യേശുദാസിനെക്കുറിച്ച് മനോജ് കെ. ജയൻ എഴുതുന്നു
അച്ഛന്റെയും കൊച്ചച്ഛന്റെയും (ജയ വിജയ) അടുത്ത സുഹൃത്തായിരുന്നു ദാസേട്ടൻ. അവരുടെ സംഗീത സംവിധാനത്തിൽ ദാസേട്ടൻ എത്രയോ പാട്ടുകൾ പാടിയിട്ടുണ്ട്. നിറകുടത്തിലെ നക്ഷത്ര ദീപങ്ങൾ തിളങ്ങി, തെരുവ് ഗീതത്തിലെ ഹൃദയം ദേവാലയം, തുടങ്ങിയ നിരവധി നിത്യഹരിത ഗാനങ്ങൾ.
ദാസേട്ടനെക്കൊണ്ട് ആദ്യമായി അയ്യപ്പഭക്തിഗാനം പാടിക്കുന്നത് അച്ഛനും കൊച്ചച്ഛനും ചേർന്നാണ്. ദർശനം പുണ്യദർശനം എന്ന ഗാനം. പിന്നീട് ദാസേട്ടൻ ആയിരക്കണക്കിന് അയ്യപ്പഭക്തി ഗാനങ്ങൾ പാടി.
ദാസേട്ടന്റെ സഹോദരി ജയമ്മയെ അച്ഛൻ സംഗീതം പഠിപ്പിച്ചിട്ടുണ്ട്. എച്ച്.എം.വിയുടെ ഒരു കാസറ്റിന് വേണ്ടി ജയമ്മയെ ആദ്യമായി പാടിച്ചതും അച്ഛനാണ്.പാരമ്പര്യമായി ദാസേട്ടനുമായി ഒരു കുടുംബ ബന്ധമാണ് എനിക്കുള്ളത്. വെറുമൊരു നടൻ , ഗായകൻ എന്നതിനപ്പുറം ഇഴയടുപ്പമുള്ള ബന്ധം.
എന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛനോടൊപ്പം ദാസേട്ടനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
കൊച്ചച്ഛൻ മരിച്ചിട്ട് ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞു. അതിന് ശേഷം അച്ഛൻ ആദ്യമായി ഒറ്റയ്ക്ക് സംഗീത സംവിധാനം നിർവഹിച്ച ആൽബമായിരുന്നു മയിൽപ്പീലി. അതിലെ രാധ തൻ പ്രേമത്തോടാണോ, ചന്ദനച്ചർച്ചിത നീലകളേബരം തുടങ്ങി എസ്. രമേശൻ നായർ എഴുതിയ അതിലെ ഗാനങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. ദാസേട്ടന്റെ തരംഗിണി കാസറ്റിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മയിൽപ്പീലി എന്ന ആൽബം.ദാസേട്ടന് പിന്നണി ഗാനരംഗത്ത് അമ്പതുവർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങിൽ ദാസേട്ടന്റെയും ദക്ഷിണാമൂർത്തി സ്വാമിയുടെയും ഡോ. ബാലമുരളികൃഷ്ണയുടെയും ഇളയരാജയും, എന്റെ അച്ഛനും അർജുനൻ മാഷുമടക്കമുള്ള സംഗീതത്തിലെ കുലപതികളുടെ മുന്നിൽ വച്ച് ദാസേട്ടൻ പാടി ഞാനഭിനയിച്ച തിരനുരയും ചുരുൾ മുടിയിൽ എന്ന അനന്തഭദ്രത്തിലെ ഗാനം പാടാനുള്ള അസുലഭ ഭാഗ്യം എനിക്കുണ്ടായി.
ദാസേട്ടനും പ്രഭച്ചേച്ചിയും വേദിയിൽത്തന്നെയുണ്ടായിരുന്നു. പാടാനെളുപ്പമല്ല ആ പാട്ട്. ഒരു വെല്ലുവിളിപോലെ ഏറ്റെടുത്ത് ഞാൻ പാടിയ ആ പാട്ടിന് ഏറെ അഭിനന്ദനങ്ങൾ കിട്ടി. എസ്.പി. ബിയടക്കമുള്ള ഇന്ത്യയിലെ മികച്ച ഗായകർ പാടിയ ആ വേദിയിൽ പാടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം. മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു സദസ്സിൽ.ദാസേട്ടന്റെ രണ്ടാമത്തെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ അതിഥികളെല്ലാം പിരിഞ്ഞ് പോയതിനുശേഷം നടന്ന സ്വകാര്യമായ പാട്ട് സദസിൽ ദാസേട്ടൻ ``മനോജ് പാട് '' എന്ന് പറഞ്ഞ് എന്റെ തോളത്ത് തട്ടി എന്നെ നിർബന്ധിച്ച് പാടിച്ചു. ദാസേട്ടൻ തന്നെയാണ് എനിക്ക് മൈക്ക് എടുത്ത് തന്നതും. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു നിമിഷമായിരുന്നു അത്.സാധാരണ നടന്മാർ സിനിമയിലേക്ക് വരുന്നത് ഏറ്റവും നല്ല കഥാപാത്രങ്ങൾ കിട്ടണമെന്ന മോഹവുമായാണ്. ഏറ്റവും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിനൊപ്പം ഏറ്റവും നല്ല പാട്ടുകൾ പാടി അഭിനയിക്കണമെന്നായിരുന്നു എന്റെ മോഹം. അത് ദാസേട്ടന്റെ പാട്ടുകളാണെങ്കിൽ കൂടുതൽ സന്തോഷം.
സർഗത്തിൽ വിനീതിനായിരുന്നു എല്ലാ പാട്ടും. അതിലെനിക്ക് അവനോട് സ്നേഹത്തോടെയുള്ള അസൂയയുണ്ടായിരുന്നു.
എത്ര നല്ല പാട്ടുകളാണ് എല്ലാം അവന്... പക്ഷേ എന്ത് ചെയ്യാനാണ്! സർഗത്തിലെ എന്റെ കഥാപാത്രം അങ്ങനെയായിപ്പോയില്ലേ!
അടുത്തവർഷം മുതൽ ആഗ്രഹിച്ചത് പോലെ ദാസേട്ടന്റെ എത്രയെത്ര ഗാനങ്ങൾ പാടാൻ എനിക്ക് ഭാഗ്യം ലഭിച്ചു. കുടുംബ സമേതം, സോപാനം.വെറും സിനിമാപ്പാട്ടുകൾ മാത്രമല്ല ദാസേട്ടന്റെ അമൂല്യമായ കീർത്തനങ്ങളും എനിക്ക് പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. സോപാനത്തിൽ ക്ഷീരസാഗര ശയനാ, സരോജദളനേത്രീ, ഹിമഗിരി പുത്രി, പാവനഗുരു തുടങ്ങി ദാസേട്ടൻ സംഗീതക്കച്ചേരികളിൽ അതിഗംഭീരമായി പാടുന്ന എത്രയോ കീർത്തനങ്ങൾ ഞാൻ പാടി അഭിനയിച്ചു.
ദാസേട്ടൻ കോട്ടയത്ത് ഞങ്ങളുടെ വീട്ടിൽ വന്നതൊക്കെ എനിക്ക് നല്ല ഒാർമ്മയുണ്ട്. മകൻ വിജയ് അഭിനയ രംഗത്തേക്ക് വരുന്നതിൽ അദ്ദേഹത്തിനുള്ള താത്പര്യക്കുറവൊക്കെ അന്ന് സൂചിപ്പിച്ചിരുന്നു.ഒരു പരിപൂർണ ഗായകന് വേണ്ട എല്ലാ ചിട്ടകളും നിഷ്ഠകളും പുലർത്തുന്നയാളാണ് ദാസേട്ടൻ. വെയില് കൊള്ളില്ല , വിയർക്കില്ല, തണുത്തതൊന്നും കഴിക്കില്ല, പുക വലിക്കില്ല. അങ്ങനെ സ്വർണം പോലെ കാക്കുന്ന സ്വരമാണ് അദ്ദേഹത്തിന്റേത്. അത്രയും നിഷ്ഠകളുള്ള ആളായത് കൊണ്ടാവാം മകന് അഭിനയം വേണ്ടെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായത്.
ദാസേട്ടൻ ആലാപന രംഗത്ത് അറുപതാം വർഷം ആഘോഷിക്കുമ്പോൾ എനിക്കോർമ്മ വരുന്നത് അദ്ദേഹം അമ്പതാം വർഷത്തിൽ പാടിയ മല്ലുസിംഗിലെ പാട്ടിൽ അഭിനയിക്കാൻ സാധിച്ചതാണ്.ശ്രേയാ ഘോഷാൽ പാടിയ ആ പാട്ടിലെ കുറച്ച് വരികൾ ദാസേട്ടനും പാടുന്നുണ്ട്.'ആദ്യമായി പാടിയതിന്റെ അമ്പതാം വാർഷിക ദിനത്തിൽ ദാസേട്ടൻ നമ്മുടെ സിനിമയ്ക്ക് വേണ്ടി പാടിയതാണ് ഇൗ പാട്ട്."" ചം ചം ചമക്ക് ചം ചം... എന്ന ആ ഗാനം ചിത്രീകരിക്കുന്നതിന് മുൻപ് സംവിധായകൻ വൈശാഖ് സെറ്റിൽ അനൗൺസ് ചെയ്തു.'' വേറെയാർക്കും ഇൗ മഹാഭാഗ്യം കിട്ടിയിട്ടില്ല. നമ്മുടെ സിനിമയ്ക്കാണ് ഇൗ ഭാഗ്യം ലഭിച്ചിരിക്കുന്നത്.""
ദാസേട്ടന്റെ അമ്പതാം വർഷത്തിലെ ആലാപനത്തിൽ എനിക്കുമൊരു ഭാഗമാകാൻ പറ്റിയത് വലിയൊരു ഭാഗ്യമായി ഞാൻ ഇന്നും മനസിൽ സൂക്ഷിക്കുന്നുണ്ട്.