തിരുവനന്തപുരം: മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സിപിഎമ്മിൽ പ്രവർത്തിച്ചതെന്ന് ചെറിയാൻ ഫിലിപ്പ്. 20 വർഷത്തെ ഇടതുപക്ഷ സഹവാസം അവസാനിപ്പിച്ചുകൊണ്ട് കോൺഗ്രസിൽ തിരിച്ചെത്തിയ വിവരം ഔദ്യോഗികമായി വ്യക്തമാക്കി കൊണ്ടാണ് ചെറിയാൻ ഇക്കാര്യം അറിയിച്ചത്. സിപിഎം ഏൽപ്പിച്ച എല്ലാ രാഷ്‌ട്രീയ ചുമതലകളും സത്യസന്ധമായി നിറവേറ്റി. എകെജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല, പറയുകയുമില്ല. എല്ലാരും പറയുന്നതുപോലെ അധികാരസ്ഥാനങ്ങളല്ല സിപിഎമ്മിൽ തനിക്കു നേരിടേണ്ടി വന്ന പ്രശ്നം. രാഷ്‌ട്രീയരംഗത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി താൻ മാറുകയായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സ്ഥിരമായി ചിലർക്ക് മാത്രം സ്ഥാനമാനങ്ങൾ തുടർച്ചയായി നൽകുന്നതിൽ പ്രതിഷേധിച്ചാണ് താൻ കോൺഗ്രസ് വിട്ടത്. ഇന്ന് ആ അവസ്ഥ മാറി. അതാണ് കോൺഗ്രസിലേക്ക് തിരികെ വരാൻ പ്രേരിപ്പിച്ചതെന്നും ചെറിയാൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
'കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്നലെ രാവിലെ എന്നെ ഔദ്യോഗികമായി കോൺഗ്രസിലേക്ക് ക്ഷണിച്ചു. ഇന്ന് രാവിലെ എന്റെ രാഷ്‌ട്രീയ ഗുരു എകെ ആന്റണിയെ കണ്ട് അനുഗ്രഹം നേടുകയുണ്ടായി. 20 വർഷത്തെ ഇടവേളയക്ക് ശേഷം ഞാൻ എന്റെ തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യൻ ദേശീയതയുടെ പ്രതീകമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കോൺഗ്രസ് തന്നെ വീണ്ടും ഇന്ത്യയുടെ ഭരണഭാഗധേയത്തിലും രാഷ്‌ട്രീയ മുന്നേറ്റത്തിലുമുണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ളതുകൊണ്ടാണ് ജീവതസായാഹ്നത്തിൽ കോൺഗ്രസിനെ കെട്ടിപടുക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തിൽ ഞാനും പങ്കാളിയാകുന്നത്.
എനിക്ക് കോൺഗ്രസിലേക്ക് തിരികെ വരാൻ ഒരുമടിയുമില്ല. കാരണം എന്റെ അദ്ധ്വാനം അവിടെയുണ്ട്. സ്ഥിരമായി ചിലർക്ക് മാത്രം സ്ഥാനമാനങ്ങൾ തുടർച്ചയായി നൽകുന്നതിൽ പ്രതിഷേധിച്ചാണ് ഞാൻ കോൺഗ്രസ് വിട്ടത്. എന്നെ ആരും പുറത്താക്കിയതല്ല. ഞാൻ അന്ന് പറഞ്ഞ അധികാരകുത്തക അവസാനിപ്പിക്കണമെന്ന സന്ദേശം കോൺഗ്രസ് ഇപ്പോൾ നടപ്പാക്കിയിരിക്കുകയാണ്. അന്ന് ഞാൻ പറഞ്ഞത് നടപ്പാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
സിപിഎമ്മിൽ പ്രവർത്തിച്ചപ്പോൾ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് പലപ്പോഴും ന്യായീകരണത്തൊഴിലാളി ആകേണ്ടിവന്നിട്ടുണ്ട്. അവർ ഏൽപ്പിച്ച എല്ലാ രാഷ്‌ട്രീയ ചുതലകളും സത്യസന്ധമായി നിറവേറ്റി. എകെജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെല്ലാം എനിക്കറിയാം. ഒന്നും ഞാൻ പുറത്തുപറഞ്ഞിട്ടില്ല, പറയുകയുമില്ല. എല്ലാരും പറയുന്നതുപോലെ അധികാരസ്ഥാനങ്ങളല്ല സിപിഎമ്മിൽ എനിക്കു നേരിടേണ്ടി വന്ന പ്രശ്നം. രാഷ്‌ട്രീയരംഗത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി ഞാൻ മാറി. എന്റെ രാഷ്‌ട്രീയ പ്രസക്തി പോയി. 12 വയസു മുതൽ രാഷ്‌ട്രീയ ജീവിയായ എനിക്ക് മരണം വരെയും രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്നതിന് ഇടതുപക്ഷ സഖവാസം ശരിയല്ല എന്ന തിരിച്ചറിവാണ് ഉണ്ടായത്.
കോൺഗ്രസിൽ പലരും എന്റെ തിരിച്ചുവരവിനായി അഗ്രഹിച്ചവരാണ്. എന്റെ വിപുലമായ സൗഹൃദങ്ങളുള്ളത് കോൺഗ്രസിലാണ്. എന്റെ വേരുകൾ കോൺഗ്രസിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ ജനിച്ചുവളർന്ന വീട്ടിൽ കിടന്നു മരിക്കുന്നതാണ് അഭികാമ്യമെന്ന് കരുതുന്നു'- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.