അണ്ണാത്തെയുടെ വിജയത്തെ ആശ്രയിച്ചായിരിക്കുംസൂപ്പർസ്റ്റാർ എന്ന നിലയിൽരജനികാന്തിന്റെ ഭാവി
തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ ആരാണെന്നു ചോദിച്ചാൽ കുറെ വർഷങ്ങളായി അതിനു ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. ' സ്റ്റൈൽമന്നൻ രജനീകാന്ത് '.എന്നാൽ ഇപ്പോൾ തമിഴകത്തെ സൂപ്പർ സ്റ്റാർ ആരെന്ന് ആരാധകരോട് ചോദിച്ചാൽ രജനികാന്ത് എന്നും, വിജയ് എന്നുമുള്ള മറുപടികളാകും ലഭിക്കുക. രജനിയുടേതായി ഒടുവിൽ പുറത്തു വന്ന സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ സൂപ്പർസ്റ്റാർ ഇമേജിനു കോട്ടം തട്ടും വിധത്തിലായിരുന്നു. അതേ സമയം വിജയ് യുടെ സമീപകാല സിനിമകളുടെ ബിസിനസും, ബോക്സ് ഓഫീസ് കളക്ഷനും രജനി ചിത്രങ്ങളെ കടത്തി വെട്ടുന്നതുമായിരുന്നു.അങ്ങനെയുള്ള ഒരു മാറ്റം തമിഴ് സിനിമയിൽ സജീവമാകുമ്പോഴാണ് രജനിയുടെ പുതിയ ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
വമ്പൻ താരനിരയുമായി'അണ്ണാത്തെ'
തമിഴ് സിനിമയിലെ വമ്പൻ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന 'അണ്ണാത്തെ'യിൽ രജനികാന്തിന്റെ കൂടെ മീന, ഖുഷ്ബു, നയൻതാര, കീർത്തി സുരേഷ്, , ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചേട്ടൻ, അനുജത്തി വൈകാരികത പ്രയോജനപ്പെടുത്തുന്ന പക്കാ ആക്ഷൻ ഫാമിലി ചിത്രമായാണ് 'അണ്ണാത്തെ'യെ സംവിധായകൻ ശിവ ഒരുക്കിയിരിക്കുന്നത്. ഇതിനു മുൻപ് ശിവയുടേതായി പുറത്തുവന്ന അജിത്തിന്റെ 'വിശ്വാസം' ഒരു അച്ഛനും, മകൾക്കും ഇടയിലുള്ള ആഴമായ സ്നേഹബന്ധത്തെ കുറിച്ചുള്ളതായിരുന്നു. ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയ ഈ ചിത്രം അജിത്തിന്റെ കരിയർ ഗ്രാഫിനെ ഉയർത്തിയത് പോലെ രജനിയുടെ മാർക്കറ്റിനെ 'അണ്ണാത്തെ" കുതിച്ചുയർത്തും എന്ന വിശ്വാസത്തിലാണ് രജനിയും ആരാധകരും .
രജനികാന്തിനെമറികടന്ന് വിജയ് !
രജനികാന്തിന്റേതായി 2018ൽ പുറത്തുവന്ന കാലാ, 2.0, 2019ൽ പേട്ട, 2020ൽ ദർബാർഎന്നീ സിനിമകൾ വിജയിച്ച ചിത്രങ്ങളായി പറയാമെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ല. ആ സിനിമകളുടെ മുടക്കു മുതൽ, ബിസിനസ്, കളക്ഷൻ എന്നിവ പരിശോധിച്ചാൽ എല്ലാ സിനിമകളും പരാജയം എന്നാണ് കോളിവുഡിലെ പ്രമുഖ നിർമ്മാതാവും, വിതരണക്കാരനും, തിയേറ്റർ ഉടമയുമായ വ്യക്തി പറഞ്ഞത്. കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിനിടെ വിജയ് യുടേതായി പുറത്തുവന്ന സർക്കാർ, ബിഗിൽ, മാസ്റ്റർ എന്നിവയുടെ നിർമ്മാണ ചെലവ്, ബിസിനസ്, ലാഭം എന്നിവയെ താരതമ്യപ്പെടുത്തി ഇതേ വ്യക്തി സംസാരിച്ചപ്പോൾ തമിഴ് സിനിമയിലെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ വിജയ് യാണെന്നും, രജനിയെ വിജയ് OVER TAKE ചെയ്തു കഴിഞ്ഞെന്നും വ്യക്തമാക്കി.
റൂട്ട് മാറ്റിയ രജനി !
ഇത്തരം സംസാരങ്ങളും വിവാദങ്ങളും രജനികാന്തിനും അദ്ദേഹത്തിന്റെ അനുയായികൾക്കും വളരെ വിഷമവും, സങ്കടവും ഉണ്ടാക്കിയിട്ടുണ്ട്. രജനികാന്തിന്റെ ഇമേജിന് മങ്ങലേൽക്കാനുള്ള കാരണം, കഥകളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അശ്രദ്ധയും, തുടർന്ന് ആക്ഷൻ മാത്രം മുൻനിറുത്തിയുള്ള കഥാപാത്രങ്ങളിൽ അഭിരമിച്ചതുമാണ് എന്നൊരു വാദവും നിലനിൽക്കുന്നുണ്ട്. അതുകൂടി കണക്കിലെടുത്തുകൊണ്ടാണ് രജനി ഇപ്പോൾ തന്റെ പതിവ് റൂട്ട് മാറ്റി ആക്ഷനും, ഫാമിലി സെന്റിമെന്റ്സും നിറഞ്ഞ കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ശിവയുടെ 'അണ്ണാത്തെ"യിൽ അഭിനയിച്ചിരിക്കുന്നത്.ഇതിനു മുൻപ് 'വിശ്വാസം' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം നൽകിയ ശിവയുടെ ഫാമിലി സെന്റിമെന്റ് മാജിക് രജനികാന്തിന്റെ 'അണ്ണാത്തെ" യിൽ പ്രതിഫലിക്കുമോ എന്നത് രജനിയുടെ ഭാവിയെ സംബന്ധിച്ച് നിർണായകം.
SUPER HITഇല്ലാത്ത പത്ത് വർഷം!
രജനികാന്തിന്റേതായി 2010ൽ പുറത്തു വന്ന 'എന്തിരൻ" സൂപ്പർ ഹിറ്റായി.അതിനു ശേഷം വരേണ്ടിയിരുന്ന 'റാണാ" എന്ന ചിത്രം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഉപേക്ഷിച്ചു. അതിനു ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് മോഷൻ ക്യാപ്ചർ അനിമേഷൻ ചിത്രമായ 'കൊച്ചടയാൻ' പുറത്തുവന്നത്. എന്നാൽ രജനികാന്തിന്റെ ആരാധകരെ പോലും ഈ സിനിമ തൃപ്തിപ്പെടുത്തിയില്ല. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം പുറത്തു വന്ന 'ലിംഗ"യും രജനികാന്തിന്റെ ഇമേജിനെ രക്ഷിച്ചില്ല. പിന്നീട് 'കബാലി", 'കാലാ", പേട്ട, ദർബാർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ സാമൂഹ്യ വിഷയങ്ങളെ പ്രതിപാദിച്ചു വന്ന 'കാലാ' ഉൾപ്പെടെ ഒരു സിനിമയും പ്രതീക്ഷിച്ച വിജയം വരിച്ചില്ല. ഇതിനു കാരണം രജനികാന്ത് തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ ആവർത്തന വിരസതയും, വിഷയദാരിദ്യവുമായിരുന്നു. അങ്ങനെ പത്തു വർഷമായി ഒരു സൂപ്പർഹിറ്റ് ചിത്രം കൂടെ ഇല്ലാതെയാണ് രജനിയുടെ സിനിമാ യാത്ര മുന്നോട്ടുപോകുന്നത്. ഇതിനെ 'അണ്ണാത്തെ" മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് തമിഴ് ചലച്ചിത്രലോകം.
രജനിയുടെ രാഷ്ട്രീയ പ്രവേശം...
രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയതും, പിന്നീട് അതിലിൽനിന്ന് പിൻ വാങ്ങിയതും ലോകം അറിഞ്ഞ കാര്യമാണ്. സത്യത്തിൽ രജനികാന്ത് തന്റെ സ്വന്ത ഇഷ്ടപ്രകാരമാണോ രാഷ്ട്രീയത്തിലേക്കു വന്നതെന്ന് ചോദിച്ചാൽ അല്ലെന്നുള്ളതാണ് സത്യം. നിർമ്മലമായ പ്രകൃതത്തിനുടമയും സത്യസന്ധനും, ഉള്ളത് ഉള്ളത് പോലെ തുറന്നു പറയുന്ന ഒരാളും, അതേസമയം മുൻകോപകാരനുമാണ് രജനി. ഈ ഗുണങ്ങൾ രാഷ്ട്രീയത്തിന് ചേരുന്നതല്ല. ഇത് രജനിക്കും അറിയാം. അദ്ദേഹത്തിനെ അടുത്തറിയുന്നവർക്കും അറിയാം. അതേ സമയം തന്റെ ആരാധകരുടെ ആഗ്രഹങ്ങൾക്കും, ജനങ്ങളുടെ പ്രതീക്ഷകൾക്കും അനുസരിച്ച് എന്തെങ്കിലും ചെയ്യണമെങ്കിൽ രാഷ്ട്രീയത്തിലേക്കു വന്നാലേ സാധിക്കുകയുള്ളൂ എന്ന് ഒരുകൂട്ടർ രജനിയെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. രജനി രാഷ്ട്രീയത്തിലേക്ക് വന്നാൽ ആ സന്ദർഭം ഉപയോഗിച്ച് സ്വയലാഭം നേടാം എന്ന മനോഭാവമുള്ള കുറച്ചു പേരുടെ സമ്മർദ്ദത്തിനും, നിർബന്ധത്തിനും രജനി മനസില്ലാ മനസോടെ വഴങ്ങിയാണ് രാഷ്ട്രീയത്തിൽ വരുമെന്ന് പ്രഖ്യാപിച്ചത്.
വില പേശിയ രാഷ്ട്രീയ പാർട്ടികൾ...
തമിഴകം കാത്ത് കാത്തിരുന്ന രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രസ്താവന പുറത്തുവന്നതും, തമിഴകത്തെ രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ നേതാക്കളും ആരാഷ്ട്രീയ നീക്കങ്ങൾ എങ്ങനെ ആയിരിക്കും എന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കാൻ തുടങ്ങി. തമിഴ് നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ AIDMK, DMK എന്നിവയും, നാഷണൽ പാർട്ടികളായ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി എന്നിവയും രജനികാന്തിനെ ഒപ്പം കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തി. എന്നാൽ രജനിക്ക് ഭാരതീയ ജനതാ പാർട്ടിയോടും, അതിന്റെ നേതാക്കളോടും നല്ല അടുപ്പം ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ തനിച്ചു തന്നെയാണ് മത്സരിക്കുക എന്നു രജനി പ്രസ്താവന ഇറക്കി. രജനിയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്ന പാർട്ടികൾക്ക് അതു തിരിച്ചടിയായി. തുടർന്ന് രജനി രാഷ്ട്രീയത്തിലേക്ക് വരുന്നത് തടയാനുള്ള ശ്രമങ്ങളും, വില പേശലും കൂടി നടന്നു .രജനി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ പാർട്ടി ജയിച്ചില്ലെങ്കിൽ കൂടി തങ്ങളുടെ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകളെ രജനിയുടെ പാർട്ടി തട്ടിയെടുക്കും എന്ന ഭയമായിരുന്നു അവർക്ക്.
തിയേറ്റർ കാണാത്ത സിനിമപോലെ രാഷ്ട്രീയം!
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരുന്ന സമയം. അപ്പോഴാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഒടുവിൽ തിയേറ്റർ കാണാതെ പോയ സിനിമ പോലെയായത്. ആരോഗ്യ പ്രശ്നം കാരണം രാഷ്ട്രീയത്തിലേക്കില്ല എന്ന് രജനികാന്ത് പ്രഖ്യാപിച്ചു. ഈ വിഷയവുമായി രജനികാന്ത് പുറത്തുവിട്ട പ്രസ്താവനയിൽ, ''എന്റെ ആരോഗ്യ പ്രശ്നങ്ങൾ ദൈവം നൽകിയ സൂചനയാണ്. രാഷ്ട്രീയത്തിലേക്ക് വന്നു ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുവാൻ നല്ല ആരോഗ്യം വേണം. എന്നാൽ എന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിനനുസരിച്ചുള്ളതല്ല. എന്റെ കൂടെ നിൽക്കുന്നവരെ ബലിയാടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനമെടുത്തത് '' എന്നായിരുന്നു ആ പ്രസ്താവന!
രജനിക്ക് എതിരെ തിരിഞ്ഞ ആരാധകർ!
രജനികാന്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകരെ വളരെ വേദനിപ്പിക്കുകയും . ചില ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപെട്ട് ചിലർ രജനിയുടെ വസതിയുടെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. രജനി രാഷ്ട്രീയത്തിലേക്കു വരുകയാണെങ്കിൽ പദവി, പണം എന്നിവ നേടാം എന്ന പ്രതീക്ഷയോടെ നിറയെ പണം ചെലവ് ചെയ്ത ചില ആരാധകർ, ''നിങ്ങളെ വിശ്വസിച്ചു ഞങ്ങൾ ചെലവാക്കിയ പണം ആര് തരും? '' എന്ന് രജനിക്ക് എതിരെ ശബ്ദം ഉയർത്തി ചോദ്യം ഉന്നയിച്ചു.എന്നാൽ ഇതിനൊന്നു രജനി ചെവി കൊടുത്തില്ല.അതേ നേരം അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.ഇനി ഭാവിയിൽ കൂടി രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന തീരുമാനമെടുത്ത രജനികാന്ത്, തന്റെ പേരിൽ പ്രവർത്തിച്ചു വന്നിരുന്ന 'മക്കൾ മൻട്രം' സംഘടനയെ പിരിച്ചുവിട്ടു. അതിനെ ആരാധകരുടെ സംഘടനയായി പ്രഖ്യാപിച്ചു. രാഷ്ട്രീയം ഇല്ലാത്ത ആരാധന സംഘടനയിൽ അംഗമായുള്ളവർ തങ്ങൾക്കു ഇഷ്ടപ്രകാരം ഏതു രാഷ്ട്രീയ പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാം, തങ്ങൾക്കു ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാം എന്ന് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇങ്ങിനെയുള്ള രാഷ്ട്രീയ കാര്യങ്ങളും രജനിയുടെ സിനിമാ ഇമേജിനെ തകർത്തതോടെ രജനിയുടെ രാഷ്ട്രീയ ജീവിതം സിനിമാജീവിതത്തേയും ബാധിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല.
കമൽഹാസന് നിരാശ
രജനിയുടെ തീരുമാനം തങ്ങൾക്കു അനുകൂലമാകുമെന്നു അണ്ണാ ഡി.എം.കെ.യും, ഭാരതീയ ജനതാ പാർട്ടിയും അവകാശപ്പെട്ടു. എന്നാൽ ഡി.എം.കെ. രജനികാന്തിന്റെ തീരുമാനം തങ്ങളെ സംബന്ധിച്ചു അനുകൂലമോ, പ്രതികൂലമോ അല്ല എന്നാണു പ്രസ്താവന ഇറക്കിയത്. അതേസമയം രജനികാന്തിന്റെ ഉറ്റ സുഹൃത്തും, സമകാലികനുമായ കമൽഹാസന്, രജനിയുടെ തീരുമാനം തനിക്ക് നിരാശയുണ്ടാക്കി എന്നു അഭിപ്രായപ്പെട്ടു. രജനിയുടെ കുടുംബാംഗങ്ങൾക്കും രജനി എടുത്ത തീരുമാനം സന്തോഷം തരുന്ന കാര്യമായിരുന്നു. അതിനു കാരണം, രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നതിൽ ഭാര്യ ലച രജനികാന്തിനോ, മക്കൾ ഐശ്വര്യ, സൗന്ദര്യ എന്നിവർക്കോ ഒട്ടും, താല്പര്യം ഉണ്ടായിരുന്നില്ല. കാരണം രജനിയുടെ സ്വഭാവവും, ആരോഗ്യനിലയും രാഷ്ട്രീയത്തിന് ഒട്ടും ചേർന്നതല്ല എന്നത് അവർക്കു ശരിയായി അറിയാമെന്നതുതന്നെ.
ഇനി സിനിമയിൽ സജീവമാകുമോ?
രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയത് പോലെ തന്നെ സിനിമയിൽ നിന്നും വിട്ടു നിൽക്കണം എന്നതാണ് രജനിയുടെ ആഗ്രഹം. കാരണം തന്റെ മോശമായ ആരോഗ്യസ്ഥിതി തന്നെ. സിനിമയിൽ തുടരുകയാണെകിൽ അതിനായുള്ള തയാറെടുപ്പുകൾ ചെയ്തുകൊണ്ടേ ഇരിക്കണം.
എന്നാൽ രജനിയുടെ ആരോഗ്യനില ഇപ്പോൾ അതിനു പറ്റിയതല്ല. അതേ സമയം തന്റെ ചില സാമ്പത്തിക ബാധ്യതകൾ തീർക്കാനും, തന്റെ കൂടെ നീണ്ടകാലമായി പ്രവർത്തിച്ചു വരുന്നവർക്കു വേണ്ടിയും രജനി സിനിമയിൽ തുടരേണ്ടതുണ്ട്. അതുകൊണ്ടാണ് അദ്ദേഹം വിശ്രമം ഇല്ലാതെ തുടർന്നും അഭിനയിച്ചു വരുന്നത്.
അണ്ണാത്തെ ചരിത്രമെഴുതുമോ?
നവംബർ നാലിന് ന് റിലാസാകുന്ന 'അണ്ണാത്തെ' തന്റെ ഇടിയുന്ന വിപണി മൂല്യത്തെ താങ്ങി നിറുത്തും എന്ന ആത്മവിശ്വാസത്തിലാണ് രജനി .അതേ സമയം 'അണ്ണാത്തെ' ശോഭിക്കാതെ പോകുകയാണെകിൽ രജനി ആരാധകർ കൂടുതൽ വിജയ് പക്ഷത്തേക്കുമാറുമെന്ന് പ്രചാരണമുണ്ട്. എന്നാൽ ചിത്രം വിജയിച്ചാൽ വർഷത്തിൽ ഒരു ചിത്രമെന്ന നിലയിലേക്ക് രജനി മാറിയേക്കും. പുതിയ സൂപ്പർസ്റ്റാർ വിജയ് ആണെന്നതിൽ സംശയമില്ലെങ്കിലും രജനികാന്തിനെപ്പോലെ അന്തർദ്ദേശീയ തലത്തിൽ അംഗീകാരം നേടിയെടുക്കാൻ വിജയ് യ്ക്ക് കാലങ്ങൾ വേണ്ടിവരും. തമിഴകത്ത് എം.ജി.ആറിനു ശേഷം സൂപ്പർതാരങ്ങൾ പലരും വന്നെങ്കിലും രജനികാന്തിനെപ്പോലെ തിളങ്ങിയവർ ആരുംതന്നെയില്ല. ശരിക്കു പറഞ്ഞാൽ തമിഴകത്തെ അവസാന സൂപ്പർസ്റ്റാർ രജനി തന്നെയായിരിക്കും.