adani

ഇന്ത്യയിലെ സമ്പന്നരിൽ ഏറ്റവുമധികം സമ്പത്തുള‌ളത് ആരാണെന്ന ചോദ്യത്തിന് ആരും ഉത്തരം പറയും. ഒന്നുകിൽ അംബാനി അല്ലെങ്കിൽ അദാനി. എന്നാൽ ഏ‌റ്റവുമധികം സ്വത്ത് സംഭാവന നൽകുന്നതാരാണെന്ന് അറിയാമോ?​ ടാ‌റ്റ എന്നാകും പലരുടെയും ഉത്തരം. ടാ‌റ്റയും സാമൂഹ്യ ക്ഷേമത്തിന് സ്വത്ത് സംഭാവന നൽകുന്നുണ്ട്. എന്നാൽ ഒന്നാമൻ ഇവരാരുമല്ല സോഫ്‌റ്റ്‌വെയർ കമ്പനി വിപ്രോ സ്ഥാപക ചെയർമാനായ അസിം പ്രേംജിയാണത്. 2021 സാമ്പത്തിക വർഷത്തിൽ 27 കോടി രൂപ പ്രതിദിനം സംഭാവന ചെയ്‌താണ് അസിം പ്രേംജി ഒന്നാമനായത്. ഒരു വർഷം സംഭാവന ചെയ്‌തത് 9713 കോടി.

മുൻപ് നൽകിയിരുന്ന സംഭാവനയുടെ നാലിലൊന്ന് വർദ്ധന ഈ കൊവിഡ് മഹാമാരിക്കാലത്ത് അസിം പ്രേംജി വരുത്തി. എഡൽഗിവ് ഹുറുൻ ഇന്ത്യയുടെ 2021ലെ ദാനശീലരായ സമ്പന്നരുടെ പട്ടികയിൽ അസിം പ്രേംജി ഒന്നാമതും എച്ച്‌സി‌എല്ലിലെ ശിവ് നാടാർ 1263 കോടി ദാനം ചെയ്‌ത് രണ്ടാമതുമെത്തി. കോടികൾ ഇന്ത്യയിൽ നിന്നും സമ്പാദിക്കുന്നുണ്ടെങ്കിലും മുകേഷ് അംബാനി 577 കോടി മാത്രമാണ് സംഭാവന നൽകുന്നത്. ലിസ്‌‌റ്റിൽ മൂന്നാമതാണ് അദ്ദേഹം. കുമാരമംഗലം ബിർല നൽകിയത് 377 കോടിയാണ്. അതേസമയം 130 കോടി മാത്രം സംഭാവന ചെയ്‌ത് അദാനി എട്ടാമതാണ്.

ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലകേനി 183 കോടി രൂപ ദാനമായി നൽകി. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലേക്കാണ് മിക്ക സമ്പന്നരും സംഭാവന നൽകുന്നത്. 40 വയസിന് താഴെയുള‌ള അതിസമ്പന്നരിൽ സ്വത്ത് സംഭാവന ചെയ്യുന്നത് വ‌ർദ്ധിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ ഏ‌റ്റവും വലിയ ഓഹരി നിക്ഷേപകനായ രാകേഷ് ഝുൻഝുൻവാല തന്റെ സമ്പാദ്യത്തിന്റെ നാലിലൊന്ന് സാമൂഹിക പ്രവർത്തനത്തിന് സംഭാവനയേകി.

ഏ‌റ്റവുമധികം സമ്പത്ത് ദാനം ചെയ്‌ത പത്തുപേരിൽ ഹിന്ദുജ, ബജാജ്, അനിൽ അഗർവാൾ, ബർമൻ കുടുംബങ്ങളുണ്ട്. ഫാർമ മേഖലയിലും ഓട്ടോമൊബൈൽ, സോഫ്‌റ്റ്‌വെയർ മേഖലയിലുള‌ളവരാണ് ഏ‌റ്റവുമധികം സമ്പത്ത് ദാനം ചെയ്യുന്ന സമ്പന്നർ.