മോസ്കോ: കൊവിഡ് ഭീതി പരത്തികൊണ്ട് വ്യാപിച്ചപ്പോഴും ലോകം പ്രതീക്ഷവച്ചത് വാക്‌സിനിലാണ്. വാക്‌സിന്റെ വരവോടുകൂടി കൊവിഡിനെ പൂർണമായി പിടിച്ച് നിർത്താനാകുമെന്നും പിന്നീട് കൊവിഡിനെ പേടിക്കാതെ പുറത്തിറങ്ങാമെന്നും ലോകം വിശ്വസിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ എല്ലാം തെറ്റിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് വാക്സിൻ തുടക്കത്തിൽ തന്നെ വികസിപ്പിച്ച റഷ്യ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് വ്യാപനം ശക്തമായികൊണ്ടിരിക്കുകയാണ്.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് വീണ്ടും ശക്തമായ ലോക്ക്ഡൗണിലേക്ക് പോകുകയാണ്. സ്‌കൂളുകൾ,ജിമ്മുകൾ,വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണമായി നിർത്തിവച്ചു. ഹോട്ടലുകളുടെ പ്രവർത്തനം പാഴ്‌സലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ നിർദേശിച്ചു. ഒക്‌ടോബർ 30 മുതൽ ഒരാഴ്ചകാലം ശമ്പളത്തോടെ അവധികൊടുക്കുന്നതിന്റെ മുന്നോടിയാണിതെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം മരണ സംഖ്യയും കൂടുന്നതാണ് സർക്കാരിനെ ഈ നടപടിയിലേക്ക് നയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ1159 രോഗികളാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടുകൂടി ആകെ മരണ സംഖ്യ 235,057 ആയി ഉയർന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40096 ആയി വർദ്ധിച്ചിരുന്നു. വാക്സിൻ നൽകിയതിലെ കുറവാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണമായി കാണുന്നത്.
റഷ്യക്ക് പുറമേ ചൈനയിലെയും ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ഹെയ്‌ലോൺഷിയാങ്ങ് പ്രവശ്യയിലെ ഹെയ്ഹെനയിലാണ് കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഇതിന്റെ മുന്നോടിയായി 13 ലക്ഷത്തോളം പേരിൽ കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയിരുന്നു.