ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിരസിക്കുകയായിരുന്നു. സ്റ്റേ ചെയ്യണോ എന്ന കാര്യത്തിൽ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ വാദം.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ളീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും അതിനാൽ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
മുസ്ളീം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാർ, പാലോളി കമ്മിറ്റികൾ കണ്ടെത്തിയിരുന്നു. അതിനാലാണ് ആ സമുദായത്തിന് കൂടുതൽ സ്‌കോളർഷിപ്പ് അനുവദിച്ചത്. ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ പക്കൽ ആധികാരിക രേഖകൾ ഇല്ല. ഈ സാഹചര്യത്തിൽ ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്നുമായിരുന്നു സുപ്രീം കോടതിയിൽ കേരളം നിലപാടെടുത്തത്.
ഇപ്പോൾ, ക്രൈസ്തവരുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്‌കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.