'ദാസേട്ടൻ തമാശ പറയുമെന്നു കേൾക്കുമ്പോൾ എല്ലാവർക്കും ഞെട്ടലാണ്. പ്രഭച്ചേച്ചിയും ദാസേട്ടനും
നല്ല തമാശ പറയും." കുടുംബസുഹൃത്ത്റാണി മോഹൻദാസ് എഴുതുന്നു
''നാല്പത് വർഷത്തോളമായി ദാസേട്ടനും (യേശുദാസ് ) പ്രഭച്ചേച്ചിയും ഞങ്ങളുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഒരു ഭാഗമാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവർ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ചേർത്ത് പിടിച്ചു. ഒരു അമ്മയിൽ ജനിച്ചില്ലെന്നേ ഉള്ളു. ഒരു അമ്മയുടെ മക്കളെ പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. മോഹൻ ചേട്ടൻ (പ്രമുഖ വ്യവസായി ജി.മോഹൻദാസ് ലേഖികയുടെ ഭർത്താവാണ് )അധികം സംസാരിക്കാത്ത പ്രകൃതമായതുകൊണ്ട് ദാസേട്ടന് ഒരുപാട് ഇഷ്ടമാണ്. രണ്ടുപേരുടെയും സ്വഭാവം ഏകദേശം ഒരേപോലെയാണ്. ഇപ്പോൾ ഞങ്ങളുടെ മക്കളുമായി അതേ ബന്ധം തുടരുന്നു എന്നതിലാണ് ഏറ്റവും വലിയ സന്തോഷം. വെള്ള വസ്ത്രത്തിൽ, താടിയും മുടിയും വെള്ളയായി ഒരു യോഗിയെ പോലെ ദാസേട്ടനെ കണ്ടപ്പോഴും സന്തോഷത്തോടെ ഉൾകൊള്ളാൻ കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ മുഖത്ത് തേജസ് കൂട്ടിയ പോലെ തോന്നി. ദാസേട്ടൻ തമാശകൾ പറയും എന്നൊക്കെ പറയുമ്പോൾ എല്ലാവർക്കും ഒരു ഞെട്ടലാണ്. പ്രഭചേച്ചിയും ദാസേട്ടനും നല്ല തമാശപറയും. എന്നെ എപ്പോഴും ആരോഗ്യപരമായി കളിയാക്കാറുണ്ട്. എന്റെ ഭർത്താവും കുട്ടികളും കൂടി ചേർന്നാൽ അതൊരു ആഘോഷമാക്കും. ദാസേട്ടന്റെ താമശകൾക്ക് പരിസരം മറന്ന് ചിരിച്ചത് ഓർക്കുന്നു. അവർ എപ്പോഴും പ്രിയപ്പെട്ടവർക്കാണ് സമ്മാനങ്ങൾ നൽകാറുള്ളത്. അവരുടെ ആ ലിസ്റ്റിൽ ഞാനുമുണ്ടെന്നത് ഭാഗ്യമായി കരുതുന്നു.
വർഷത്തിലൊരിക്കൽ സമ്മാനം തരും.പിറന്നാളിനോ അല്ലെങ്കിൽ ഓണത്തിനോ എപ്പോഴായാലും സമ്മാനം ഇവിടെ എത്തിയിരിക്കും. പ്രഭച്ചേച്ചിക്ക് ഞാൻ കൂടുതലും സാരിയാണ് സമ്മാനമായി നൽകാറുള്ളത്.
ഞങ്ങളുടെ ഒത്തുകൂടൽ കൂടുതലും ചെന്നൈയിലായിരിക്കും അതുപോലെ ഞങ്ങളൊരുമിച്ച് ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. ദാസേട്ടന്റെ പിറന്നാൾ ദിനത്തിലായിരിക്കും മൂകാംബിക ദർശനം. യാത്രകളിൽ ഒരിക്കലും ദാസേട്ടനെ പാടി കണ്ടിട്ടില്ല. പ്രഭച്ചേച്ചിയും ദാസേട്ടനും സംസാരിക്കുന്നതിൽ കൂടുതലും സംഗീതത്തെക്കുറിച്ചാണ്. പ്രഭച്ചേച്ചി ദാസേട്ടന്റെ നിഴലെന്ന് പറഞ്ഞാൽ ശരിയാവില്ല. അതിനപ്പുറം അവർ രണ്ടു ശരീരവും ഒരു മനസുമാണ്. ഇത്രയും സന്തോഷവതികളായ ദമ്പതികൾ വേറെയുണ്ടാകുമോ എന്നറിയില്ല. ആരും ഇവരുടെ ബന്ധത്തെ കണ്ണുവെക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട്. ദാസേട്ടന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് പ്രഭച്ചേച്ചിയാണ്. പ്രഭാ ...പ്രഭാ ....എന്ന ദാസേട്ടന്റെ വിളിയാണ് ആ വീട്ടിൽ ഏറ്റവും കൂടുതൽ കേൾക്കുന്നത്. ദസേട്ടന് എന്തെങ്കിലും സമർദ്ദത്തിലാണെങ്കിൽ അതും തീർക്കുന്നത് പ്രഭച്ചേച്ചിയുടെ അടുത്താണ്. പ്രഭച്ചേച്ചിക്ക് അത് ശീലമായി. അതിനെയെല്ലാം ചിരിച്ചുകൊണ്ട് പ്രഭച്ചേച്ചി കൈകാര്യം ചെയ്യും.
1980കളിൽ നെടുമങ്ങാടുള്ള ഞങ്ങളുടെ തിയേറ്റർ ഉദ്ഘാടനം ചെയ്യാൻ ദാസേട്ടനാണ് വന്നു.ഗുരുദേവന്റെ കീർത്തനമെല്ലാം ആലപിച്ചാണ് ദാസേട്ടൻ അന്നത് ഉദ്ഘാടനം ചെയ്തത്. അന്നുമുതലുള്ള ബന്ധമാണ് ആ കുടുംബവുമായി. കൊവിഡിന് മുൻപാണ് അവസാനമായി ഒത്തുകൂടിയത്. ഇത്രയും സമയം ഞങ്ങൾ കാണാതിരുന്നിട്ടില്ല. അതിന്റെ മിസ്സിംഗ് രണ്ട് കുടുംബങ്ങൾക്കുമുണ്ട്. ദിവസവും സന്ദേശവും വീഡിയോ കാളുമെല്ലാം ചെയ്യാറുണ്ട്. എന്തെങ്കിലും ടെൻഷൻ വരുമ്പോൾ പ്രഭച്ചേച്ചിയുമായി സംസാരിച്ചാൽ അതിന് പരിഹാരമാകും. തിരിച്ചും അങ്ങനെയെന്ന് ചേച്ചി പറയാറുണ്ട്. ദാസേട്ടന്റെ എല്ലാംവിജയങ്ങളുടെയും ഭാഗമായി എപ്പോഴും പ്രഭച്ചേച്ചി.""