മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയവിശേഷത്തിൽ ജയസൂര്യ
സ്വപ്നം കാണുക, ആ സ്വപ്നത്തിലേക്ക് ഉയരുന്ന കയ്യടികളുടെ പശ്ചാത്തലത്തിൽ തലയുയർത്തിപ്പിടിച്ച് പുഞ്ചിരിയോടെ നടന്നടുക്കുക. ഒരു സ്വപ്നവും ആത്മവിശ്വാസം കൊണ്ടുമാത്രം സഫലമാകില്ല. അസാദ്ധ്യ മനസും ഉരകല്ലിലെന്ന പോലെ സ്വയം തേച്ചുമിനുക്കിയെടുക്കാനുള്ള ക്ഷമയും സമർപ്പണവുമുണ്ടെങ്കിലേ ആ യാത്ര പൂർണമാകുള്ളൂ. ജയസൂര്യ എന്ന നടൻ നടനാകുന്നത് ഇങ്ങനെ സ്വയം നിരീക്ഷിച്ചും പരിസരങ്ങളിലേക്ക് കണ്ണും മനസും പകർത്തിവച്ചും സൂക്ഷ്മമായി ഓരോ കുഞ്ഞുകാഴ്ചകളും ഒപ്പിയെടുത്തുമാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും ആ കൈകളിലെത്തുമ്പോൾ ഒരു അത്ഭുതവും ബാക്കിയാകുന്നില്ല. കാരണം അർഹതയ്ക്കുള്ളതാണ് ആ പുരസ്കാരം. സിനിമയെ സ്വപ്നം കണ്ട്, സിനിമയിൽ അവിഭാജ്യഘടകമായ ജയസൂര്യയ്ക്ക് പറയാനുള്ളത്.
അവാർഡിനായി കടുത്ത മത്സരമായിരുന്നല്ലോ. പ്രതീക്ഷിച്ചിരുന്നോ കിട്ടുമെന്ന്?
'വെള്ളം " സിനിമയിൽ അഭിനയിച്ചത സം സ്ഥാന അവാർഡ് കിട്ടും എന്ന് കരുതിയല്ല. മുരളിയുടെ ജീവിതത്തിന്റെ യാത്രയായിരുന്നു ആ സിനിമ. സിനിമ ഇറങ്ങിക്കഴിഞ്ഞാണ് അവാർഡിനൊക്കെ പോകുന്നത്. മുരളി എന്നയാൾ, അയാളുടെ തെറ്റുകൾ തിരിച്ചറിയുന്നതാണ് സിനിമ. അതിൽ ജീവിതത്തോടാണ് അയാളുടെ മത്സരമുണ്ടായത്. അഭിനയിക്കുമ്പോൾ അതാണ് ചെയ്തത്. അതിന്റെ റിസൾട്ടിനെ കുറിച്ച് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ, സിനിമ കണ്ടതിന് ശേഷം 'നന്നായിട്ടുണ്ട്, ഇതിൽ ഒരു അവാർഡ് പ്രതീക്ഷിക്കാം" എന്ന് എല്ലാവരും പറഞ്ഞപ്പോൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രതീക്ഷയില്ലായിരുന്നു. കിട്ടിയാൽ കിട്ടി. അത്രേയുള്ളൂ. ഒരുപാട് പ്രതീക്ഷ വച്ച് കിട്ടിയില്ലെങ്കിൽ ഭയങ്കര നിരാശയായിപ്പോകും. പണ്ട് അവാർഡ് ഉണ്ട്, ഉണ്ടാകും എന്നൊക്കെ അവസാന നിമിഷം വരെ കേട്ടിട്ട് കിട്ടാതായിട്ടുണ്ട്. അന്ന് നിരാശപ്പെട്ടിട്ടുണ്ട്. പിന്നെ ഞാൻ വിചാരിച്ചു. അതിന്റെ ആവശ്യമില്ല. ഒരു അവാർഡല്ലല്ലോ എന്റെ എല്ലാ സന്തോഷവും പിന്നീടുള്ള ജീവിതവും. അത് ആ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ്. അതിനെ ഞാൻ ബഹുമാനത്തോടെ കാണുന്നു. അത് കിട്ടിയെന്ന് കരുതിയിട്ട് എന്നിൽ വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല. എന്റെ വ്യക്തിത്വത്തിന് മാറ്റം വരുന്നില്ല. മത്സരം കടുത്തതാണെന്ന് കമ്മിറ്റി പറഞ്ഞിരുന്നു. കൂടെ മത്സരത്തിനുണ്ടായ എല്ലാവരും ബ്രില്ല്യന്റ് ആക്ടേഴ്സ് ആണ്. അവാർഡ് ആർക്ക് കിട്ടിയാലും ഞാൻ ഒ.കെ ആണ്. എനിക്ക് കിട്ടിയതിൽ സന്തോഷമുണ്ട്.
മുരളിക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെന്തൊക്കെയായിരുന്നു?
ഒരുപാട് പേർ ചോദിച്ചിരുന്നു മദ്യപിച്ചാണോ അഭിനയിച്ചതെന്ന്. ഞാൻ അങ്ങനെ മദ്യപിക്കുന്ന ഒരാളല്ല. മുരളിയെ അറിയുക എന്നതിനപ്പുറത്തേക്ക് ഒരു തയ്യാറെടുപ്പില്ല. കഥാപാത്രത്തെ അറിയുന്നതിനേക്കാൾ ഉപരി ഒരു തയ്യാറെടുപ്പും നടത്താൻ എനിക്ക് അറിയില്ല എന്നതാണ് സത്യം.
മലയാള സിനിമയിൽ കഥാപാത്രമാകാൻ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള നടനാണ് ജയസൂര്യ എന്നാണ് പറച്ചിൽ. എന്നുമുതലാണ് അങ്ങനെ മാറേണ്ടതുണ്ടെന്ന് തോന്നിയത്?
കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥാപാത്രങ്ങളെ കുറിച്ച് അങ്ങനെ ചിന്തിച്ചു തുടങ്ങിയത്. അതിന് മുമ്പ് ഡയലോഗ് തരുന്നു, പറയുന്നു എന്നുമാത്രം. കഥാപാത്രം സ്ട്രോംഗ് ആയതുകൊണ്ട് സ്വപ്നക്കൂട്, ക്ലാസ്മേറ്റ്സ് ഒക്കെ ആളുകൾ വിശ്വസിച്ചിട്ടുണ്ട്. ഒരുപക്ഷേ എന്റെ ഉള്ളിൽ അക്കാലത്തേ മാറ്റം സംഭവിച്ചിട്ടുണ്ടാകാം. കുറച്ചൂടെ ഇന്റൻസ് ആയിട്ട് എനിക്ക് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നുപോകുമ്പോൾ എക്സ്പീരിയൻസിലൂടെ ആർജ്ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നത് പോലെ. ചെയ്തു കൊണ്ടിരിക്കുമ്പോൾ നമുക്ക് മനസ്സിലാകും ചെയ്യുന്നതിൽ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്. ഒരു കഥ പറയുമ്പോൾ ആ കഥാപാത്രത്തിന്റെ രൂപം ഉള്ളിൽ തെളിഞ്ഞുവരാറുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. പ്രേതം എന്ന സിനിമയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അതിൽ മൊട്ടയടിച്ചിരുന്നു. സംവിധായകനോ കുടുംബമോ ഒന്നും സമ്മതിച്ചിരുന്നില്ല മൊട്ടയടിക്കാൻ. പക്ഷേ, എനിക്ക് അങ്ങനെ അല്ലാതെ അയാളെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അയാൾ എന്റെ മനസ്സിൽ തെളിഞ്ഞ രൂപമാണ്. ഷാജി പാപ്പനാണെങ്കിലും അങ്കൂർ റാവുത്തറാണെങ്കിലുമെല്ലാം മേരിക്കുട്ടി ആണെങ്കിലുമെല്ലാം മനസ്സിൽ രൂപം തെളിഞ്ഞിരുന്നു. അത്തരം സജഷൻസ് പറയാറുണ്ട്. പിന്നെ, സംവിധായകനോട് സംസാരിക്കുമ്പോൾ കഥാപാത്രത്തെക്കുറിച്ച് ഐഡിയ കിട്ടുമല്ലോ. പിന്നെ, ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കുക എന്നുമാത്രമേയുള്ളൂ.
വെള്ളത്തിലെയും സണ്ണിയിലെയും കഥാപാത്രങ്ങൾ പരാജിതരായവരിൽ നിന്ന് തിരികെ വരുന്നവരാണ്. ആ സാമ്യത ശ്രദ്ധയിൽപ്പെട്ടിരുന്നോ?
ഇല്ല. മലയാള സിനിമയിൽ ഇന്നോളം സംഭവിച്ചിട്ടുള്ളത് കഥ തുടങ്ങുന്നു, നായകനൊരു പ്രശ്നം വരുന്നു, പ്രശ്ന പരിഹാരം കാണുന്നു. അങ്ങനെയേ അതിന്റെ ഗ്രാഫ് പോകൂ. പ്രശ്നങ്ങളെ തരണം ചെയ്യുന്നവനാണല്ലോ നായകൻ. അത് റിയൽ ലൈഫിലും റീൽ ലൈഫിലും അങ്ങനെ തന്നെയാണ്. സുസു സുധിവാത്മീകവും മേരിക്കുട്ടിയുമെല്ലാം അങ്ങനെ തന്നെയാണ്. ഒരു കഥ എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം.
സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങളെ തരണം ചെയ്ത നായകനാണോ?
ഇരുപത് വർഷമായി സിനിമയിൽ. ദൈവാനുഗ്രഹത്താൽ എനിക്ക് സിനിമയില്ലാത്ത ഒരു വർഷം ഉണ്ടായിട്ടില്ല. ഒരു വർഷം മനപൂർവ്വം ബ്രേക്ക് എടുത്തിരുന്നു. നല്ല കഥാപാത്രം ചെയ്താൽ മതിയെന്ന് പറഞ്ഞിട്ട്. അതുകൊണ്ട് സിനിമാജീവിതത്തിൽ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടില്ല. സിനിമയ്ക്ക് മുമ്പുള്ള ജീവിതത്തിൽ സംഭവിച്ചതൊന്നും പരാജയങ്ങളായി കാണുന്നില്ല. എന്ത് എന്റെ ജീവിതത്തിൽ സംഭവിച്ചാലും എല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണിഷ്ടം. അതിൽ നിന്ന് എന്തോ പുതിയത് ജീവിതത്തിൽ സംഭവിക്കാനിരിക്കുന്നുവെന്നാണ് കാണുന്നത്. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കണം. പോസിറ്റീവായി മാത്രം അതിനെ കണ്ടാൽ പിന്നെ ജീവിതത്തിൽ പോസറ്റീവ് ആറ്റിറ്ര്യൂഡ് നമുക്ക് വരും. പിന്നെ ചെയ്യുന്നതെല്ലാം പോസിറ്റീവായി മാത്രം ചെയ്യാനാവും. അതേസമയം, നെഗറ്റീവായി കണ്ട്, അതിനെ മനനം ചെയ്ത് വൃത്തികേടാക്കിയതിന് ശേഷം അടുത്തൊരു കാര്യം ചെയ്താൽ നല്ല റിസൾട്ടുണ്ടാവില്ല. ആ നെഗറ്റീവ് എനർജി വച്ചല്ലേ ചെയ്യുന്നത്. ഒരു കാര്യത്തെ ഒരാൾ ഹാൻഡിൽ ചെയ്യുന്നതിന് അനുസരിച്ച് റിസൾട്ട് പ്രകൃതി തരും. ആരെയും ഉപദ്രവിക്കാറില്ല, ആരെക്കുറിച്ചും മോശം പറയാറില്ല, ചിന്തിക്കാറുമില്ല.
വെള്ളത്തിൽ'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് "എന്ന് മുരളിയോട് ഡോക്ടർ പറയുന്നുണ്ട്. ആ ഒരു ചിന്തയിലൂടെ സിനിമാജീവിതത്തിൽ എപ്പോഴെങ്കിലും കടന്നുപോകേണ്ടി വന്നിട്ടുണ്ടോ?
ഓരോരുത്തരും ജീവിതത്തെ കാണുന്നത് ഓരോ രീതിയിലാണ്. വീണു കഴിഞ്ഞാൽ ഉടനെ എഴുന്നേൽക്കുന്ന ആളാണ്. അല്ലാതെ അയ്യോ വീണല്ലോ എന്ന് വിചാരിച്ച് അവിടെ തന്നെ കിടക്കാറില്ല. പിന്നെ, പറഞ്ഞല്ലോ എല്ലാ കാര്യങ്ങളെയും പോസറ്റീവ് ആയി കാണാൻ ശ്രമിക്കാറുണ്ട്. ഒരാൾ ചിലപ്പോൾ നമ്മളെ ചതിച്ചിട്ടുണ്ടാകാം. പക്ഷേ, അത് മനസ്സിൽ വച്ചു പെരുമാറില്ല. അതേസമയം, അയാളെ മനസിലാക്കി പെരുമാറും. അയാൾ ചെയ്തത് ഒരിക്കലും അയാളോടെന്നല്ല ആരോടും ചെയ്യില്ല. അങ്ങനെ ചെയ്താൽ അയാളും ഞാനും തമ്മിൽ എന്താണ് വ്യത്യാസം? ദൈവം ചില ക്വാളിറ്റി തന്നിട്ടുണ്ട്. അത് വേറൊരാൾ കാരണം നഷ്ടപ്പെടുത്തരുത്. കയ്യിൽ വലിയ പൈസയോ കാര്യങ്ങളോ എന്റെ ചെറുപ്പത്തിൽ എനിക്കുണ്ടായിരുന്നില്ല. പക്ഷേ, ബേസിക്കലി ഞാനിങ്ങനെ തന്നെയായിരുന്നു. പതിനാറാം വയസ്സ് മുതൽ പലകാര്യങ്ങളിലായി ബിസിയാണ്. അന്നേ മിമിക്രി ആർട്ടിസ്റ്റാണ്, ഡബ്ബിംഗുണ്ട്. അപ്പോൾ എനിക്ക് ഒന്നിനെക്കുറിച്ചും ടെൻഷനടിക്കാൻ സമയമുണ്ടായിരുന്നില്ല. എന്റെ ജീവിതം വച്ചുമാത്രമേ എനിക്ക് ഇങ്ങനെ സംസാരിക്കാനാകൂ. നാളെ എല്ലാം നഷ്ടപ്പെട്ടാൽ ഞാൻ ചിലപ്പോൾ വേറെ രീതിയിൽ ചിന്തിച്ചേക്കാം.
ഏതെങ്കിലും നടന്റെ ഫാനാണോ?
ഞാനെല്ലാവരുടെയും ഫാനാണ്. തമിഴിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം എന്തുമാത്രം നടന്മാരുണ്ട്. പുതിയ നടന്മാർ വന്നാൽ പോലും ശ്രദ്ധിക്കാറുണ്ട്. ഓരോ സിനിമയിലും അവർ ചെയ്യുന്ന ചില കാര്യങ്ങളുണ്ടാകും. ആ മൊമന്റിനെ നമ്മൾ ഇഷ്ടപ്പെടുന്നുണ്ടാകും. ആ വ്യക്തിയുടെ ഫാനാണോ എന്നുചോദിച്ചാൽ ആയിരിക്കില്ല. ആ മൊമന്റിനെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. ആ വ്യക്തിയുടെ ടാലന്റിനെയാണ് ഇഷ്ടപ്പെടുന്നത്.
ആൾക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്ന ജയസൂര്യയുടെ പഴയ ചിത്രം സോഷ്യൽമീഡിയയിൽ ഹിറ്റാണ്. ഇപ്പോൾ ആൾക്കൂട്ടം ചുറ്റിനും നിൽക്കുന്നു. വന്ന വഴി തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു?
ഇരുപത് വർഷമായല്ലോ സിനിമയിൽ വന്നിട്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. എക്സ്പീരിയൻസ് എന്ന് പറയുന്നത് ഒരാളുടെ ഏറ്റവും വലിയ ശത്രുവും കൂടിയാണെന്ന് പറയും. "ഡാ ഇത് കുറേ കണ്ടിട്ടുണ്ട്. ഞാനിത്രയും വർഷമായി" എന്ന് ചിലർ പറയും. പക്ഷേ, 30 വർഷം വണ്ടിയോടിച്ചാലും ഒരു നിമിഷത്തെ അശ്രദ്ധ മതി വണ്ടിയിടിക്കാൻ. 20 വർഷമായല്ലോ എന്ന് വിചാരിച്ച് അടുത്ത ഷോട്ടിൽ ഉഴപ്പി അഭിനയിച്ചാൽ, ഞാൻ ഉഴപ്പനായി. ഞാനും പുറകിലൂടെ നടക്കുന്ന ജൂനിയർ ആക്ടറും ഒരു സിനിമ ചെയ്യുന്നത് ആദ്യമായിട്ടാണ് എന്ന് കരുതുന്നയാളാണ്. ഇപ്പോൾ ചെയ്യുന്ന ജോൺ ലൂഥർ എന്ന സിനിമ മുമ്പ് ചെയ്തിട്ടില്ല. 100 സിനിമ ചെയ്താലും ഇതു മുമ്പ് ചെയ്യാത്തതു കൊണ്ട് എന്റെ ആദ്യത്തെ പടമാണ്. അവിടെ ആദ്യം ചെയ്ത 100 സിനിമയും മനസ്സിലില്ല. സംഭവിച്ചിട്ടുള്ള പരിണാമം എന്നത് ക്യാമറയെ ഭയമില്ല എന്നതാണ്. ചുറ്റിലുമുള്ള ആളുകളെ അറിയാം, കാഴ്ചപ്പാട് കുറച്ച് മാറിയിട്ടുണ്ട് എന്നതൊക്കെയാണ്. പണ്ട് കുറേ സെറ്റിൽ പോയതൊക്കെ ഓർമ്മകളിലുണ്ട്. അതുകൊണ്ടു തന്നെ ഒരു ജൂനിയർ ആക്ടർ ലൊക്കേഷനിലേക്ക് വന്നാൽ അവന്റെ കണ്ണിലെ ഭാവവും നിൽപ്പും ഹൃദയത്തിലോടുന്ന ചിന്ത വരെ എനിക്ക് മനസ്സിലാകും. കാരണം അങ്ങനെ ഒരുപാട് തവണ പോയിട്ടുണ്ട്. ആ വരുന്ന വ്യക്തിക്ക് എത്രമാത്രം ഇന്റൻസിറ്റി ഉണ്ടെന്നത് അനുസരിച്ചിരിക്കും അവൻ രക്ഷപ്പെടുന്ന കാര്യം. ഒരുപാട് ലൊക്കേഷനിൽ പോയിട്ടുണ്ടെങ്കിലും ഒരു താരത്തിന്റെ ഒപ്പം നിന്നും ഫോട്ടോ എടുത്തിട്ടില്ല. അതൊന്നും ത്രസിപ്പിച്ചിട്ടില്ല. അഭിനയിക്കണമെന്നേ അന്നും ആഗ്രഹിച്ചിട്ടുള്ളൂ. എന്താ അങ്ങനെ ആഗ്രഹിച്ചത് എന്ന് ചോദിച്ചാൽ ഇന്നും അറിയില്ല.
ജൂനിയേഴ്സിനോട് പറയാൻ ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടോ?
സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യമുണ്ട്. കാണാൻ ഭംഗിയുണ്ടെന്ന് കരുതി സിനിമയിലേക്ക് വരുന്ന ഒരുപാട് പേരുണ്ട്. 'നിന്നെ കാണാൻ ഭംഗിയുണ്ടല്ലോ, സിനിമയിൽ അഭിനയിച്ചൂടെ" എന്ന് മറ്റുള്ളവർ ചോദിക്കുന്ന കേട്ട് കേട്ട് അവർക്ക് തോന്നും ശരിയാണല്ലോ എന്ന്. അവരെങ്ങനെ വിജയിക്കുമെന്ന് എനിക്ക് അറിയില്ല. അവിടെ ടാലന്റ് അല്ല, സൗന്ദര്യമാണ് അവർ നോക്കുന്നത്. സിനിമയിൽ സൗന്ദര്യമല്ല, ടാലന്റാണ് പ്രധാനം. സിനിമാനടനായാൽ സാമ്പത്തികം രക്ഷപ്പെടുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെ ചാൻസ് ചോദിക്കുന്നവരുണ്ട്. എന്നാൽ, അതിന് പറ്റുന്ന സ്ഥലമല്ലയിത്. ഓരോ ജോലിക്കും ഒരു എലിജിബിലിറ്റി ഇല്ലേ? ബാങ്കിലെ ജോലിക്ക്, ഡോക്ടറാവാൻ. അതുപോലെ ആർക്കും പോയി ആക്ടറും ആവാൻ പറ്റില്ല. അഭിനയം അത്ര സിംപിളല്ല.
തിരക്കുള്ള സിനിമാജീവിതം. നല്ല ഫാമിലി മാൻ. രണ്ടും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു?
എന്റെ കുടുംബമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. കുടുംബത്തിലുള്ളവരാണ് അടുത്ത സുഹൃത്തുക്കൾ. ഞാനേറ്റവും ഈ ലോകത്ത് റെസ്പെക്ട് ചെയ്യുന്നത് സ്ത്രീകളെയാണ്. വീട്ടിൽ ഭാര്യ ഉള്ളതു കൊണ്ടായിരിക്കും മറ്റുള്ള സ്ത്രീകളോട് ഈ റെസ്പെക്ട് തോന്നാനുള്ള കാരണം. അവർ വീട് നോക്കുന്നു. വീട്ടിലെ കാര്യങ്ങൾ, മക്കളുടെ കാര്യം, രക്ഷിതാക്കളുടെ കാര്യം, ഭർത്താവിന്റെ കാര്യം അങ്ങനെ എന്തെല്ലാം ചെയ്യുന്നു. അതൊക്കെ വച്ചുനോക്കുമ്പോൾ ഞാനൊന്നും ചെയ്യുന്നില്ല. പക്ഷേ, ഓരോ സിനിമ കഴിയുമ്പോഴും കുറച്ചു ദിവസം വീട്ടിലിരുന്ന്, വീട്ടുകാരുടെ കൂടെ യാത്രയൊക്കെ ചെയ്തിട്ടേ അടുത്ത സിനിമ ചെയ്യൂ. നമ്മളെന്തിന് വേണ്ടിയാണ് ഓടുന്നത്? മക്കൾക്ക് വേണ്ടിയാണെങ്കിൽ അവരുടെ കയ്യും പിടിച്ചു വേണം ഓടാൻ. അല്ലാതെ ഓടിയിട്ട് കാര്യമില്ല.
ജയസൂര്യയുടെ നല്ല സിനിമകൾ ചർച്ച ചെയ്യുമ്പോൾ ചില കൂട്ടുകെട്ടുകൾഅതിൽ കാണാറുണ്ട്. സിനിമകൾ വിജയിക്കുന്നതിന് പിന്നിലെ ഫോർമുല ആ കൂട്ടുകെട്ടാണോ?
ഞാൻ കൂടുതൽ സിനിമകൾ ചെയ്തത് രഞ്ജിത്ത് ശങ്കറിന്റെയും പ്രജേഷിന്റെയും കൂടെയാണ്. ഇടയ്ക്ക് അനൂപുമൊത്തുള്ള സിനിമകളുണ്ടായിരുന്നു. സൗഹൃദങ്ങളിലൂടെയേ സിനിമകൾ സംഭവിക്കുകയുള്ളൂ. യുണീക്ക് ആയ തോട്ടുകൾ സംവിധായകനോ എഴുത്തുകാരനോ കൊണ്ടുവരികയും നടൻ അതിന് യോജിക്കുന്ന ആളാവുകയും ചെയ്യുമ്പോഴാണ് നല്ല സിനിമകൾ സംഭവിക്കുക. ഈ തോട്ട് വർക്ക്ഔട്ട് ആകാതിരിക്കുകയും ഈ കോമ്പിനേഷനിൽ വിശ്വാസം കുറയുകയും ചെയ്യുമ്പോൾ ആ കോമ്പിനേഷൻ സിനിമകൾ കുറയാറുണ്ട്. പക്ഷേ, സൗഹൃദം അപ്പോഴുമുണ്ടാകും. കൂട്ടുകെട്ടിൽ സിനിമകൾ ചെയ്യാൻ അവസരം വരികയെന്നത് ഭാഗ്യമാണ്. ഒരുപടത്തിന് എത്രദിവസം അവരുടെ കൂടെ ഒന്നിച്ചുണ്ടാവണം. അത്രയ്ക്ക് മാനസിക ഐക്യം ഉണ്ടായാലേ തുടർന്നും സിനിമകൾ സംഭവിക്കൂ. അതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇതെന്റെ ജീവിതത്തിൽ സംഭവിക്കാതിരുന്നെങ്കിൽ എന്ന് കരുതിയ എന്തെങ്കിലും കരിയറിൽ ഉണ്ടായിട്ടുണ്ടോ?
പലതും ഉണ്ടായിട്ടുണ്ട്. പക്ഷേ, പിന്നീട് ആലോചിക്കുമ്പോൾ അത് അവിടെ വരണമായിരുന്നു. അതുകൊണ്ടാണ് പിന്നീട് വേറെ അബദ്ധങ്ങളിൽ ചാടാതിരുന്നതും കുറേ കാര്യങ്ങളിൽ ട്വിസ്റ്റ് വന്നതും. പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളതും. സംഭവങ്ങൾ തുറന്നുപറയാൻ പറ്റില്ല. അത് പലരെയും വേദനിപ്പിക്കും. അതെനിക്കിഷ്ടമല്ല.
പുതിയ ചിത്രങ്ങൾ?
നാദിർഷാക്കയുടെ ഈശോ എന്ന ചിത്രം. അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റം ഉണ്ടാക്കുന്ന ചിത്രമാണത്. പ്രജേഷ് സെന്നിന്റെ മഞ്ജുവാര്യരുമൊത്ത് ഒന്നിക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രം. ഇതുരണ്ടും ഷൂട്ടിംഗ് കഴിഞ്ഞു. പുതിയ സംവിധായകൻ അഭിജിത്ത് ജോസഫിന്റെ ജോൺ ലൂഥറിന്റെ ഷൂട്ടിംഗിനായി വാഗമണ്ണിലാണ് ഇപ്പോൾ. അതു കഴിഞ്ഞാൽ മറ്റൊരു പുതുമുഖ സംവിധായകൻ ഗോഡ്ഫിയുടെ, ഞാനും ചാക്കോച്ചനും ഒന്നിക്കുന്ന ചിത്രം.
പുതിയ സിനിമ എടുക്കുമ്പോൾ എന്തൊക്കെയാണ് നോക്കുന്നത്?
കഥ പറയുമ്പോൾ കഥാപാത്രം നല്ലതായതു കൊണ്ട് കാര്യമില്ല. ഒരുപാട് നല്ല കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ, കഥാപാത്രം കൊള്ളില്ല. കഥയും കഥാപാത്രവും നല്ലതാണെങ്കിലേ സിനിമ ചെയ്യാറുള്ളൂ. ചിലപ്പോൾ നല്ല കഥാപാത്രം വരും, കഥയിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം. കഥാപാത്രത്തിന്റെ റൂട്ട് ചിലപ്പോൾ ശരിയായിട്ടുണ്ടാകില്ല. അതിരുന്ന് നമ്മൾ ശരിയാക്കും. കൂട്ടായ ചർച്ചകളിൽ നടക്കുന്ന കാര്യങ്ങളാണ് അതൊക്കെ.
തിരക്കഥയിൽതാരം ഇടപെട്ടു എന്ന പ്രശ്നം വരില്ലേ അപ്പോൾ?
അതൊക്കെ പണ്ട് പറയുന്ന കാര്യങ്ങളല്ലേ? സ്ക്രിപ്റ്റിൽ നായകൻ ഇടപെടണം. ആ ഉത്തരവാദിത്തം അവനുണ്ടാകണം. ഇല്ലെങ്കിൽ അവൻ ആ സിനിമ ചെയ്യരുത്. സിനിമ ഒരാളുടേതല്ല. സംവിധായകന്റെ, എഴുത്തുകാരന്റെ എന്നിങ്ങനെ ഒരാൾക്ക് മാത്രം അവകാശപ്പെടാനാവില്ല. ഒരു സിനിമയിൽ വർക്ക് ചെയ്യുന്ന എല്ലാവരുടെയുമാണ് സിനിമ. അങ്ങനെ വന്നാൽ മാത്രമേ നല്ല ചർച്ചയിലൂടെ പുതിയ തോട്ട്സ് വരികയുള്ളൂ. അങ്ങനെ സജഷൻസ് പറയാനുള്ള അവസരം എല്ലാവർക്കും കൊടുക്കണം. ഞാൻ പറയുന്ന പോലെ ചെയ്യണം എന്ന് ഒരാൾ പറയുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല. അത് ചിന്തിക്കാൻ പോലുമാവില്ല. കാമറമാൻ, ഫോക്കസ്പുള്ളർ, എഡിറ്റർ, ലൈറ്റ്മാൻ അങ്ങനെ എന്തൊക്കെ ജോലികളുണ്ട്. അതിൽ സംവിധായകന് അറിയാവുന്നത് ചിലപ്പോൾ 5 ശതമാനം ജോലിയായിരിക്കും. ബാക്കി 95 ശതമാനം ജോലികളും ചെയ്യാൻ മറ്റുള്ളവർ വേണ്ടേ? അതിനെ തീർച്ചയായും ബഹുമാനിക്കണം.
ഇന്ത്യൻ സിനിമയിലെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ ചിത്രമാകാനൊരുങ്ങുന്ന കത്തനാറിനെ കുറിച്ച്?
മങ്കിപ്പെൻ എന്ന സിനിമയിലൂടെ വന്ന റോജിൻ തോമസിന്റെ നാലാമത്തെ ചിത്രമാണ് കത്തനാർ. പുതിയ എഴുത്തുകാരനായ ആർ.രാമാനന്ദിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം. സിനിമയിലും സീരിയലിലും മുമ്പ് വന്ന കത്തനാർ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയവ തന്നെയാണ്. പക്ഷേ, കത്തനാർ എവിടെ നിന്നു വന്നു, എപ്പോൾ എന്നൊക്കെ പറയുന്ന കത്തനാരിന്റെ ചരിത്രം പോലെയാണ് ഈ സിനിമ. 9ാം നൂറ്രാണ്ടൊക്കെയാണ് കാണിക്കുന്നത്. അത്രയേറെ റിസേർച്ച് ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. എട്ടുവർഷത്തെ റിസേർച്ച് ഇതിനായി രാമാനന്ദ് എടുത്തിട്ടുണ്ട്. ഗോകുലം പോലുള്ള പ്രൊഡക്ഷൻ കമ്പനി വന്നതാണ് ഞങ്ങളുടെ ഭാഗ്യം. 75 കോടിയിൽ നിർമ്മിക്കുന്ന ചിത്രമാണ്. എന്നെ സംബന്ധിച്ച് ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയാണ്. മലയാളത്തിൽ നിന്ന് 9 ഭാഷകളിലേക്ക് പോകുന്ന ചിത്രമാണിത്. ഇത്തരത്തിൽ പാൻ ഇന്ത്യയിലേക്ക് പോകുന്ന ചിത്രങ്ങൾ ഇനിയും മലയാളത്തിൽ സംഭവിക്കും. അതിന്റെ തുടക്കമാണ് കത്തനാർ. അതിന്റെ ഭാഗമാകാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ഒ.ടി.ടിയിൽ റിലീസാകുന്ന ആദ്യ മലയാളചിത്രം സൂഫിയും സുജാതയും തുടങ്ങി കത്തനാർ വരെ മലയാള സിനിമയുടെ പല മാറ്റങ്ങളിലും ഭാഗമാകാൻ കഴിയുന്നു എന്നത് നിയോഗമാണ്.
സംവിധാനമോഹം ഉള്ളിലുണ്ടോ?
അറിയില്ല. ചിലപ്പോൾ ഉള്ളിലുണ്ടാകാം. പക്ഷേ, അതിനെക്കുറിച്ച് ചിന്തിക്കാനൊന്നും സമയമില്ലല്ലോ. തുടർച്ചയായി സിനിമകൾ ചെയ്യുകയല്ലേ. ഒരു സിനിമ എടുക്കുമ്പോൾ ഷോട്ട് എങ്ങനെ എടുക്കണമെന്നൊക്കെയുള്ള സെൻസ് ഉണ്ട്. സീൻ തന്നാൽ ഷോട്ട് ഡിവിഷൻസും കാര്യങ്ങളുമെല്ലാം മനസ്സിലുണ്ടാകും. അതിലേക്കൊന്നും ഇറങ്ങിയിട്ടില്ല. എന്റെയുള്ളിൽ ഒരു സംവിധായകൻ ഉണ്ടെങ്കിൽ സംവിധാനത്തിലേക്ക് അങ്ങനെ ആ സംവിധായകൻ വലിച്ചുകൊണ്ടുപോയിട്ടില്ല. എന്റെ ആക്ടറിൽ തന്നെ നിൽക്കുകയാണിപ്പോഴും. ഞാനത് എൻജോയ് ചെയ്യുന്നുണ്ട്. ആക്ടറേക്കാൾ സംവിധാന മോഹം കൂടിയാൽ അന്ന് സംവിധായകനായേക്കും.