holy-wound

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന 'ഹോളിവൂണ്ട് ' എന്ന സൈലന്റ് മൂവി ലെസ്ബിയൻ പ്രണയമാണ് വിഷയമാക്കിയിരിക്കുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസമാകുന്നില്ലന്ന് ചിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. പ്രണയം, രണ്ട് മനസുകളുടെ പറഞ്ഞു തീർക്കാൻ കഴിയാത്ത ആവേശമാണ്. ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മുന്നേറുന്നത്. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോർന്നു പോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്.

ലെസ്ബിയൻ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും.ജാനകി സുധീർ , അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നിർമ്മാണം സന്ദീപ് ആർ, രചന പോൾ വൈക്ലിഫ്, ഛായാഗ്രഹണം ഉണ്ണി മടവൂർ , എഡിറ്റിംഗ് വിപിൻ മണ്ണൂർ എന്നിവരാണ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമാണ് ഹോളിവൂണ്ടിന്റെ ചിത്രീകരണം നടന്നത്.