നവംബർ 16 അനശ്വര നടൻജയന്റെ 41-ാം ചരമവാർഷികദിനം.പ്രശസ്ത സംവിധായകൻപി. ചന്ദ്രകുമാറിന്റെ ഒാർമ്മക്കുറിപ്പ്
എഴുപതുകളുടെ പകുതിയിലാണ് ഞാൻ ജയനെ പരിചയപ്പെടുന്നത്. ഞാനന്ന് അസിസ്റ്റന്റ് ഡയറക്ടറാണ്. സീനിയർ ടെക്നീഷ്യന്മാരോടും താരങ്ങളോടും അടുത്തിടപഴകുന്നതിനേക്കാൾ തുടക്കക്കാരോടും സാധാരണക്കാരായ യൂണിറ്റംഗങ്ങളോടും ഏറെ അടുപ്പം പുലർത്തിയിരുന്നയാളാണ് ജയൻ.
ജേസി സംവിധാനം ചെയ്ത അഗ്നിപുഷ്പം എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ആദ്യമായി ജയനെ കണ്ടത്.തിരുവനന്തപുരത്ത് പട്ടത്തുള്ള താരാ ഹോട്ടലിൽ (ഇപ്പോഴത്തെ എസ്.യു.ടി ഹോസ്പിറ്റൽ) ആയിരുന്നു ഷൂട്ടിംഗ്. പ്രധാന ടെക്നീഷ്യന്മാരും താരങ്ങളുമൊക്കെ താമസിച്ചിരുന്നതും താരാ ഹോട്ടലിൽ തന്നെ. താരാ ഹോട്ടലിനടുത്തുള്ള പേൾ എന്ന ചെറിയൊരു ലോഡ്ജിലായിരുന്നു ഞാനും സത്യനും (സന്ത്യൻ അന്തിക്കാട്),ആനന്ദക്കുട്ടനുമൊക്കെ താമസിച്ചിരുന്നത്. ആ സിനിമയുടെ കാമറാ അസിസ്റ്റന്റായിരുന്നു ആനന്ദക്കുട്ടൻ.
രാമചന്ദ്രബാബു സാറായിരുന്നു അഗ്നിപുഷ്പത്തിന്റെ കാമറാമാൻ.
കമലഹാസനും ജയഭാരതിയുമായിരുന്നു അഗ്നിപുഷ്പത്തിലെ നായകനും നായികയും. ഒരു പൊലീസ് ഒാഫീസറുടെ വേഷമായിരുന്നു ജയന്.
ചെങ്കൽചൂളയായിരുന്നു അഗ്നിപുഷ്പത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. ഇന്നത്തെയത്ര പോലും വികസിച്ചിട്ടില്ലാത്ത ഒന്നുനിന്നുതിരിയാൻ പോലും സ്ഥലമില്ലാത്ത ചെങ്കൽചൂളയിൽ ഏറെ ബുദ്ധിമുട്ടിയായിരുന്നു ഷൂട്ട് ചെയ്തത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള കഷ്ടപ്പാട് വേറെ.
ഒരുദിവസം രാവിലെ പേൾ ലോഡ്ജിൽ നിന്ന് ഞാനും സത്യനും താര ഹോട്ടലിലേക്ക് ചെല്ലുമ്പോൾ കണ്ടത് ഹോട്ടലിന് മുന്നിലെ പുൽത്തകിടിയിലൂടെ നൈറ്റ് ഗൗണുമണിഞ്ഞ് കൈയിൽ ചായക്കപ്പും പിടിച്ച് നടക്കുന്ന ഒരാളെയാണ്.
അക്കാലത്തെ സിനിമകളിൽ മധുസാറും മറ്റുമൊക്കെ അണിഞ്ഞിരുന്ന തരത്തിലുള്ള നൈറ്റ് ഗൗണുമണിഞ്ഞ് നിൽക്കുന്ന ഒരാളെ നേരിൽ കണ്ട അതിശയത്തോടെ ഞാൻ സത്യനോട് ചോദിച്ചു:
''ഇവിടെ ഇങ്ങനെയുള്ള ആൾക്കാരുമുണ്ടല്ലേ?""
ഞങ്ങൾ ശ്രദ്ധിച്ച പോലെ അയാൾ ഞങ്ങളെയും ശ്രദ്ധിച്ചു.
ജേസി സാറിന്റെ മുറിയിൽച്ചെന്ന് അന്ന് ഷൂട്ട് ചെയ്യേണ്ട സീനുകളെപ്പറ്റി ഞാനും സത്യനും ജേസി സാറിനോട് സംസാരിക്കുമ്പോൾ ജേസി സാർ പൊലീസ് ഒാഫീസറിന്റെ സീനിനെപ്പറ്റി പറഞ്ഞു. ചെങ്കൽചൂളയിലാണ് ആ സീൻ ചിത്രീകരിക്കേണ്ടത്.
പൊലീസ് ഒാഫീസറായി അഭിനയിക്കേണ്ടയാൾ വന്നോയെന്ന് ചോദിച്ചപ്പോൾ ജേസി സാർ പറഞ്ഞു: ''ഇപ്പോൾ വരും.""
കുറച്ച് കഴിഞ്ഞപ്പോഴേക്കും ആൾ അവിടേക്ക് വന്നു. നേരത്തെ ഞങ്ങൾ കണ്ട താഴത്തെ പുൽത്തകിടിയിൽ നൈറ്റ് ഗൗൺ അണിഞ്ഞ് ചായ കുടിച്ച് നിന്നിരുന്ന പിന്നീട് സാക്ഷാൽ ജയനായി മാറിയ ആൾ.''ഇത്. കൃഷ്ണൻനായർ എന്ന ബേബി. എന്റെ ശാപമോക്ഷത്തിലാണ് ആദ്യമഭിനയിച്ചത്. "" ജേസി സാർ ഞങ്ങൾക്ക് ആളിനെ പരിചയപ്പെടുത്തി.
''പി. ചന്ദ്രകുമാറും സത്യൻ അന്തിക്കാടും. ഇൗ രണ്ട് പേരുകളും എനിക്കറിയാം. രണ്ട് പേരെയും എനിക്ക് നേരിട്ട് പരിചയമില്ലെന്നേയുള്ളൂ ""അദ്ദേഹം പറഞ്ഞു.
സിനിമയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക പേരെയും അദ്ദേഹത്തിന് അറിയാമായിരുന്നു. സിനിമയിൽ അവസരത്തിനായി ഒരുപാട് വാതിലുകളിൽ മുട്ടിയിട്ടുണ്ട് അദ്ദേഹം.
ചെങ്കൽചൂളയിൽ ജയഭാരതിയെയും സോമനെയും ജയൻ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ജയന്റെ രൂപവും തലയെടുപ്പുമൊക്കെ കണ്ട് യഥാർത്ഥ പൊലീസ് ഒാഫീസറാണെന്ന് ഷൂട്ടിംഗ് കാണാനെത്തിയ ആൾക്കൂട്ടം തെറ്റിദ്ധരിച്ചു. യഥാർത്ഥ പൊലീസ് ഒാഫീസറെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും. ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റുന്ന രംഗത്ത് ആൾക്കൂട്ടം പേടിയോടെ ഇരുവശത്തേക്കും മാറി.
അഗ്നിപുഷ്പത്തിൽ മൂന്നേ മൂന്ന് സീനിലേ ജയനുണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞ് പിന്നീട് ഡബിംഗിനായി മദ്രാസിൽ വന്നു. റെയിൽവേ സ്റ്റേഷനിലേക്ക് കാറുമായി അദ്ദേഹത്തെ വിളിക്കാൻ പോയത് ഞാനാണ്.
ട്രെയിൻ അന്ന് ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്. മദ്രാസിലെ പാംഗ്രോവ് ഹോട്ടലിലായിരുന്നു ജേസിസാർ സ്ഥിരമായി താമസിച്ചിരുന്നത്. അവിടെത്തന്നെ ജയനും റൂമെടുത്തുകൊടുത്തു.
റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയയുടൻ ജയൻ എന്നോട് ചോദിച്ചത് ``നല്ല വിശപ്പുണ്ട്. വല്ലതും കഴിച്ചാലോ ''യെന്നാണ്.
അക്കാലത്ത് ചെറിയ ചെറിയ ചായക്കടകളല്ലാതെ നല്ല റെസ്റ്റോറന്റുകളൊന്നും മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പരിസരത്തുണ്ടായിരുന്നില്ല. ഇവിടെ നല്ല ഭക്ഷണമൊന്നും കിട്ടില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ മദ്രാസിൽ കിട്ടുന്ന ഏറ്റവും നല്ല ഭക്ഷണമെന്തായിരിക്കുമെന്നായി ചോദ്യം.
ഇഡ്ഡലിയും വടയും പൊങ്കലുമാണ് തമിഴ് നാട്ടുകാരുടെ പ്രിയ വിഭവമെന്ന് ഞാൻ മറുപടിയും പറഞ്ഞു.
നമ്മുടെ നാട്ടിലെ ഭക്ഷണവും തേടിപ്പോയാൽ എവിടെയെങ്കിലും കിട്ടിയേക്കുമെന്ന് പറഞ്ഞപ്പോൾ വേണ്ട. തമിഴ്നാടിന്റെ ഭക്ഷണം തന്നെയാവാമെന്ന് ജയൻ പറഞ്ഞു.
പാംഗ്രോവ് ഹോട്ടലിൽ നല്ല വെജിറ്റേറിയൻ ഭക്ഷണം കിട്ടുമെന്ന് ഞാൻ പറഞ്ഞെങ്കിലും പോകുന്ന വഴിക്ക് കഴിക്കാമെന്ന് ജയൻ പറഞ്ഞു.
''ചന്ദ്രൻകുട്ടീ""യെന്നായിരുന്നു ജയൻ അപ്പോഴെന്നെ വിളിച്ചത്. ''ജയേട്ടാ ""യെന്ന് ഞാനും വിളിച്ചു.
ഡബിംഗ് സമയത്ത് എപ്പോഴും''ചന്ദ്രൻകുട്ടി... എന്റെ ശബ്ദം കറക്ടാണോ?, മോഡുലേഷൻ ഒാ.കെ.യാണോ"യെന്നൊക്കെ ചോദിക്കുമായിരുന്നു. പോരായ്മകൾ പരിഹരിച്ച് മുൻനിരയിലേക്ക് കയറിവരാനുള്ള അദമ്യമായ മോഹം ആ ചോദ്യങ്ങളിലുണ്ടായിരുന്നു. ഒറ്റദിവസം കൊണ്ടുതന്നെ ജയേട്ടൻ അഗ്നിപുഷ്പത്തിന്റെ ഡബിംഗ് പൂർത്തിയാക്കി.
''ചന്ദ്രൻകുട്ടി എന്റെ റൂമിലേക്ക് ഒന്നുവരണം."" തിരിച്ചുപോകും മുൻപ് ജയേട്ടൻ എന്നോട് പറഞ്ഞു.
മുറിയിൽ ചെന്നപ്പോൾ എന്റെ കൈകളിലേക്ക് ഒരുകിലോ ചിപ്സും ശർക്കരവരട്ടിയുമെടുത്ത് തന്നു. ''ഞാനിവിടെ വരുമ്പോൾ ആർക്കെങ്കിലുമൊക്കെ കൊടുക്കാമെന്ന് വിചാരിച്ച് വെറുതേ വാങ്ങിയതാണ്. ഇത് ചന്ദ്രൻകുട്ടിക്ക് ഇരിക്കട്ടെ. ""
അതൊരു നിമിത്തമായിരുന്നു. ഒരു വലിയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു. മദ്രാസിൽനിന്ന് ഞാൻ എറണാകുളത്ത് വരുമ്പോഴൊക്കെ എന്നെ വിളിക്കാൻ ജയേട്ടൻ കാറുമായി വരുമായിരുന്നു. '' പ്രൊഡക്ഷൻ കാറൊന്നും വേണ്ട. ഞാൻ പോയി വിളിച്ചോളാം. മദ്രാസിൽ ഞാൻ ആദ്യമായി ചെന്നപ്പോൾ എന്നെ വിളിക്കാൻ വന്നത് ചന്ദ്രൻകുട്ടിയാണ്.""
റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോഴേ ജയേട്ടൻ പറയും ''ഇവിടെ നല്ല പുട്ടും കടലയുമൊക്കെ കിട്ടുന്ന കടകളുണ്ട്. നമുക്ക് കഴിച്ചിട്ട് പോകാം.""
വർഷങ്ങളോളം ഒരു ഫിയറ്റ് കാറാണ് ജയേട്ടൻ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന് ഷൂട്ടിംഗില്ലാത്ത ദിവസങ്ങളിൽ ആ ഫിയറ്റ് കാറിൽ എന്നെ രാവിലെ ലൊക്കേഷനിൽ കൊണ്ടുവിടുന്നതും വൈകിട്ട് തിരിച്ച് വിളിക്കാൻ വരുന്നതുമൊക്കെ ജയേട്ടനായിരുന്നു.
തിരിച്ച് നാട്ടിലേക്ക് പോകുമ്പോൾ ചക്കയുടെ സീസണാണെങ്കിൽ വലിയ ഒന്നോ രണ്ടോ ചക്ക സംഘടിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ യാത്രയയ്ക്കാൻ വരുമ്പോൾ കൊണ്ടുവരും.
''മദ്രാസിൽ കിട്ടാത്ത സാധനമല്ലേ...ചന്ദ്രൻകുട്ടി കൊണ്ടുപോയി എല്ലാർക്കും കൊടുക്കണം."" ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഡോ. ബാലകൃഷ്ണൻ സംവിധായകനായി മാറിയത് ആയിടയ്ക്കാണ്. ആലുവ പാലസിലായിരുന്നു പല സിനിമകളുടെയും ഷൂട്ടിംഗ്. ഞാൻ ഡോ. ബാലകൃഷ്ണനോട് ജയേട്ടനെപ്പറ്റി പറഞ്ഞിരുന്നു. ലൗ ലെറ്റർ, കല്യാണപ്പന്തൽ, രാജപരമ്പര തുടങ്ങിയ ഡോക്ടറുടെ സിനിമകളിലെല്ലാം ജയേട്ടന് ഡോക്ടർ വേഷം നൽകിയിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞാൽ ഞങ്ങൾ വൈകുന്നേരങ്ങളിൽ ആലുവാപ്പുഴയിലിറങ്ങി കുളിക്കും. അക്കരെവരെ നീന്തും. വൈകിട്ട് ഏഴ് മുതൽ ഒൻപതുവരെ അതൊരു പതിവായിരുന്നു.
അസിസ്റ്റന്റ് ഡയറക്ടർമാരോട് ഒരല്പം ഇഷ്ടക്കൂടുതലുണ്ടായിരുന്നു ജയേട്ടന്. പ്രതിഫലം വാങ്ങിക്കഴിഞ്ഞാൽ എല്ലാ അസിസ്റ്റന്റ് ഡയറക്ടേഴ്സിന്റെയും പോക്കറ്റിൽ കുറെ പണം തിരുകിവയ്ക്കുമായിരുന്നു അദ്ദേഹം.
ഒരുപാട് പണം സമ്പാദിക്കണമെന്നോ കോടീശ്വരനാകണമെന്നോ ഒന്നുമുണ്ടായിരുന്നില്ല ജയേട്ടന്. ഞാൻ സംവിധായകനായിക്കഴിഞ്ഞപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് എന്നെ ചന്ദ്രൻസാർ എന്നേ വിളിക്കുമായിരുന്നുള്ളൂ. അല്ലാത്തപ്പോഴെല്ലാം പഴയപോലെ ചന്ദ്രൻകുട്ടീന്ന് തന്നെ വിളിച്ചു.
ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആരെ സഹായിച്ചാലും അതാരുമറിയാതെ രഹസ്യമാക്കിവയ്ക്കാൻ ജയേട്ടൻ മനസ് വച്ചു.
ഞാൻ സംവിധനാം ചെയ്ത ആദ്യ ചിത്രമായ മനസൊരു മയിലിൽ ജയേട്ടൻ വില്ലനായിരുന്നു. അദ്ദേഹത്തിന് ചിത്രീകരണത്തിനിടയ്ക്ക് ഒരു അപകടം സംഭവിച്ചു. ആ സെറ്റിൽ വച്ചായിരുന്നു ഒരു കാർ ചേയ്സ് ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അത്. ഷൂട്ട് ചെയ്യാനുള്ള സൗകര്യത്തിന് മൂടിയില്ലാത്ത പഴയ ഇംപാല കാറാണ് ഉപയോഗിച്ചിരുന്നത്. ജയേട്ടനും ജയഭാരതിയും ഒാടിക്കുന്ന കാറിനെ മറ്റൊരു കാറിൽ വിൻസെന്റ് ചേസ് ചെയ്യുന്നു. മഹാബലിപുരത്തേക്ക് പോകുന്ന കടലോരപാതയിലായിരുന്നു ഷൂട്ടിംഗ്. കാറിന്റെ ബീഡിംഗ് തകർന്ന് ഞാനും കാമറാമാൻ ആനന്ദക്കുട്ടനും പുറത്തേക്ക് തെറിച്ചുവീണു. ജയേട്ടൻ റോഡിനരികിലെ മണലിലേക്ക് കാർ കയറ്റി നിറുത്തി. ''എന്ത് പറ്റി കുട്ടികളേ""യെന്ന് ചോദിച്ച് ചാടിയിറങ്ങി. മണലിലൂടെ ചാടിയുരുണ്ട് വന്ന് ജയേട്ടൻ ഞങ്ങളെ വാരിയെടുത്തു.
കൈയിലിരുന്ന വിലകൂടിയ എക്സ്പോഷർ മീറ്റർ പൊട്ടിയോ എന്നത് മാത്രമായിരുന്നു ആനന്ദക്കുട്ടന്റെ ടെൻഷൻ. എന്റെ കൈയിലെ എല്ല് ഒടിഞ്ഞിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോയ ജയേട്ടൻ അതുകഴിഞ്ഞ് ഞങ്ങളെ പാംഗ്രോവിൽ അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടുപോയി വിശ്രമിക്കാൻ നിർദ്ദേശിച്ചു.
രണ്ടുദിവസം കഴിഞ്ഞാണ് പിന്നീട് ആ ചേയ്സ് പൂർത്തീകരിച്ചത്.
എനിക്ക് അന്ന് ഒരു ബുള്ളറ്റുണ്ടായിരുന്നു. മനസൊരു മയിലിൽ ജയേട്ടൻ ഒാടിക്കുന്നത് ആ ബുള്ളറ്റാണ്. പിന്നീട് ഞാൻ സംവിധാനം ചെയ്യാത്ത സിനിമകളിലും ബുള്ളറ്റോടിക്കുന്ന സീനുണ്ടെങ്കിൽ""ചന്ദ്രൻ സാറിന്റെ ബുള്ളറ്റെടുക്കാ''മെന്ന് ജയേട്ടൻ പറയുമായിരുന്നു.
''ചന്ദ്രൻ സാർ. ഇന്ന് ബുള്ളറ്റ് കൊടുത്തുവിടണം ഒന്ന് കുളിപ്പിച്ചെടുക്കാനാ?"" ജയേട്ടൻ എനിക്ക് ഫോൺ ചെയ്യും. പാലത്തിന് മുകളിൽ നിന്ന് ബൈക്കിൽ പുഴയിലേക്ക് ചാടുന്ന സീനായിരിക്കും അന്ന് ചിത്രീകരിക്കുക. അതിനാണ് "" കുളിപ്പിച്ചെടുക്കാനാ ''യെന്ന് പറയുന്നത്.
ചന്ദ്രൻസാറിന്റെ ബുള്ളറ്റ് എനിക്ക് രാശിയാണെന്ന് ജയേട്ടൻ എപ്പോഴും പറയുമായിരുന്നു. അതിൽനിന്ന് ഒരപകടവും അദ്ദേഹത്തിന് സംഭവിച്ചില്ല.
ഷൂട്ടിംഗ് കഴിഞ്ഞ് ബുള്ളറ്റ് സർവീസ് ചെയ്ത് വീട്ടിലെത്തിക്കും. വീണ്ടും ആവശ്യം വരുമ്പോൾ കൊണ്ടുപോകും.
എത്ര അപകടം പിടിച്ച രംഗങ്ങളിലഭിനയിക്കാനും ജയേട്ടൻ നോ പറഞ്ഞിട്ടില്ല. ആവേശത്തോടെ ചെയ്തു. ആ ആവേശം തന്നെയാണ് അദ്ദേഹത്തെ നമുക്ക് നഷ്ടമാക്കിയതും.
ഞാൻ ചെയ്ത അനുഭൂതികളുടെ നിമിഷം ഒരു തെലുങ്ക് സിനിമയുടെ റീമേക്കായിരുന്നു. ആ സിനിമയിലും നെഗറ്റീവ് ടച്ചുള്ള വേഷമായിരുന്നു ജയേട്ടന്. സോമനും ശാരദയും സീമയും കവിയൂർ പൊന്നമ്മയും കെ.പി. ഉമ്മറുമായിരുന്നു മറ്റു അഭിനേതാക്കൾ.
എന്റെ ബുള്ളറ്റിൽ ആ സിനിമയിലെ ജയേട്ടൻ കുറെ സാഹസിക രംഗങ്ങൾ ചെയ്തിട്ടുണ്ട്.
ജയേട്ടൻ പല സിനിമകളിലും ക്ളാഷ് വർക്ക് ചെയ്യാൻ എന്നെ വിളിച്ചിട്ടുണ്ട്. അടവുകൾ 18 എന്ന സിനിമയിൽ അദ്ദേഹം പുലിക്കുട്ടിയുമായി ഫൈറ്റ് ചെയ്യുന്ന രംഗങ്ങളുണ്ടായിരുന്നു. പുലിക്കുട്ടിയുമായുള്ള ഫൈറ്റ് ചിത്രീകരിച്ചത് ഞാനായിരുന്നു. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ജയേട്ടൻ എന്നെ വിളിക്കുമായിരുന്നു. ''ചന്ദ്രൻസർ... വന്നൊന്ന് ഹെൽപ്പ് ചെയ്യണം.'' അതിസാഹസിക രംഗങ്ങൾ ചിത്രീകരിക്കാൻ എനിക്കും ഇഷ്ടമായിരുന്നു""ചന്ദ്രാ.. ചന്ദ്രന് ആവേശം കൂടുതലാണ്. ... വേണ്ടാ'' എന്നൊക്കെപ്പറഞ്ഞ് ആനന്ദക്കുട്ടൻ എന്നെ വഴക്ക് പറയുമായിരുന്നു.
രാജ് ഖോസ്ലെ സംവിധാനം ചെയ്ത മേ തുളസി തേരി ആങ്കൻ കി എന്ന ഹിന്ദി സിനിമയുടെ റീമേക്കായിരുന്നു ഞാൻ സംവിധാനം ചെയ്ത ദീപം. സെഞ്ച്വറി രഞ്ജി മാത്യു നിർമ്മിച്ച ആദ്യ സിനിമയായിരുന്നു അത്. സൂര്യ പിക്ച്ചേഴ്സ് സ്വാമിനാഥനായിരുന്നു പാർട്ട്ണർ.
അതിന് മുൻപ് ജയേട്ടനില്ലാത്ത കുറെ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ സംവിധാനം ചെയ്ത കാവൽമാടത്തിന്റെ സെറ്റിലൊക്കെ ജയേട്ടൻ എന്നെ കാണാൻ വന്നിട്ടുണ്ട്. വരുമ്പോഴൊക്കെ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരും.
കാവൽമാടം റിലീസായ സമയത്തായിരുന്നു ദീപത്തിന്റെ ഷൂട്ടിംഗ്. നല്ല സിനിമയായിരുന്നുവെങ്കിലും വേണ്ടത്ര കളക്ട് ചെയ്യാത്തതിന്റെ സങ്കടം പറയാൻ ദീപത്തിന്റെ സെറ്റിൽ ഒരുദിവസം കാവൽ മാടത്തിന്റെ നിർമ്മാതാവ് അഗസ്റ്റിൻ പ്രകാശ് കാണാൻവന്നു. ശുദ്ധനായ ആ മനുഷ്യൻ ഒരു കൊച്ചുകുട്ടിയെ പോലെ എന്റെ മുന്നിൽ നിന്ന് കരഞ്ഞു.
ഞാൻ രഞ്ജി മാത്യുവിന്റെ കൈയിൽ നിന്ന് കുറച്ചു പണം വാങ്ങി അഗസ്റ്റിൻ പ്രകാശിനെ ഏല്പിച്ചിട്ട് ജയന് ഇരുപത്തിയയ്യാിരം രൂപ അഡ്വാൻസ് നൽകി അടുത്ത പടത്തിലേക്ക് ബുക്ക് ചെയ്യാൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സീമയ്ക്കും പതിനായിരം രൂപ അഡ്വാൻസ് നൽകാൻ പറഞ്ഞു.
''ഏയ് കാശ് കൈയിൽ വയ്ക്കൂ.. ചന്ദൻ സാറിന്റെ കൈയിൽനിന്ന് കാശ് വാങ്ങി എനിക്ക് തരുന്നോ? എന്തിനാണത്.""
കാശ് വാങ്ങാതെ തന്നെ ജയേട്ടൻ ഡേറ്റ് നൽകി. സീമയും കാശ് വാങ്ങിയില്ല.
''നമ്മൾ തമ്മിൽ ഒരുപടം ചെയ്യാൻ ചന്ദ്രൻസാർ കാശ് കൊടുത്തിട്ട് പ്രൊഡ്യൂസർ എനിക്ക് അഡ്വാൻസ് തരണോ""യെന്ന് ജയേട്ടൻ എന്നോട് പരിഭവം പറഞ്ഞു.
ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങളൊരുമിച്ച് എറണാകുളം നഗരത്തിലൂടെ കാറോടിച്ച് പോയി. മറൈൻ ഡ്രൈവിനടുത്ത് കാർ നിറുത്തി ഞങ്ങൾ കുറെ സംസാരിച്ചു. ഷോലെ കണ്ടപ്പോൾ മുതൽ കുതിരകളെയൊക്കെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കഥയുടെ ഒൗട്ട് ലൈൻ കേട്ടപ്പോൾ ജയേട്ടൻ ത്രില്ലിലായി. അദ്ദേഹത്തിന്റെ ഫിയറ്റ് കാറിലായിരുന്നു ലൊക്കേഷൻ കാണാൻ പോലും പോയത്.
ചെങ്കൽപ്പേട്ടിനടുത്തുള്ള മലനിരകൾ പശ്ചാത്തലമായി വരുന്ന തടാകക്കര ലൊക്കേഷനായി തീരുമാനിച്ചു.
ആ മലയിൽ ഒരുഗുഹയുടെ സെറ്റിട്ടു. ഗുഹയ്ക്കുള്ളിലേക്കാണ് കുതിരകൾ ഒാടിക്കയറേണ്ടതും ഒാടിയിറങ്ങേണ്ടതും. തടവറയെന്ന സിനിമ അനൗൺസ് ചെയ്തപ്പോഴേ ഡിസ്ട്രിബ്യൂട്ടർമാർ തേടിവന്നു.
അഗസ്റ്റിൻ പ്രകാശ് വിചാരിച്ചതിനേക്കാൾ ബിസിനസ് ആ സിനിമയ്ക്ക് നടന്നു. ആ സിനിമ സൂപ്പർ ഹിറ്റായി. തടവറയ്ക്ക് മുൻപ് ദീപത്തിൽ ഹോഴ്സ് പോളോ രംഗങ്ങൾ ഞാൻ ചിത്രീകരിച്ചിരുന്നു.
തടവറയുടെ പ്രിവ്യൂ കണ്ട് ജയേട്ടൻ എന്നെ കെട്ടിപ്പിടിച്ചു.
'' ഇതിനേക്കാൾ വലിയ ഒരു സിനിമ നമുക്ക് ചെയ്യണം."" ഒരു ചരിത്ര സിനിമ ചെയ്യണമെന്ന് ജയേട്ടൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.
ശിവാജി ഗണേശൻ അഭിനയിച്ച കർണ്ണൻ മലയാളത്തിൽ ചെയ്യണമെന്ന് ജയേട്ടന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ.....