maniyan-pilla-raju

തന്റെ സിനിമാ സെറ്റുകളിൽ കപ്പലണ്ടി കൊടുത്തു തുടങ്ങിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. തന്റെ സെറ്റിലെ എല്ലാവർക്കും കപ്പലണ്ടി, പഴം തുടങ്ങിയവ നൽകുന്ന പതിവ് മണിയൻ പിള്ള രാജുവിനുണ്ട് . ഇതിന് കാരണം മലയാളത്തിന്റെ അതുല്യ നടൻ തിക്കുറിശ്ശിയാണെന്ന് മണിയൻ പിള്ള രാജു പങ്കുവയ്ക്കുന്നു. കൗമുദി ടീവിയിലെ താരപകിട്ടെന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'വെള്ളാനകളുടെ നാടിലെ' സെറ്റിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണിന് ശേഷം പായസം നൽകുമായിരുന്നു. ഇത് കണ്ട തിക്കുറിശ്ശി ചേട്ടൻ തനിക്ക് എന്ത് അഹങ്കാരമാണെന്ന് തന്നോട് ചോദിച്ചു. ഇത്രയും നല്ല ആഹാരം കൊടുത്തിട്ട് അതിന്റെ കൂടെ പായസം കൂടെ നൽകുന്നത് അഹങ്കാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് തനിക്ക് ഏറെ വിഷമമുണ്ടാക്കി. എന്നാൽ പിന്നീട് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചു.

പായസം നൽകുന്നത് അഹങ്കാരമല്ലെന്നും മറിച്ച് പുണ്യപ്രവ‌ർത്തിയാണെന്നും പറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് ആഹാരത്തിന് ശേഷം പായസം നൽകുന്നത് മൂലം എല്ലാവർക്കും മന്ദത അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും ഉണർവോടെ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം ഉപദേശിച്ചെന്ന് മണിയൻ പിള്ള രാജു വെളിപ്പെടുത്തി. അതിന് ശേഷമാണ് സെറ്റുകളിൽ കപ്പലണ്ടി കൊടുത്തു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.