സിനിമയുടെ ചരിത്രം പറഞ്ഞു തുടങ്ങുമ്പോൾ റഷ്യൻ മണ്ണിൽ നിന്ന് ലോക സിനിമയുടെ പാഠപുസ്തകത്തിലേക്ക് എഴുതിച്ചേർത്ത സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാകില്ല. സെർജി ഐസൻസ്റ്റൈൻ, പുഡോവ്കിൻ, ആന്ദ്രെ തർകോവ്സ്കി, സീഗ വെർടോവ് തുടങ്ങിയ പേരുകൾ കേൾക്കാതെ ലോക സിനിമയുടെ ചരിത്രം പഠിക്കാനാകില്ല. സിനിമയെ നിർവചിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്ഭവിച്ച ഓരോ ഏടുകളാണ് ഇന്ന് നാം കാണുന്ന ലോക സിനിമയെ വാർത്തെടുത്തിരിക്കുന്നത്.
അത്തരത്തിൽ സോവിയറ്റ് മണ്ണിൽ നിന്ന് ഉത്ഭവിച്ച ഒന്നായിരുന്നു സോവിയറ്റ് മൊണ്ടാഷ്. സിനിമാ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ എഡിറ്റിംഗ് ടെക്നിക്കുകളിൽ ഒന്നാണത്. ഇന്നത്തെ പോലെ സാങ്കേതിക വിദ്യയുടെ അതിപ്രസരമില്ലാതിരുന്ന 1920കളിൽ ചില നിശ്ചിത സംഭവങ്ങൾ പ്രേക്ഷരുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ അഭിനേതാക്കളുടെ ഭാവവും ചുറ്റുപാടുമുള്ള സീനുകളും കോർത്തിണക്കിയുള്ള എഡിറ്റിംഗ് രീതിയെന്ന് ചുരുക്കി പറയാം. റഷ്യൻ സംവിധായകൻ ലെവ് കുലെഷോവ് ഉൾപ്പെടെയുള്ളവരിൽ നിന്നാണ് ഇതിന്റെയൊക്കെ തുടക്കം. പിൽകാലത്ത് ലോക സിനിമയിൽ പല പ്രഗത്ഭരായ സംവിധായകരും കുലെഷോവിന്റെ പരീക്ഷണങ്ങളെ ഏറ്റെടുത്തിരുന്നു.
മൊണ്ടാഷ് എഡിറ്റിംഗിലൂടെ സംഘർഷവും കലാപവും ഭീകരതയും പ്രേക്ഷരിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിയുന്ന തരത്തിൽ പുതിയ വഴികളിലൂടെയുള്ള സെർജി ഐസൻസ്റ്റൈനിന്റെ സഞ്ചാരമായിരുന്നു ബാറ്റിൽഷിപ്പ് പൊട്ടംകിൻ എന്ന വിഖ്യാത ചിത്രം. ബാറ്റിൽഷിപ്പ് പൊട്ടംകിനിലൂടെ സോവിയറ്റ് മൊണ്ടാഷിന് പുതിയ ഒരു മുഖമാണ് ഐസൻസ്റ്റൈൻ നൽകിയത്. ഒരു ഹൈക്കു കവിത പോലെയായിരുന്ന ഐസൻസ്റ്റൈനിന്റെ കാഴ്ചപ്പാടിൽ മൊണ്ടാഷ്. കാലം കടന്നുപോയതിനൊപ്പം മൊണ്ടാഷിലും ഏറെ പരിണാമങ്ങൾ സംഭവിച്ചു.
സെക്കോ, സിറ്റിസൺ കെയ്ൻ, റോക്കി തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലൊക്കെ മൊണ്ടാഷ് ഭംഗിയായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. സോവിയറ്റ് അവന്റ് ഗാർഡ് സിനിമകൾക്കും ചരിത്രത്തിൽ നിർണായക സ്ഥാനമാണുള്ളത്. ആദ്യകാലത്തിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഏതൊരു ഭാഷയിലേയും പോലെ തന്നെ റഷ്യൻ ചിത്രങ്ങൾക്കും വന്നിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകളുെടയും എഡിറ്റിംഗ് ടെക്നിക്കുകളുടെയും സഹായത്തോടെ ഹോളിവുഡിന് സാധിക്കാതെ പോയ നേട്ടങ്ങൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തെ പിന്തുടരുകയാണ് റഷ്യൻ സിനിമ.
അതെ, ഒരുകാലത്ത് ബഹിരാകാശ രംഗത്ത് അമേരിക്കയും റഷ്യയും തമ്മിൽ നിലനിന്നിരുന്ന ശീതയുദ്ധത്തിന് സമാനമായ പോരാട്ടം സിനിമയിലേക്കും കടന്നെത്തിയിരിക്കുകയാണ്. അതിനുത്തമ ഉദാഹരണത്തിന് ലോകം സാക്ഷിയായി കഴിഞ്ഞു. ബഹിരാകാശത്ത് ആദ്യമായി ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചിരിക്കുകയാണ് റഷ്യ. പഴയ കാലത്ത് റഷ്യൻ ചിത്രങ്ങൾക്ക് ശ്രദ്ധ ലഭിക്കാതെ പോയെങ്കിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ റഷ്യൻ സിനിമാ മേഖലയെ കൂടുതൽ അടുത്തറിയാൻ താത്പര്യം പ്രകടിപ്പിക്കുകയാണ്.
ചരിത്ര നേട്ടം
കഴിഞ്ഞ ഒക്ടോബർ 5. കസാഖിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4.55ന് ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:25 ) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ലക്ഷ്യമാക്കി സോയൂസ് MS -19 പേടകം കുതിച്ചുയർന്നു. വളരെ സങ്കീർണമായ ഒരു ദൗത്യവുമായാണ് സോയൂസ് പേടകം യാത്ര പുറപ്പെട്ടത്.
നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ ആ യാത്രയെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. കാരണം, അമേരിക്കയെ കടത്തിവെട്ടി ചരിത്രത്തിലാദ്യമായി ഭൂമിയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന ആദ്യ മുഴുനീള സിനിമയെന്ന റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. ഇതിനായി ' ദ ചലഞ്ച് ( The Challenge ) എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധായകൻ ക്ലിം ഷിപ്പെൻകോ, റഷ്യൻ ബഹിരാകാശ സഞ്ചാരിയായ ആന്റോൺ ഷ്കാപ്ലെറോവ് എന്നിവരും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരപ്പിക്കുന്ന യൂലിയ പെരെസിൽഡുമായിരുന്നു ഭൂമിയിൽ നിന്ന് 250 മൈൽ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station ) സോയൂസ് പേടകത്തിൽ യാത്ര തിരിച്ചത്.
തടസങ്ങളൊന്നുമില്ലാതെ സംഘം ലക്ഷ്യത്തിലേക്കെത്തുകയും ചെയ്തു. മൂവരെയും വഹിച്ചിരുന്ന കാപ്സ്യൂളും മോസ്കോയിലെ മിഷൻ കൺട്രോളും തമ്മിൽ നേരിയ സോഫ്ട് വെയർ പ്രശ്നങ്ങൾ നേരിട്ടതിനാൽ ഏതാനും മിനിറ്റുകൾ വൈകിയാണ് പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നടന്നത്.ഒക്ടോബർ 5ന് പ്രാദേശിക സമയം രാവിലെ 8.22ന് പേടകത്തെ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുകയും അന്ന് രാവിലെ 11ന് ( ഇന്ത്യൻ സമയം രാത്രി 8.30 ) സംഘം ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഏകദേശം രണ്ടാഴ്ചസിനിമയ്ക്കായി യൂലിയയും ക്ലിമ്മും ബഹിരാകാശ നിലയത്തിൽ ചിലവഴിച്ചു. നിശ്ചയിച്ചത് പോലെ തന്നെ ഒക്ടോബർ 17ന് ഇന്ത്യൻ സമയം രാവിലെ 10.05ന് യൂലിയയും ക്ലിമ്മും ഭൂമിയിലേക്ക് സുരക്ഷിതമായെത്തി. 2021 ഏപ്രിൽ മുതൽ ബഹിരാകാശത്ത് തുടരുന്ന സോയൂസ് MS -18 പേടകത്തിലാണ് ഇരുവരും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിരുന്ന റഷ്യൻ കമാൻഡർ ഒലേഗ് നോവിറ്റ്സ്കിയാണ് ഇരുവരെയും മടക്കയാത്രയിൽ അനുഗമിച്ചത്. യൂലിയയ്ക്കും ക്ലിമ്മിനുമൊപ്പം ബഹിരാകാശ നിലയത്തിലെത്തിയ ആന്റോൺ ഷ്കാപ്ലെറോവ് അടുത്ത വർഷം മാർച്ച് വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുമെന്നാണ് വിവരം.
നാസ സ്വപ്നം കണ്ടു, റഷ്യ ആകാശത്ത് കണ്ടു
ഹോളിവുഡിലെ ഡെയർ ഡെവിളാണ് ടോം ക്രൂസ്. അസാമാന്യ ആക്ഷൻ സ്റ്റണ്ടുകളിലൂടെ മിഷൻ ഇംപോസിബിൾ താരം 59ാം വയസിലും ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമാ ചിത്രീകരിക്കുന്ന വിവരം കഴിഞ്ഞ വർഷം മേയിലാണ് നാസ പ്രഖ്യാപിച്ചത്. ഡഗ് ലിമാനാകും സംവിധായകനെന്നും രണ്ട് വർഷം നീണ്ട പരിശീലനം ടോം ക്രൂസിന് നൽകുമെന്നും ഇതിന് ശേഷമാകും ചിത്രീകരണം നടക്കുക എന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. ചിത്രീകരണം എന്ന് തുടങ്ങുമെന്നോ ടോം ക്രൂസിന്റെ യാത്ര എങ്ങനെയായിരിക്കുമെന്നോ സംബന്ധിച്ച വിവരങ്ങൾ നാസ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയിലാണ് പ്രതീക്ഷകളെല്ലാം തെറ്റിച്ച് റഷ്യയുടെ രംഗപ്രവേശം. റഷ്യയുടെ ബഹിരാകാശ സിനിമാ പദ്ധതിയുടെ നീക്കങ്ങൾ വളരെ രഹസ്യമായിട്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അടുത്ത ബന്ധമുള്ളവരുടെയും പങ്കാളിത്തമുള്ള സിനിമ ബിഗ് ബഡ്ജറ്റ് ആണെങ്കിലും ചെലവ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ്, റഷ്യൻ ടെലിവിഷൻ ചാനലായ ' ചാനൽ വൺ ", റഷ്യൻ ഫിലിം സ്റ്റുഡിയോയായ ' യെല്ലോ, ബ്ലാക്ക് ആൻഡ് വൈറ്റ് " എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്. ബഹിരാകാശ നിലയത്തിലെ റഷ്യൻ സഞ്ചാരികളും ചിത്രത്തിന്റെ ഭാഗമാണ്. ദ ചലഞ്ചിലെ 35 മുതൽ 40 മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് ബഹിരാകാശനിലയത്തിൽ ചിത്രീകരിക്കുന്നത്.
ബഹിരാകാശത്തെ ശീതയുദ്ധം
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നടന്ന ശീതയുദ്ധ കാലയളവിന് ചരിത്രത്തിൽ ഏറെ പ്രാധാന്യമാണുള്ളത്. സ്പുട്നിക് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം മുതൽ ഇപ്പോൾ ബഹിരാകാശ സിനിമാ ഷൂട്ടിംഗിൽ വരെ റഷ്യയും അമേരിക്കയും തമ്മിലുള്ള മത്സരം പ്രകടമാണ്.
1950കളിലാണ് സോവിയറ്റും അമേരിക്കയും ബഹിരാകാശ ഗവേഷണ രംഗത്ത് പരസ്പരം പോരാട്ടം തുടങ്ങിയത്. ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1, 1957 ഒക്ടോബറിൽ വിക്ഷേപിച്ചതോടെ അമേരിക്കയെക്കാൾ ഒരുപടി മുന്നിൽ സോവിയറ്റ് എത്തി. മാനവരാശിയെ അത്ഭുതപ്പെടുത്തിയ ഒട്ടേറെ കണ്ടുപിടുത്തങ്ങളിലേക്കാണ് ഇരുരാജ്യങ്ങളുടെയും തുറന്ന പോര് വഴിവച്ചത്.
1957ൽ ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെയ്ക എന്ന നായയുമായി സോവിയറ്റ് യൂണിയന്റെ ' സ്പുട്നിക് 2 " വും വിക്ഷേപിക്കപ്പെട്ടു. 1959ൽ ചാന്ദ്ര പര്യവേഷണവുമായി സോവിയറ്റിന്റെ ലൂണ1, ലൂണ 2 എന്നിവ കുതിച്ചുയർന്നു. 1961 ൽ ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനും 1963ൽ ബഹിരാകാശത്തെത്തുന്ന ആദ്യ വനിതയായ വാലന്റീന തെരഷ്കോവും സോവിയറ്റ് മണ്ണിൽ നിന്നാണ് വിണ്ണിലേക്ക് കുതിച്ചുയർന്നത്. ഇപ്പോഴിതാ ആ കാലഘട്ടത്തെ ഓർമിപ്പിക്കുകയാണ് ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യ സിനിമയെന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ഇരുരാജ്യങ്ങളുടെയും മത്സരം.
വീണുടഞ്ഞ സ്വപ്നം
ഭൂമിയ്ക്ക് പുറത്ത് അഭിനയിക്കുന്ന ആദ്യ അഭിനേതാവ് എന്ന ചരിത്രനേട്ടം സ്വന്തമാക്കാനുള്ള ടോം ക്രൂസിന്റെ തയാറെടുപ്പുകളെയാണ് 37കാരിയായ യൂലിയ നിഷ്പ്രഭമാക്കിയത്. ബഹിരാകാശത്ത് അഭിനയിക്കുന്ന ആദ്യ സിനിമാ താരമായി മാറിയ യൂലിയയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്. ലോക ബഹിരാകാശ വാരത്തിലാണ് ( ഒക്ടോബർ 4 - ഒക്ടോബർ 10 ) റഷ്യ സുപ്രധാനമായ ഈ ചുവടുവയ്പ് നടത്തിയത്. മാത്രമല്ല, ബഹിരാകാശ രംഗത്തെ സ്ത്രീകൾക്കുള്ള ആദരമായാണ് 2021ലെ ബഹിരാകാശ വാരം ലോകം ആചരിച്ചത്. ആ അവസരത്തിൽ ഭൂമിയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന ആദ്യ ഫീച്ചർ - ലെംഗ്ത് ഫിക്ഷൻ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഒരു സ്ത്രീയെ ആണ് റഷ്യ തിരഞ്ഞെടുത്തതെന്നതും ചരിത്ര സംഭവമാണ്.
2011 മുതൽ മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുകയും മടക്കിക്കൊണ്ടു വരികയും ചെയ്യുന്ന ഏക രാജ്യം റഷ്യയായിരുന്നു. അമേരിക്കയ്ക്ക് വേണ്ടി ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ 2020ൽ ബഹിരാകാശ സഞ്ചാരികളുമായി വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതോടെ സ്പേസ് എക്സിന്റെ തേരിലേറി ബഹിരാകാശത്തും ടോം ക്രൂസ് തന്റെ ആക്ഷൻ ഹീറോ പരിവേഷം നിലനിറുത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. അതേ സമയം, ടോം ക്രൂസിനെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടൊന്നുമില്ല. റഷ്യയ്ക്ക് മറ്റൊരു റെക്കോർഡ് സ്ഥാപിച്ച് മറുപടി നൽകാനാകും അമേരിക്ക ഇനി ശ്രമിക്കുക. 2022 ആദ്യത്തോടെ ടോം ക്രൂസിന്റെ ബഹിരാകാശ യാത്ര നടന്നേക്കുമെന്നും കേൾക്കുന്നു. റഷ്യൻ സിനിമാ സംഘം ആദ്യം ബഹിരാകാശ നിലയത്തിലെത്തിയതിനാൽ അമേരിക്കൻ സിനിമാ സംഘം ഇനി ചന്ദ്രനിലേക്കോ മറ്റോ പോയി ചരിത്രം കുറിക്കുമോ എന്നാണ് ചിലരുടെ സംശയം.!
റഷ്യയിലെ മികച്ച നടിമാരിൽ ഒരാളാണ് രണ്ട് പെൺകുട്ടികളുടെ അമ്മയായ യൂലിയ പെരെസിൽഡ്. ഒരു സഞ്ചാരിയെ രക്ഷിക്കാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഡോക്ടറുടെ വേഷമാണ് ദ ചലഞ്ചിൽ യൂലിയയ്ക്ക്. മോസ്കോയ്ക്ക് സമീപമുള്ള യൂറി ഗഗാറിൻ കോസ്മോനട്ട് ട്രെയിംനിംഗ് സെന്ററിൽ കടുത്ത പരിശീലനമാണ് സിനിമയ്ക്കായി യൂലിയയ്ക്ക് ലഭിച്ചത്. 3,000ത്തോളം പേരിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന ടെസ്റ്റുകളിൽ നിന്നാണ് യൂലിയയെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തത്.