തിരുവനന്തപുരം: ദക്ഷിണ കൊറിയയിൽ ഉള്ളി കൃഷി ചെയ്യാൻ താൽപ്പര്യപ്പെട്ട് എത്തിയത് എഴുനൂറോളം മലയാളികൾ. പക്ഷേ, അധികൃതർ കാര്യങ്ങൾ അറിയിച്ചതോടെ ഇതിൽ പലരും വന്നതിലും വേഗത്തിൽ സ്ഥലം വിട്ടു. സർക്കാരിന്റെ വിദേശ റിക്രൂട്ടിംഗ് ഏജൻസിയായ ഒഡെപെക് മുഖേന 100 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഇതിന് മുന്നോടിയായി ഇന്നലെ മൂന്നു ബാച്ചുകളായി നടത്തിയ സെമിനാറിൽ പങ്കെടുത്തവരിൽ നിന്നാണ് മുപ്പതുപേർ സ്ഥലം കാലിയാക്കിയത്.
ദക്ഷിണ കൊറിയയിലെ കൊടുംതണുപ്പും, ഒമ്പത് മണിക്കൂർ നേരത്തെ എല്ലുവെള്ളമാക്കുന്ന ജോലിയെക്കുറിച്ചും അറിഞ്ഞതോടെയാണ് ഇവർ ജോലിവേണ്ടെന്ന് വളരെവേഗം തീരുമാനിച്ചത്. മാസത്തിൽ രണ്ടുദിവസം മാത്രമാണ് അവധി എന്നതും ഇവർക്ക് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. ഇന്നലെ നടത്തിയ പരിശീലനത്തിൽ 100 വനിതകളും എത്തിയിരുന്നു. താെഴിലന്വേഷിച്ചെത്തിയവരുടെ സെമിനാർ ഹാളിലേക്ക് ഇടിച്ചു കയറാനുള്ള ശ്രമത്തെ നിയന്ത്രിക്കാൻ സംഘാടകർ ഒത്തിരി കഷ്ടപ്പെട്ടു.
വെറും പത്താം ക്ളാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 1.12 ലക്ഷം രൂപ പ്രതിമാസ ശമ്പളം ലഭിക്കുമെന്ന് അറിഞ്ഞതോടെയാണ് കൂടുതൽ പേരും എത്തിയത്. സ്ത്രീകൾക്കായി അറുപത് ശതമാനം സംവരണവും ഏർപ്പെടുത്തിയിരുന്നു. കാർഷികവൃത്തിയിൽ പരിചയയും 25–40 പ്രായപരിധിയുമായിരുന്നു മറ്റുയോഗ്യതകൾ. 100 പേർക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനം.
ഉദ്യോഗാർത്ഥികൾക്ക് ദക്ഷിണ കൊറിയയിലെ കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, കാലാവസ്ഥ, തൊഴിൽ മേഖല തുടങ്ങിയവയെക്കുറിച്ച് അറിവു നൽകുകയായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം. ജോലിസമയം, അവധി, ഭക്ഷണം, കാലാവസ്ഥ എന്നിവയെക്കുറിച്ചൊക്കെയാണ് ഉദ്യാേഗാർത്ഥികൾക്ക് കൂടുതലായും അറിയേണ്ടിയിരുന്നത്. ഇതിനെക്കുറിച്ച് സംഘാടകർ വിശദമായിത്തന്നെ പറഞ്ഞുകൊടുത്തു. മാസത്തിൽ 28 ദിവസം ജോലി ചെയ്യണമെന്നും രണ്ട് അവധി മാത്രമാണ് കിട്ടുകയെന്നും സംഘാടകർ പറഞ്ഞു. ഒരു ദിവസം ഒമ്പത് മണിക്കൂർ ജോലിചെയ്യണെമെന്നും കൂടി അറിഞ്ഞതോടെ കൂടുതൽ പേർക്കും എങ്ങനെയും സ്ഥലംവിട്ടാൽ മതിയെന്ന അവസ്ഥയിലായി. കൊറിയയിലെ കൊടുംതണുപ്പിനെക്കൂടി അറിഞ്ഞതോടെ അവർ തീരുമാനം വളരെ പെട്ടെന്ന് എടുക്കുകയായിരുന്നു.