അനന്യ എന്തിനായിരുന്നു ഈ ഒരു ബ്രേക്ക് ?
'ഞാൻ എവിടെയും പോയിട്ടില്ലായിരുന്നു ഇവിടെ തന്നെ ഉണ്ടായിരുന്നു. കുട്ടനാടൻ ബ്ലോഗിലാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്. ചെറിയ വേഷമായതുകൊണ്ട് ആരും അധികം ശ്രദ്ധിച്ചില്ല. മലയാളത്തിൽ ഇനി നല്ലൊരു വേഷം ചെയ്യണം എന്ന കാത്തിരിപ്പിലായിരുന്നു . ഈ സമയങ്ങളിലെല്ലാം തിരക്കഥകൾ കേൾക്കുന്നുണ്ടായിരുന്നു. എന്നെ ആകർഷിപ്പിച്ച തിരക്കഥ ഇപ്പോഴാണ് വന്നത്. ഇതിനിടയിൽ തമിഴിലും തെലുങ്കിലും സിനിമ ചെയ്തു. അതുകൊണ്ട് നിങ്ങൾ പറയുന്ന ബ്രേക്ക് എനിക്ക് ഫീൽ ചെയ്തില്ല. ഞാൻ സിനിമയോടൊപ്പം തന്നെയായിരുന്നു നിങ്ങൾ ഈ പറയുന്ന ഇടവേളയിലും..""
മലയാളികൾക്ക് അനന്യ എന്നും വീട്ടിലെ കുട്ടിയാണ്. ചെറിയ ബ്രേക്കിന് ശേഷം വന്നപ്പോഴും തന്നോടുള്ള പ്രേക്ഷകരുടെ സ്നേഹം കണ്ട സന്തോഷത്തിലും പുതിയ സിനിമകളുടെ തിരക്കഥകൾ കേൾക്കുന്നതിന്റെ തിരക്കിലും നിന്നുകൊണ്ട് അനന്യ സംസാരിച്ചു തുടങ്ങി.
തിരിച്ചുവരവ് ശക്തമാക്കിയല്ലോ ?
ഭ്രമമാണ് എന്റെ ഒ ടി ടി യിലെ ആദ്യ റിലീസ്. ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രവുമായി വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. ബോളിവുഡിലെ അത്രയധികം പ്രശംസകൾ പിടിച്ചു പറ്റിയ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. അതേപോലെ ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ സിനിമാറ്റോഗ്രാഫർ ആദ്യമായി സംവിധാനം ചെയ്യുന്നതും ഒപ്പം കാമറ ചെയ്യുന്നതുമായ ചിത്രം. പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ , മംമ്ത മോഹൻ ദാസ് , റാഷി ഖന്ന തുടങ്ങിയ വൻ താരനിര ഒന്നിക്കുന്ന ചിത്രം. ആ ചിത്രത്തിലൂടെയുള്ളു തിരിച്ചുവരവ് അനിവാര്യമായി തോന്നി. എടുത്ത തീരുമാനം നൂറു ശതമാനം ശരിയായി എന്ന് സിനിമാ കണ്ട പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്ന് മനസിലായി.
രവി കെ ചന്ദ്രനോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം ?
രവി സാറിന്റെ വർക്കുകളെ കുറിച്ചും സാറെ കുറിച്ചുമെല്ലാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും സാറിന്റെ ഒപ്പം അസ്സോസിയേറ്റ് ചെയ്ത് വർക്ക് ചെയ്യുമെന്ന് പ്രതീക്ഷയിച്ചിട്ടേയില്ലായിരുന്നു. അന്ധദൂനിലെ ഒറിജിനൽ കഥാപാത്രവുമായി ചെറിയ വ്യത്യസങ്ങൾ ഉണ്ട് സ്വപ്നയ്ക്കെന്ന് ആദ്യമേ സാർ പറഞ്ഞിരുന്നു. രവി സാറിനെ പോലെ സീനിയറായ ലെജന്ററി സിനിമോറ്റോഗ്രഫർക്കൊപ്പം വർക്ക് ചെയ്യമ്പോൾ ഉള്ളിലൊരു ടെൻഷനുണ്ടായിരുന്നു. സാർ ആണെങ്കിൽ ഡൗൺ ടൂ യെർത്തായ അത്രയധിക ശാന്തസ്വഭാവമുള്ള വ്യക്തി.പ്രൊഡക്ഷൻ കൺട്രോളർ ബാദുക്കയാണ് (ബാദുഷ ) ഇങ്ങനെയൊരു കഥാപാത്രം ഉണ്ട് കഥകേട്ടനോക്കുവെന്ന് പറഞ്ഞത്.
സിനിമയുടെ പുതിയ പുതിയ മാറ്റങ്ങൾപെട്ടന്ന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നോ ?
മാറ്റങ്ങളായൊന്നും തോന്നിയില്ല. കൊവിഡ് പ്രോട്ടോക്കോൾ നോക്കിയുള്ള ചിത്രീകരണ രീതി. അഭിനേതാക്കൾക്ക് മാസ്ക് വേണ്ട ബാക്കി ടെക്നിഷ്യന്മാർക്ക് മാസ്ക് വേണം. അല്ലാതെ വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും തോന്നിയില്ല. സിനിമ എപ്പോഴും സിനിമയാണ്.
അഭിനേത്രിയായി അനന്യയെ മലയാള സിനിമയേക്കാൾകൂടുതൽ ഉപയോഗപ്പെടുത്തിയത് തമിഴ് സിനിമ മേഖലയാണോ ?
എണ്ണത്തിൽ കുറവാണ് തമിഴിൽ ഞാൻ ചെയ്ത സിനിമകൾ. വ്യത്യസ്തമായ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞ മേഖലയാണ് തമിഴ് ഇൻഡസ്ട്രി .എന്നെ വിശ്വസിച്ച് ഒരുപാട് നല്ല കഥാപാത്രങ്ങൾ അവർ നൽകിയിട്ടുണ്ട്. പതിനൊന്നു വർഷം കഴിയമ്പോഴും ഇപ്പോഴും പലരുടെയും ഉള്ളിൽ ഞാനെന്നു പറയുന്നത് ഏങ്കേയും ഏപ്പോതിലെയും അമുദമാണ്. തമിഴിലാണ് എനിക്ക് കൂടുതൽ എക്സ് പ്ലോർ ചെയ്യാൻ സാധിച്ചിട്ടുള്ളത്. ചെയ്ത കഥാപാത്രങ്ങളെല്ലാം സ്പെഷ്യലാണ്.
ചില സിനിമകൾ തിരഞ്ഞടുത്തതിന് ശേഷം കുറ്റബോധം തോന്നിയിട്ടണ്ടോ ?
എല്ലാം എന്റെ തിരഞ്ഞെടുപ്പുകളാണ്. എന്റെ തിരുമാനങ്ങളാണ് .ചില സിനിമകൾ ചില സമയങ്ങളിൽ കേൾക്കുന്നത് പോലെയായിരിക്കില്ല ഒരുപക്ഷേ അത് സിനിമയായി വരമ്പോൾ.അതുകൊണ്ട് ഒരു കുറ്റബോധത്തിന്റെ ആവശ്യമില്ലലോ.
തമിഴിലെ സൂപ്പർസ്റ്റാർ ശശികുമാർ സാറിനെ 'മാമാ' എന്ന് വിളിക്കുന്ന സൗത്ത് ഇന്ത്യയിലെ ഒരേയൊരു നടി ?
നാടോടികൾ എന്ന സിനിമയിൽ 'മാമാ"എന്ന് വിളിച്ച് പിന്നീട് ആ വിളി ശീലമാക്കിയതാണ്. അതിനശേഷം മലയാളത്തിൽ മാസ്റ്റേഴ്സ് എന്ന ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്. എപ്പോഴങ്കിലും മെസ്സേജ് അയക്കാറുണ്ട് വിളിക്കാറുണ്ട്. എന്റെ സിനിമകളെല്ലാം കണ്ടാൽ അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. ഞാനും തിരിച്ചു അറിയിക്കാറുണ്ട്.
അനന്യയുടെ മുഖം എപ്പോഴും മൂന്നായി തോന്നാറുണ്ട്. നഷ്ട കാമുകിയടേത് , ജീവിതത്തോട് പടവെട്ടി മുന്നേറിയ പെൺകുട്ടി , കുസൃതിയായുള്ള ഒരു കുറുമ്പി ?
ഇത് കേൾക്കമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഇങ്ങനെ മറ്റുള്ളവർ പറയമ്പോഴാണ് ഇത്തരത്തിലുള്ള മുഖം എനിക്കുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. എനിക്ക് കൂടുതൽ വരുന്ന കഥാപാത്രംകുട്ടികളിയൊക്കെയായുള്ള കഥാപാത്രങ്ങളാണ്. ഓരോരുത്തരുടെ ചിന്തയിൽ വരുന്നതല്ലേ.
വീട്ടിൽ നിന്ന് ഒരു സിനിമാക്കാരനും കൂടി ?
യെസ് ..അത് വലിയൊരു സന്തോഷമുള്ള കാര്യമാണ്. അനിയൻ അർജുൻ ആസിഫ് അലി നായകനായ കഞ്ഞേൽദോ എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ടുകൊല്ലമായി അവൻ തിയേറ്ററുകൾ തുറക്കാനായുള്ള കാത്തിരിപ്പിലാണ്. അതേപോലെ ഞങ്ങളും എക്സ് സൈറ്റഡാണ്. സിനിമ കണ്ട് അഭിപ്രായങ്ങൾ പറയുകയല്ലാതെ ഉപദേശങ്ങളൊന്നും കൊടുക്കാറില്ല. അവനു അവന്റെ കരിയറിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
അച്ഛൻ ഗോപാലകൃഷ്ണൻ നായർ ഒരു സിനിമ നിർമ്മിച്ചിരുന്നു. അനന്യയെ നിർമ്മാണ രംഗത്തേക്ക് പ്രതീക്ഷിക്കാമോ ?
പപ്പ പൈ ബ്രദേഴ്സ് എന്ന ഒറ്റ സിനിമ മാത്രമാണ് പ്രൊഡ്യൂസ് ചെയ്തത്. ഞാൻ പ്രൊഡക്ഷൻ രംഗത്തേക്ക് വരാമോ എന്ന് ചോദിച്ചാൽ അറിയില്ല. സംഭവിച്ചു പോയാൽ നല്ലതാണ്. സംഭവിക്കട്ടെ.
പുതിയ പ്രതീക്ഷകളെക്കുറിച്ച് ?
നമുക്ക് ചുറ്റുമുള്ള എല്ലാത്തരം ഷെയ്ഡുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. സണ്ണിവെയ്നും അലൻസിയർ ഏട്ടനും ലീഡ് റോളിൽ വരുന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഗ്രേസ് ആന്റണിയും അഭിനയിക്കുന്നുണ്ട്. ഷൂട്ട് ഏകദേശം കഴിഞ്ഞു. കമ്മിറ്റ് ചെയ്ത മറ്റൊരു സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.