bike-

കൊല്ലം:യമഹയുടെ ആർ എക്സ് 100 എന്ന ബൈക്കിൽ ബജാജിന്റെ എൻജിൻ മാറ്റി ഘടിപ്പിച്ച് വില്പന നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതൺപ്പള്ളി, കാറ്റാടി,​ ആശിഷ് വില്ലയിൽ ആശിഷ് ഫിലിപ്പാണ് (25) കഴിഞ്ഞ ദിവസം പിടിയിലായത്.

ബജാജിന്റെ എൻജിനോടുകൂടിയ യമഹ ആർ എക്സ് 100 എന്ന ബൈക്ക് ഇയാൾ 73000 രൂപക്കാണ് ചാത്തന്നൂർ സ്വദേശിയായ ചാക്കോയ്ക്ക് വിൽപന നടത്തിയിരുന്നത്. എന്നാൽ വാഹനത്തിൽ ഇന്ധന ചോർച്ച ഉണ്ടായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ബൈക്കിൽ എൻജിൻ മാറ്റിയിരിക്കുന്ന കാര്യം ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബൈക്കിന്റെ വിലയായി കൈപ്പറ്റിയ 73000 രൂപ തിരികെ നൽകാൻ ആവശ്യപെട്ടെങ്കിലും ആശിഷ് തയ്യാറായില്ല. അതിനെ തുടർന്നാണ് ഉടമസ്ഥൻ ആർ.ടി.ഓയ്ക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആർ സിലേയും എൻജിനിലേയും നമ്പ‍ർ ഒന്നാണ് എന്ന് കണ്ടെത്തിയെങ്കിലും ലോക്കൽ പഞ്ചിംഗ് ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ആശിഷിനെ പുയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഇയാൾ നേരത്തെ റിമാൻഡിലായിരുന്നു.