യേശുദാസിനെക്കുറിച്ച് എം.ജി. ശ്രീകുമാറിന്റെ ഓർമ്മകൾ
തലമുറകളിലൂടെ കടന്നുപോകുന്ന അടുപ്പവും സൗഹൃദവുമുണ്ട് എനിക്കും ദാസേട്ടനും.
എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫുമൊക്കെ സംഗീതജ്ഞന്മാരായിരുന്നു. അഭിനേതാവ് കൂടിയായിരുന്നു അഗസ്റ്റിൻ ജോസഫ്. എന്റെ അച്ഛൻ ഹാർമോണിസ്റ്റും.അവർ അടുത്ത സുഹൃത്തുക്കളായിരുന്നു.
ദാസേട്ടൻ എന്റെ ആത്മീയ ഗുരുവാണ്. എന്നെ സംഗീതം പഠിപ്പിച്ചത് ചേർത്തല ഗോപാലൻനായരും എന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണനും നെയ്യാറ്റിൻകര വാസുദേവൻ സാറുമൊക്കെയാണെങ്കിലും ഏകലവ്യന് ദ്റോണാചാര്യരെന്ന പോലെ എന്റെ ആത്മിയഗുരുവായി ഞാൻ കാണുന്നത് ദാസേട്ടനെയാണ്.
ചെറുബാല്യത്തിൽ അദ്ദേഹത്തിന്റെ എത്രയെത്ര ഗാനമേളകൾ എത്രയോ ആവേശത്തോടെ ഞാൻ കാണാൻ പോയിട്ടുണ്ട്. ഗുരുക്കന്മാർ പഠിപ്പിച്ചുതന്ന സംഗീതപാഠങ്ങൾക്കൊപ്പം ദാസേട്ടൻ പാടുന്നതും ഞാൻ കേട്ട് പഠിച്ചിട്ടുണ്ട്.
ദാസേട്ടൻ പണ്ട് തിരുവനന്തപുരത്ത് ജഗതിയിൽ താമസിച്ചിട്ടുണ്ട്. ദാസേട്ടനും പ്രഭചേച്ചിക്കും അന്ന് മൂത്ത മകൻ മാത്രമെയുള്ളൂ. കുട്ടിക്കാലത്ത് മിക്കവാറും ഞാൻ ദാസേട്ടന്റെ ജഗതിയിലെ വീട്ടിൽ പോകുമായിരുന്നു.
അന്ന് അദ്ദേഹത്തിന് ഒരു വെള്ള വാൻഗാർഡ് കാറുണ്ടായിരുന്നു. അതിൽ ട്രിവാൻഡ്രം ടെന്നിസ് ക്ളബിൽ ടെന്നിസ് കളിക്കാൻ പോകുമ്പോൾ ''നീ വരുന്നോ"യെന്ന് ചോദിച്ച് എന്നെയും കൂട്ടും. പഴയ ആ ആഡംബര കാറിന്റെ ഒരരികിൽ വയൽ വരമ്പത്ത് കൊക്ക് ഇരിക്കുന്നപോലെ ഞാൻ ഇരിക്കും. ഒരുമണിക്കൂറോളം ടെന്നിസ് കളിച്ചിട്ട് ദാസേട്ടൻ തിരിച്ചുവരും.
അങ്ങനെ ഒരിക്കൽ ടെന്നിസ് കളികഴിഞ്ഞ് മടങ്ങും വഴി പിയാനോ പഠിക്കണമെന്ന് ദാസേട്ടൻ എന്നെ ഉപദേശിച്ചു.
''പാട്ട് കുടുംബത്തിൽ എല്ലാവർക്കുമുള്ളതുകൊണ്ട് ഞാൻ പ്രത്യേകിച്ച് അത് എടുത്ത് പറയുന്നില്ല. പിയാനോ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഭാവിയിൽ അത് ഗുണം ചെയ്യും."
എന്റെ അച്ഛൻ രോഗശയ്യയിലായിരുന്നപ്പോൾ കേരളത്തിൽ വരുമ്പോഴൊക്കെ ദാസേട്ടൻ കാണാൻ വരുമായിരുന്നു. കുറേനേരം അച്ഛനോടൊപ്പമിരിക്കും. അച്ഛന്റെ ദേഹത്ത് കിഴിവച്ചുഴിയും.
ദാസേട്ടനെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസിലേക്കു വരുന്നത് ആ കുട്ടിക്കാലമാണ്.
ശ്രീനാരായണഗുരു എഴുതിയ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും... സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് .... എന്ന ഈരടികൾ പാടി ആലാപനരംഗത്ത് ആരംഭം കുറിക്കാൻ ദാസേട്ടന് സാധിച്ചത് അദ്ദേഹത്തിന് ലഭിച്ച അനേകം പുണ്യങ്ങളിലും സൗഭാഗ്യങ്ങളിലുമൊന്നാണ്.
കാല്പാടുകൾ എന്ന ചിത്രത്തിന് വേണ്ടി എം.ബി. ശ്രീനിവാസന്റെ ഈണത്തിൽ ആ ഈരടികൾ റെക്കോഡ് ചെയ്യപ്പെട്ടത് 1961 നവംബർ 14ന് ആണ്.
ദാസേട്ടൻ പാടിയ ഒരുപാട് പാട്ടുകൾ എനിക്ക് പ്രിയപ്പെട്ടതാണ്. വയലാർ - ദേവരാജൻ ടീമിന് വേണ്ടി ദാസേട്ടൻ പാടിയ പാട്ടുകളെല്ലാം സംഗീതപ്രേമികളുടെ ഹൃദയം കവർന്നവയാണ്. നല്ല വരികളും നല്ല ഈണവും നല്ല ആലാപനവും ഒത്തുചേരുമ്പോഴാണ് ഏത് പാട്ടും മനോഹരമാകുന്നത്. അത്തരത്തിലൊന്നാണ് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം. വയലാർ സാറിന്റെ വരികൾ എത്ര ശക്തവും ഗംഭീരവുമായിരുന്നു. എത്രയോ വർഷങ്ങൾക്കുമുൻപ് ഇന്ത്യ ഭ്രാന്താലയമാകുമെന്ന ആശയം അദ്ദേഹമെഴുതി. ഒരിക്കലും അങ്ങനെയാകില്ലെങ്കിലും ഏകദേശം ഇന്ത്യ ഒരു ഭ്രാന്താലയമായി മാറുന്നതിന്റെ സൂചനകളുണ്ടാകുന്നുണ്ട്. അതാണ് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം. ദേവരാജൻ മാഷ് ആ പാട്ടിന് അനുയോജ്യമായ ഈണം നൽകി. ദാസേട്ടൻ അതിഗംഭീരമായി പാടുകയും ചെയ്തു. അങ്ങനെ എത്രയെത്ര പാട്ടുകൾ...
എന്റെ സംഗീതത്തിലും അദ്ദേഹം പാടിയിട്ടുണ്ട്.യോദ്ധ, ചമ്പക്കുളം തച്ചൻ, പിൻഗാമി തുടങ്ങിയ സിനിമകളിൽ ഞാനും ദാസേട്ടനും ഒരുമിച്ച് പാടിയിട്ടുണ്ട്.അദ്ദേഹം പാടിയതിൽ എനിക്ക് പ്രിയപ്പെട്ട ഗാനങ്ങൾ ഒരുപാടുണ്ട്. എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകൾ ലിസ്റ്റിലുണ്ട്.
My Favourites
1 മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
ചിത്രം: അച്ഛനും ബാപ്പയും. രചന: വയലാർ,
സംഗീതം: ദേവരാജൻ
2 ഭഗവാൻ ഭഗവദ്ഗീതയിൽ പാടീ
ചിത്രം: സംഭവാമി യുഗം യുഗേ...,രചന: ശ്രീകുമാരൻതമ്പി, സംഗീതം: എം.എസ്. ബാബുരാജ്
3 സാഗരമേ ശാന്തമാക നീ
ചിത്രം: മദനോത്സവം, രചന: ഒ.എൻ.വി കുറുപ്പ്, സംഗീതം: സലിൽ ചൗധരി
4 ഒറ്റക്കമ്പി നാദം
ചിത്രം: തേനും വയമ്പും. രചന: ബിച്ചു തിരുമല, സംഗീതം: രവീന്ദ്രൻ
5 പൂവേണം പൂപ്പട വേണം
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, രചന: ഒ.എൻ.വി കുറുപ്പ്, സംഗീതം: ജോൺസൺ
6 പ്രമദവനം വീണ്ടും
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള. രചന: കൈതപ്രം, സംഗീതം: രവീന്ദ്രൻ
7 പഴം തമിഴ് പാട്ടിഴയും
ചിത്രം : മണിച്ചിത്രത്താഴ്. രചന: ബിച്ചു തിരുമല, സംഗീതം: എം.ജി. രാധാകൃഷ്ണൻ
8 പിന്നെയും പിന്നെയും
ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗർ
9 ഓലത്തുമ്പത്തിരുന്നൂയലാടും
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ്. രചന: ബിച്ചു തിരുമല, സംഗീതം: ഇളയരാജ
10 മേഘം പൂത്തു തുടങ്ങീ
ചിത്രം: തൂവാനത്തുമ്പികൾ. രചന: ശ്രീകുമാരൻതമ്പി, സംഗീതം: പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്