ്. ഈ കൊച്ചുമിടുക്കി 2020ൽ പ്രദർശനത്തിനു വന്ന ശ്യാമരാഗത്തിലെ ''രാമാ രവികുല സോമ"" എന്ന ഗാനം പാടിയതോടെ നാല് തലമുറകളിലേക്ക് (അഗസ്റ്റിൻ ജോസഫ് - കെ.ജെ. യേശുദാസ് - വിജയ് യേശുദാസ് - അമേയ യേശുദാസ്) സംഗീതാഭിരുചി നീണ്ടു. ഈ നാല് തലമുറകളിലുംപെട്ട ഗായകരെ പാടിക്കാൻ ഭാഗ്യം സിദ്ധിച്ച സംഗീത സംവിധായകൻ വി. ദക്ഷിണാമൂർത്തിയാണെന്നതും ഇവിടെ സ്മരണീയമാണ്.
മതങ്ങൾക്കതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നതാണ് യേശുദാസ് എന്ന മനുഷ്യൻ സമൂഹത്തിനു നൽകുന്ന ഏറ്റവും വലിയ പാഠം. പെട്ടെന്നൊരു ദിവസംകൊണ്ട് ഗാനഗന്ധർവ്വനായി വളർന്ന ആളല്ല അദ്ദേഹം. നിരന്തരമായ സംഗീത സപര്യയിലൂടെ അദ്ദേഹം നേടിയെടുത്തതാണ് ഇന്നത്തെ യശസ്സും സ്ഥാനവും. മലയാളികളുടെ പ്രിയപ്പെട്ട ഈ ദാസേട്ടൻ ഗായകർക്കെല്ലാം തികഞ്ഞ പാഠപുസ്തകമാണ്. മലയാളത്തിന്റെ പുണ്യം എന്നല്ലാതെ അദ്ദേഹത്തെ മറ്റെന്തു വിശേഷിപ്പിക്കാൻ !