dean-kuriakose

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് നടന്ന അവലോകന യോഗത്തിന് ക്ഷണിക്കാത്തതിൽ സ്ഥലം എംപി എന്ന നിലയിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ തുറക്കുന്ന ചടങ്ങിലേക്ക് പോകേണ്ട കാര്യമില്ല. എന്നാൽ അവലോകന യോഗത്തിൽ ക്ഷണിക്കേണ്ടതായിരുന്നു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് താനെന്നും എംപി പറഞ്ഞു. ചടങ്ങിലേക്ക് എംപിയെ ക്ഷണിച്ചിരുന്നുവെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.

ഇന്നലെ താൻ ഫോണിൽ ഡീൻ കുര്യാക്കോസിനെ വിളിച്ചിരുന്നു. രാവിലെ റവന്യുമന്ത്രി കൂടി എത്തിയശേഷം ഒന്നിച്ച് പോകാമെന്ന് പറഞ്ഞതാണ്. സംസ്ഥാനത്തിന് മുഴുവൻ താൽപര്യമുള്ള വിഷയമാണിത്. ഇക്കാര്യത്തിൽ വിവാദങ്ങൾ അനാവശ്യമാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.