'അയ്യപ്പനും കോശിയും വൻവിജയമായപ്പോൾ, ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞുവെന്നും ഇനി തനിക്കിഷ്ടമുള്ള സിനിമകൾ ചെയ്യാൻ പറ്റുമെന്നും സച്ചി പറഞ്ഞു.അതിനുള്ള അവസരം ദൈവം നൽകിയില്ല. ഇനി വരാനിരുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തിൽ സച്ചി ചെയ്യാനിരുന്നസിനിമകൾ..."ഇതാദ്യമായി സച്ചിയുടെ ഭാര്യ സിജി സംസാരിക്കുന്നു
പലപ്പോഴും ആലോചിക്കാറുണ്ട്.സച്ചി എന്ന സച്ചിദാനന്ദൻ ഇപ്പോൾ എവിടെയായിരിക്കും? സച്ചിയിൽ നിന്ന് എത്രയെത്ര സിനിമകളും ശക്തമായ തിരക്കഥകളും വരേണ്ടിയിരുന്നു.ഇപ്പോൾ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ കലാമൂല്യവും ഏറ്റവും ജനപ്രീതിയും നേടിയ ചിത്രത്തിനുള്ള അവാർഡ് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിനാണെന്നു കൂടി കേൾക്കുമ്പോൾ ആ വേർപാട് സൃഷ്ടിച്ച നഷ്ടം അളക്കാനാവുകയില്ല. ആ നഷ്ടം പ്രേക്ഷകർ അനുഭവിക്കുമ്പോൾ ഉറ്റവർ അതൊക്കെ എങ്ങനെ ഉൾക്കൊള്ളും. തിരക്കഥയെഴുതാൻ ഒരു പക്ഷേ മൂകാംബികയിൽ,അല്ലെങ്കിൽ പുതിയ തിരക്കഥയുടെ മെറ്റീരിയലുകൾക്കായുള്ള യാത്രയിൽ, ഭാരതപ്പുഴയുടെ തീരത്ത് ഭാര്യ സിജിയോടൊപ്പം പുതുതായി വീടുവച്ചുതാമസിക്കാൻ സ്ഥലം നോക്കുന്ന യാത്രയിൽ..എന്നൊക്ക വിശ്വസിക്കാനാണ് ഉറ്റവർ ഇഷ്ടപ്പെടുന്നത്.
സച്ചി എങ്ങും പോയിട്ടില്ല.ശക്തമായ തൂലികയിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ആ പ്രതിഭ എങ്ങും പോയിട്ടില്ല. ഇന്നും മനസിലും ഹൃദയത്തിലും സച്ചിയോടൊപ്പമാണ് എന്നു കരുതി ഓരോ നിമിഷവും ജീവിക്കുന്ന സിജിയുടെ ദു:ഖം എങ്ങനെ പറഞ്ഞറിയിക്കും. സച്ചിയെ എന്നും സ്നേഹത്തോടെ നോക്കിയ സിജി നാട്ടിലുണ്ട്. 28 വർഷം ഗൾഫിലായിരുന്നു. സച്ചിക്ക് അസുഖമായപ്പോൾ നാട്ടിൽ വന്ന സിജി പിന്നീട് മടങ്ങിപ്പോയിട്ടില്ല(സച്ചിയുടെയും സിജിയുടെയും രണ്ടാം വിവാഹമായിരുന്നു ).സച്ചിക്കുവേണ്ടി സിജി സംസ്ഥാന അവാർഡ് സ്വീകരിക്കും. സങ്കടത്തിൽ മുങ്ങിയ സന്തോഷത്തോടെ.സച്ചിയുടെ കുടുംബത്തോടൊപ്പം തൃപ്പൂണിത്തുറയിലുള്ള സിജി സച്ചിക്കു ലഭിച്ച അവാർഡിനെക്കുറിച്ച് ഫ്ളാഷ് മൂവീസിനോട് സംസാരിച്ചു. പ്രസക്തഭാഗങ്ങളിൽ നിന്ന്.
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഇക്കുറി അയ്യപ്പനും കോശിയ്ക്കുമാണ് .എന്ത് പറയുന്നു?
സന്തോഷമുണ്ട്.എന്നാൽ തിരക്കഥയ്ക്ക് കിട്ടാത്തതിൽ വിഷമവുമുണ്ട്.അത്ര ശക്തമായ തിരക്കഥയായിരുന്നു.പെർഫക്ഷനുള്ള തിരക്കഥയായിരുന്നു.സച്ചിയുടെ തിരക്കഥകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയും.ഈ ചിത്രത്തിന് സച്ചിക്ക് കിട്ടുന്ന അഞ്ചാമത്തെ അവാർഡാണിത്.നിർഭാഗ്യവശാൽ അതൊന്നും കാണാനും അറിയാനും അദ്ദേഹം ഇല്ലാതെപോയി.ഓരോ അവാർഡ് സംഭവിക്കുമ്പോഴും കുടുംബത്തിന് അതൊരു വെള്ളിടിതന്നെയാണ്.പുള്ളി ഇല്ലല്ലോ ഇത് കാണാനും സന്തോഷിക്കാനും .അതുകൊണ്ട് ഓരോ അവാർഡ് പ്രഖ്യാപിക്കുമ്പോഴും സന്തോഷിക്കാൻ പറ്റാത്ത അവസ്ഥയാണ്.ചേട്ടനായാലും സഹോദരിയായാലും ഞാനായാലും എല്ലാവർക്കുമത് കണ്ണീരോടെ മാത്രമല്ലേ കാണാൻ കഴിയുകയുള്ളു.
അവാർഡ് ഏറ്റുവാങ്ങാൻ സിജി പോകുമോ?
തീർച്ചയായിട്ടും .സച്ചിയ്ക്കുള്ള ഒരംഗീകാരം കൂടിയാണല്ലോ.
സച്ചിയുടെ മനസിൽ ഇനിയും ഒരുപാട് കഥകൾ.ബാക്കിയുണ്ടായിരുന്നല്ലോ?
ഇഷ്ടം പോലെ കഥകൾ.
താങ്കളോട് പറഞ്ഞിട്ടുണ്ടോ?
ഉണ്ട്.സച്ചിയുടെ കഥകൾ സച്ചി എന്നോടും സച്ചിയുടെ സഹോദരി സജിതയോടുമാണ് ഷെയർ ചെയ്യാറുള്ളത്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപികയാണ് സജിത.ഒരു വരി എഴുതിയാലും ആദ്യം വായിക്കുന്ന വ്യക്തി സജിതയായിരുന്നു.ഞാൻ വരുന്നതുവരെ.ഞാൻ വന്ന് കഴിഞ്ഞിട്ട് പിന്നീട് എന്നോടാണ് എല്ലാം ഷെയർ ചെയ്യാറുള്ളത്.ഞങ്ങൾ മൂന്നുപേരും ,ഞാനും സച്ചിയും സജിതയും കൂടി ചേർന്നു കഴിഞ്ഞാൽ പിന്നെ കഥകളുടെ ചർച്ചകളിലായിരിക്കും.കഥകൾ മാത്രമാണ് ഞങ്ങളുടെ സംസാരവിഷയം.
തിരക്കഥ എഴുതി കഴിഞ്ഞ് അത് വായിച്ചുകേൾപ്പിക്കുമായിരുന്നോ?
ഓരോ വരിയും എന്നെ വായിച്ചു കേൾപ്പിക്കും.എഴുതുന്ന സമയത്തുതന്നെ.അഭിപ്രായങ്ങളും പറയാറുണ്ട്.
വിമർശനങ്ങൾ സ്വീകരിക്കുമോ?
എന്റെ അഭിപ്രായം പറയുമ്പോൾ സച്ചി ആ സിറ്റ്വേഷൻ എഴുതിയത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു തരും.മറിച്ച് എന്റെ അഭിപ്രായമാണ് ശരിയെങ്കിൽ സച്ചി അത് അംഗീകരിച്ചുതരാറുണ്ട്.അത് ശരിയാണല്ലോ...അത് നീ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ് അംഗീകരിക്കുകയാണ് പതിവ്.
അയ്യപ്പനും കോശിയും വലിയ വിജയത്തിലേക്ക് പോയപ്പോൾ എന്താണ് അദ്ദേഹം പറഞ്ഞത്?
ജനങ്ങൾ എന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും ഇനി എനിക്കിഷ്ടമുള്ള സിനിമകൾ ചെയ്യാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.അതിനുള്ള അവസരം ദൈവം നൽകിയില്ല.ഇനി വരാനിരുന്ന സിനിമകളായിരുന്നു ശരിക്കും സച്ചിയുടെ ഇഷ്ടത്തിൽ സച്ചി ചെയ്യാനിരുന്ന സിനിമകൾ.ആ ഓരോ സിനിമകളും അയ്യപ്പനും കോശിയേക്കാളും ഗംഭീരമാകുമായിരുന്നു.
സച്ചിയുടെ ഉള്ളിൽ കഥകളുടെ ഖനിതന്നെയുണ്ടായിരുന്നു?
ശരിക്കും പറഞ്ഞാൽ സച്ചിയുടെ പ്രതിഭ ഒരിക്കലും പൂർണ്ണമായി പുറത്തുവന്നിട്ടില്ല.സച്ചിയുടെ പ്രതിഭ എന്താണെന്ന് ലോകം അറിഞ്ഞിട്ടില്ല.പതിനഞ്ചു വയസിലും പതിനെട്ടു വയസിലുമൊക്കെ സച്ചി എഴുതിവച്ചിരിക്കുന്ന കവിതകളുടെ ഭാഷാശുദ്ധി അത്ഭുതപ്പെടുത്തുന്നതാണ്.ഇതെല്ലാം സജിത ശേഖരിച്ചുവച്ചിരുന്നു. സച്ചിയുടെ മരണശേഷം അത് കണ്ട് ഞാൻ ഞെട്ടിപ്പോയി.സച്ചിയുടെ പ്രതിഭ പ്രകടമാക്കുന്ന സിനിമകൾ വന്നിട്ടില്ലെന്ന് സജിതയും പറയും.സച്ചിയുടെ ഏറ്റവും വലിയ വിമർശകർ സജിതയും ഞാനുമാണ്. കവിതകൾ കണ്ടാലറിയാം സച്ചിയുടെ ഉൾക്കരുത്ത്.
സച്ചി ഇഷ്ടപ്പെട്ടിരുന്നതും അങ്ങനെയുള്ള ചിത്രങ്ങളായിരുന്നുവല്ലോ?
സമാന്തരസിനിമകളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ കലാമൂല്യമുള്ളതും അതുപോലെ തന്നെ ജനങ്ങളെ രസിപ്പിക്കുന്നതുമായിരുന്നു സച്ചിയുടെ ശൈലി..അതിന് തുടക്കം കുറിച്ചത് പൃഥ്വിരാജ് പറഞ്ഞതുപോലെ അയ്യപ്പനും കോശിയിലുമായിരുന്നു.ഈ അവാർഡ് ആ നിലക്ക് ശരിക്കും ആപ്റ്റാണ്.
സച്ചിയുടെ വേർപാട് പൃഥ്വിരാജിലെ നടന്റെ കൂടി നഷ്ടമാണ്.?
അതേ.അവർ രണ്ടുപേരും ഹൃദയം കൊണ്ട് ഒരേരീതിയിൽ ചിന്തിക്കുന്ന ആൾക്കാരാണ്.സച്ചി പറഞ്ഞുകഴിഞ്ഞാൽ അത് പെട്ടെന്ന് പൃഥിരാജിന് മനസിലാകും.അയ്യപ്പനും കോശിയുടെയും തിരക്കഥ ആലോചിച്ചുതുടങ്ങുന്ന വേളയിൽ അത് മമ്മൂട്ടിയും ബിജുമേനോനുമായിരുന്നു.അയ്യപ്പൻനായർ മമ്മൂട്ടിയും ബിജുമേനോൻ കോശിയും.ഓരോ സീനും എഴുതിയശേഷം എന്നെ വായിച്ചുകേൾപ്പിക്കും അപ്പോൾ മമ്മൂട്ടിയേയും ബിജുമേനോനെയുമാണ് കൺസീവ് ചെയ്തുകൊണ്ടിരുന്നത്.ക്ളൈമാക്സ് എഴുതുമ്പോൾ പറഞ്ഞു.ഇത് മമ്മൂക്കയ്ക്ക് പറില്ല.നമ്മൾക്ക് റാ ഫൈറ്റ് തന്നെവേണം.വെള്ളം ചേർക്കാൻ പറ്റില്ല.പെർഫക്ഷൻ സച്ചിക്ക് അത്രമാത്രം പ്രധാനമായിരുന്നു.നമ്മൾക്ക് രാജുവിനെയും (പ്രൃഥ്വിരാജ് )ബിജുവിനേയും ചേർക്കാം.എന്നു പറഞ്ഞു.രാജു ഇത്ചെയ്യുമോയെന്ന് ഞാൻ ചോദിച്ചു.അപ്പോൾ മറുപടി ഇങ്ങനെയായിരുന്നു.ഈ രണ്ട് കഥാപാത്രങ്ങൾ ഞാൻ രാജുവിന്റെ മുന്നിൽ നീട്ടിയാൽ രാജു ഇതിൽ കോശിയെ സെലക്ട് ചെയ്യും.രാജുവെന്ന വ്യക്തിയെ അത്രയ്ക്ക് സച്ചി മനസിലാക്കിയിരുന്നു.രാജുവിനെപ്പോലെ തന്നെ ആരുടെ മുന്നിലും എന്തഭിപ്രായവും തുറന്നു പറയുന്ന വ്യക്തിത്വമുള്ളയാളായിരുന്നു ,സച്ചിയും.കാരക്ടറുള്ളയാളാണ്.വ്യക്തിത്വം അടിയറവ് വയ്ക്കില്ല.ഒരുവാക്ക് പറഞ്ഞാൽ അത് പാലിക്കാൻ വേണ്ടി ഏത് അറ്റം വരെയും പോകും.പറഞ്ഞാൽ പറഞ്ഞിടത്ത് നിൽക്കും
രചനകൾ പുസ്തകരൂപത്തിലാക്കുമോ?
സച്ചിയുടെ കവിതകൾ പുസ്തകരൂപത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്.ജനങ്ങൾ അത് കണ്ടേ മതിയാകൂ.ആ പ്രായത്തിലുള്ള സച്ചിയുടെ ഭാഷകണ്ടാലേ എത്രമാത്രം പ്രതിഭയായിരുന്നു സച്ചിയുടേതെന്ന് തിരിച്ചറിയൂ.അതൊരിക്കലും പുറത്തുവന്നിട്ടില്ല.ചിന്തിക്കാൻ പറ്റുന്നതിനപ്പുറമായിരുന്നു ആ പ്രതിഭ.
തിരക്കഥകളോ?
അയ്യപ്പനും കോശിയും ഇപ്പോൾ പുസ്തകമാക്കുന്നുണ്ട്.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ?
ഞങ്ങൾ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങാനിരിക്കുകയായിരുന്നു.ജയൻ നമ്പ്യാർക്ക് ഒരു തിരക്കഥ എഴുതിക്കൊടുക്കാനുണ്ടായിരുന്നു.സന്ദീപ് സേനനുവേണ്ടി ഒരു പടം സംവിധാനം ചെയ്യാമെന്നും വാക്ക് പറഞ്ഞിരുന്നു.ഈ സമയത്താണ് ഇന്ദുഗോപന്റെ രക്തചന്ദനം എന്ന ചെറുകഥ സച്ചിയുടെ കൈയ്യിൽവരുന്നത്. അത് വായിച്ചിട്ട് ഉടന്നതന്നെ സച്ചി ഇന്ദുഗോപനെ വിളിച്ചു ഈ കഥ എനിക്ക് സംവിധാനം ചെയ്യാൻ എടുത്തോട്ടെയെന്ന് ചോദിച്ചു.അപ്പോൾ സ്ക്രിപ്റ്റ് ആരെഴുതുമെന്ന് ഇന്ദുഗോപൻ ചോദിച്ചു.അപ്പോൾ ഇന്ദുഗോപനും രാജേഷും (പകിട എന്ന സിനിമയുടെ സംവിധായകൻ) കൂടി എഴുതൂ ഞാൻ ഇവിടെയുണ്ടല്ലോയെന്നും സച്ചി പറഞ്ഞു.അപ്പോൾത്തന്നെ രാജുവിനെ വിളിച്ചു .ഡബിൾ മോഹനൻ ഞാനാണെന്നു രാജു ഇങ്ങോട്ട് പറഞ്ഞു.രാജുതന്നെ സന്ദീപ് സേനനെ വിളിച്ചു പറഞ്ഞു ഡേറ്റ് ഫിക്സ് ചെയ്തോളാൻ.ഡബിൾ മോഹനനാണ് വിളിക്കുന്നതെന്ന് രാജു പറഞ്ഞു.പ്രോജക്ട് ചാലുവായി.സച്ചി പോയെങ്കിലും അത് ഉർവ്വശി തിയറ്റേഴ്സ് ജനുവരിയിൽ തുടങ്ങുകയാണ്.ജയൻനമ്പ്യാരാണ് സംവിധാനം നിർവഹിക്കുന്നത്.
സച്ചി എഴുതിവച്ച മറ്റു തിരക്കഥകൾ ഉണ്ടോ?
സച്ചി ഒരിക്കലും തിരക്കഥകൾ എഴുതി വയ്ക്കാറില്ല.ഒരു കഥയെഴുതണമെന്ന് തോന്നിയാൽ അതിന്റെ ഭൂമികയെല്ലാം ആധികാരികമായി സച്ചി പഠിക്കും.അതിനുവേണ്ടി സഞ്ചരിക്കും.ആ സന്ദർഭങ്ങളിലുള്ളവരെ സച്ചി പരിചയപ്പെടും. അവരറിയാതെതന്നെ അവരിൽനിന്ന് ഇൻഫർമേഷൻസ് സച്ചി ഒപ്പിയെടുക്കും.അയ്യപ്പനും കോശിയുമെഴുതുന്ന സമയത്ത് അട്ടപ്പാടിയിൽ പോയി താമസിക്കുകയും , എങ്ങനെയാണ് പൊലീസ് സ്റ്റേഷനിൽ സൗഹൃദങ്ങൾ ഉണ്ടാകുന്നതെന്നും സുപ്പീരിയേഴ്സും താഴെക്കിടയിലുള്ളവരും തമ്മിലുള്ള കോമ്പിനേഷൻ എങ്ങനെയാണെന്നും ഇതെല്ലാം ചോദിച്ച് മനസിലാക്കിയിരുന്നു.ഇതെല്ലാം ഖനിയിൽ നിന്നെന്നപോലെ കുഴിച്ച് കുഴിച്ചെടുക്കും.ആവശ്യത്തിനുള്ളതെല്ലാം കിട്ടിയാൽ പിന്നെ കള്ളുകുടിയില്ല.സിഗരറ്റ് വലിയില്ല.ഇറച്ചിയും മീനും കഴിക്കില്ല.മൂകാംബികയിൽ ദേവീകൃപയിൽ റൂമെടുക്കും.ഒരു മുപ്പത് ദിവസം അവിടെയിരിക്കും.രാവിലെ കുളിച്ച് അമ്പലത്തിൽപോയി തൊഴുത് എഴുത്ത് തുടങ്ങും.ഉച്ചയ്ക്ക് ഒന്നോ രണ്ട് മണിക്കൂർ ഉറങ്ങി.പിന്നീട് വീണ്ടും കുളികഴിഞ്ഞ് അമ്പലത്തിൽപോയി വന്ന് വീണ്ടും എഴുതും. ഈ മുപ്പത് ദിവസത്തിനുള്ളിൽ സ്ക്രിപ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുകയാണ് പതിവ് .ഫുൾ സ്ക്രിപ്റ്റ് എഴുതിയിട്ടേ അവിടെ നിന്നിറങ്ങുകയുള്ളു.എഴുതാനിരുന്നാൽ പതിനഞ്ചോ ഇരുപത്തിയഞ്ചോ ദിവസത്തികം സ്ക്രിപ്റ്റ് ഫിനിഷ് ചെയ്തിട്ടുണ്ടാകും.അതിനു മുമ്പേ കളക്ട് ചെയ്യേണ്ട മെറ്റീരിയൽ മുഴുവൻ കളക്ട് ചെയ്യും.വളരെ ഹാർഡ് വർക്കിംഗാണ്.പെർഫക്ഷനായി എന്തും ചെയ്യും.ചെറിയ കാര്യങ്ങൾക്കുപോലും പരമാവധി ശ്രദ്ധ പുലർത്തും.വർക്കഹോളിക്കാണ്.
ഡ്രൈവിംഗ് ലൈസൻസും വലിയവിജയമായിരുന്നു?
ലാലേട്ടൻ വിളിച്ചു പറഞ്ഞു.ജീനിനുവേണ്ടി ഒരു സ്ക്രിപ്റ്റ് എഴുതണമെന്ന്.അത് എനിക്ക് ഇടതുകൈകൊണ്ട് എഴുതിക്കൊടുക്കാവുന്നതേയുള്ളായിരുന്നു എന്ന് പറഞ്ഞുപോയി പതിനഞ്ചോ ഇരുപതോ ദിവസം കൊണ്ട് എഴുതിക്കൊടുത്ത തിരക്കഥയാണ്.
സേതുവുമായി പിരിഞ്ഞല്ലോ?
ശരിക്കും രണ്ടുപേരും രണ്ട് കാരക്ടേഴ്സ് ഉള്ള വ്യക്തികളായിരുന്നു.രണ്ട് കാഴ്ചപ്പാട് തന്നെയായിരുന്നു.തുടങ്ങുന്ന കാലത്തുതന്നെ അവർ പറഞ്ഞിരുന്നു.ഒത്തുചേർന്ന് വർക്ക് ചെയ്ത് കാലുറപ്പിച്ച് നിന്നശേഷം രണ്ടുപേർക്കും ഇഷ്ടമുള്ള സിനിമകൾ ചെയ്യാമെന്ന് . സ്നേഹത്തോടെ തന്നെയാണ് രണ്ടുപേരും പിരിഞ്ഞത്.പിണങ്ങിയിട്ടേയില്ല.
സിജിയെ സിനിമയുടെ ഏതെങ്കിലും രംഗത്ത് പ്രതീക്ഷിക്കാമോ?
തീർച്ചയായിട്ടും. സച്ചി ക്രിയേഷൻസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.സച്ചിയുടെ കഥകൾ തിരക്കഥകളായി എഴുതിക്കൊണ്ടിരിക്കുകയാണ്. നാലു തിരക്കഥകൾ . പുതിയ ആൾക്കരാണ്.
എഴുതിവച്ചിരുന്നതാണോ?
സച്ചി ഒരു ചിന്തവന്നാൽ അത് ഇംഗ്ളീഷിലാണ് എഴുതിവയ്ക്കുന്നത്.രാവിലെ അഞ്ചരമണിക്ക് എഴുന്നേൽക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും.രാവിലെ ഒമ്പതുമണിവരെ കഥകളുടെ ചർച്ച ആയിരിക്കും. ഓരോ ചിന്ത വരുമ്പോഴും നീയതെവിടെയെങ്കിലും എഴുതിവയ്ക്കൂയെന്ന് പറയും.എന്റെ തലച്ചോറിലതുണ്ട് എഴുതിവയ്ക്കേണ്ട കാര്യമില്ലെന്ന് ഞാൻ പറയും.അങ്ങനെ പറഞ്ഞ കാര്യങ്ങൾ കഥാകൃത്തുകൾക്ക് ഞാൻ പറഞ്ഞുകൊടുത്താണ് എഴുതുക.സച്ചി പുതിയ ആൾക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു.സച്ചിക്രിയേഷൻസിലൂടെ അവ പുറത്തുവരും.സിനിമ ഈ വർഷം അനൗൺസ് ചെയ്യാനാണ് ആലോചിക്കുന്നത്.
സച്ചിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ.?
ഒരിക്കലുമില്ല.അത്തരം ബുദ്ധിമുട്ടൊന്നുമില്ല.ഒരുകടവും വരുത്തിവച്ചിട്ടുമില്ല.
സച്ചി എന്താണ് അവസാനം പറഞ്ഞത്.?
അന്നു രാവിലെ എന്നെ ഉണർത്താതെ ബാത്ത്റൂമിൽപ്പോയി .തിരികെ വന്ന് എന്റെ നെറുകയിൽ ചുംബിച്ചതറിഞ്ഞ് ഞാൻ ഉണർന്നു. എന്താണ് എന്നെ വിളിക്കാതിരുന്നതെന്ന് ചോദിച്ചപ്പോൾ എന്റെ വാവ ഉറങ്ങുന്നതു കണ്ടിട്ട് ഉണർത്താൻ തോന്നിയില്ലെന്നും തിരികെ വരുമ്പോൾ ചുംബിക്കാതിരിക്കാനും കഴിഞ്ഞില്ലെന്നുമാണ് പറഞ്ഞത്. സിറ്റി വിട്ട് പോകാം. ഇനി എറണാകുളത്തു നിൽക്കേണ്ട.ഭാരതപ്പുഴയുടെ തീരത്ത് ഞങ്ങൾ വയ്ക്കാൻ ആലോചിച്ച വീടിനെക്കുറിച്ചുമൊക്കെ പറഞ്ഞു.ഇനി പഴയതുപോലെ ആകില്ലെന്നും പെട്ടെന്ന് പെട്ടെന്ന് തിരക്കഥകൾ എഴുതി തീർക്കുമെന്നും പറഞ്ഞു. സ്നേഹമായിരുന്നു എന്നും സച്ചി.ഒരിക്കലും അവസാനിക്കാത്ത സ്നേഹം.