തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി എ കെ ആന്റണി. പഴയതുപോലെ അടുത്തു പ്രവർത്തിക്കാനുള്ള സാഹചര്യം തങ്ങൾക്ക് ഉണ്ടായിരിക്കുകയാണ്. കോൺഗ്രസിലെ എല്ലാ നേതാക്കന്മാരും ചെറിയാനെ സാർവത്രികമായി സ്വാഗതം ചെയ‌്തു കഴിഞ്ഞുവെന്ന് ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
'പാർട്ടി ബന്ധം മാത്രമല്ല, ചെറിയാൻ ഫിലിപ്പുമായി തനിക്കുള്ളത് കുടുംബാംഗത്തെ പോലെയുള്ള ബന്ധമായിരുന്നു. നിർഭാഗ്യവശാൽ ചെറിയാനുണ്ടായിട്ടുള്ള ചില മാനസിക പ്രയാസങ്ങൾ, കോൺഗ്രസിൽ നിന്ന് കിട്ടേണ്ട പരിഗണന കിട്ടിയില്ല, അവഗണന ഉണ്ടായി എന്ന തോന്നലുണ്ടായപ്പോൾ ചെറിയാൻ വികാരപരമായ തീരുമാനമെടുക്കുകയായിരുന്നു. ആ ഘട്ടത്തിൽ എനിക്ക് കുറച്ച് പരിഭവവും പിണക്കവുമുണ്ടായി. അതൊരു ഷോക്ക് തന്നെയായിരുന്നു. കുറച്ചു നാളത്തേക്ക് ഞങ്ങൾ തമ്മിൽ സമ്പർക്കമില്ലായിരുന്നു. പിന്നീടെനിക്ക് തോന്നി, കോൺഗ്രസിൽ നിന്ന് രാജിവയ‌്‌ക്കാൻ ചെറിയാന് ചെറിയാന്റേതായ ന്യായങ്ങളുണ്ടാകും. അതോടുകൂടി എന്റെ പരിഭവങ്ങൾ അവസാനിച്ചു. ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധം സാധാരണ നിലയിലായി. ഞാൻ കേരളത്തിൽ വരുമ്പോൾ ചെറിയാൻ മിക്കവാറും എന്നെ വന്നുകാണും. ഡൽഹിയിൽ വരുമ്പോൾ ഡൽഹിയിലെ വീട്ടിൽ വന്നുകാണും. മഞ്ഞുരുക്കമെല്ലാം പത്തുപതിനാറ് വർഷം മുമ്പേ കഴിഞ്ഞു.
തിരികെ എത്തുമ്പോൾ ഉപദേശങ്ങളുടെ ആവശ്യമൊന്നും ചെറിയാനില്ല. അദ്ദേഹം കോൺഗ്രസിലേക്ക് വരുന്നതിൽ വളരെ സന്തോഷമാണുള്ളത്. പക്ഷേ ഞാൻ ഏറെ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. മാർക്‌സിസ്‌റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയപ്പോഴും, എകെജി സെന്ററിന്റെ അകത്തളങ്ങിൽ സ്വാതന്ത്ര്യത്തോടെ ഇടപഴകിയപ്പോഴും ചെറിയാൻ ഫിലിപ്പ് ഒരിക്കലും മാർക്‌സിസ്‌റ്റ് പാർട്ടിയുടെ മെമ്പർഷിപ്പ് എടുത്തിട്ടില്ല. അദ്ദേഹം ജീവിതത്തിൽ ആകെ എടുത്തിട്ടുള്ള മെമ്പർഷിപ്പ് കോൺഗ്രസ് പാർട്ടിയുടെതാണ്. ഇപ്പോൾ ഞങ്ങൾക്ക് പഴയതുപോലെ അടുത്തു പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്. കോൺഗ്രസിലെ എല്ലാ നേതാക്കന്മാരും ചെറിയാനെ സാർവത്രികമായി സ്വാഗതം ചെയ‌്തു കഴിഞ്ഞു'.
ചെറിയാൻ ഫിലിപ്പിന് അർഹമായ പദവി നൽകുമോ എന്ന ചോദ്യത്തിന് എ കെ ആന്റണിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'അതൊക്കെ തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്. അദ്ദേഹം ഉചിതമായ കാര്യങ്ങൾ ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. രാജ്യസഭയിലേക്ക് ചെറിയാൻ ഉടൻപോകില്ല. കോൺഗ്രസിലേക്ക് വന്നാലുടൻ തന്നെ അടുത്ത സ്ഥാനം രാജ്യസഭയിലേക്ക് എന്നൊന്നില്ല'. അങ്ങനെ ചെറിയാനും ആഗ്രഹിക്കുന്നെന്ന് താൻ കരുതുന്നില്ലെന്ന് ആന്റണി വ്യക്തമാക്കി.