പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ചിറങ്ങിയ ഒരു യുവാവും പ്രസിദ്ധനായ ഒരു സംവിധായകനോടൊപ്പം സഹായിയായി പ്രവർത്തിക്കുന്ന ഒരാളും കണ്ടുമുട്ടി.പ്രീഡിഗ്രിക്ക് ഒന്നിച്ചുപഠിച്ചവരായിരുന്നു അവർ.അന്നേ ഇരുവർക്കും സിനിമ പാഷനായിരുന്നു.ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കിട്ടി പോകുമ്പോൾ അയാൾ കൂട്ടുകാരനോട് സംവിധാന സ്വപ്നം മാറ്റിവച്ചു വേറെ വല്ല പണിക്കും പോകുകയാണുത്തമമെന്ന് പറയാതെ പറഞ്ഞു.ഇപ്പോൾ തമ്മിൽ കണ്ടപ്പോൾ സുഹൃത്ത് സംവിധാനസഹായിയായി എന്നത് അല്പം പുച്ഛത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ടുകാരൻ കണ്ടത്.അയാൾ കൂട്ടുകാരനെ ചോദ്യം ചെയ്യാൻ തുടങ്ങി: ' കഹേ ദു സിനിമ എന്താണെന്നറിയാമോ? മൂന്നാം സിനിമ എന്താണെന്നറിയാമോ?ഐസൻസ്റ്റൈൻ പരിചയപ്പെടുത്തിയ ഫിലിം തിയറി എന്ത്?" ഇങ്ങനെ അനേകം ചോദ്യങ്ങൾ. സംവിധാന സഹായിക്കുത്തരം മുട്ടി നിൽക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ടുകാരൻ പുച്ഛഭാവത്തിൽ ചിരിച്ചു.സഹായി തിരിച്ചു ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ.'പ്രൊഡ്യൂസറെ പിടിക്കാൻ അറിയാമോ "എന്ന് .ഇൻസ്റ്റിറ്റ്യൂട്ട് ഉത്തരമൊന്നും പറഞ്ഞില്ല. രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ സഹായി ഒരു ചിത്രം സംവിധാനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് അപ്പോഴും പ്രൊഡ്യൂസറെ തിരക്കി നടക്കുകയായിരുന്നു.
മനസ്സിൽ എത്രയൊക്കെ സിനിമയുണ്ടെങ്കിലും അത് സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ഒരു നിർമ്മാതാവ് വേണം.ചരിത്രത്തിൽ രേഖപ്പെടുത്തുക സംവിധായകന്റെ പേരാണെങ്കിലും നിർമ്മാതാവിന്റെ പങ്ക് പരമപ്രധാനമാണ്.ടി.കെ.പരീക്കുട്ടി,രവീന്ദ്രനാഥൻ നായർ, കണ്മണി ബാബു എന്നിവരില്ലെങ്കിൽ മലയാളസിനിമയ്ക്ക് ഇന്നത്തെ ഖ്യാതിയുണ്ടാവുമായിരുന്നോ?ടി.ഇ.വാസുദേവൻ, എം.ഒ. ജോസഫ് , പി. സുബ്രഹ്മണ്യം , കുഞ്ചാക്കോ തുടങ്ങിയ നിർമ്മാതാക്കളില്ലായിരുന്നെങ്കിൽ വ്യവസായം എന്ന നിലയ്ക്ക് സിനിമ ഇത്രമേൽ പുഷ്കലമാകുമായിരുന്നോ?
എന്നാൽ, നിർമ്മാതാക്കളുടെ കുപ്പായമിട്ടു വരുന്ന വ്യാജന്മാരുടെ ഉപദ്രവമേൽക്കാത്ത ഏതെങ്കിലും സംവിധായകനുണ്ടാവുമോ എന്നു സംശയമാണ്.മലയാളത്തിലെ അതിപ്രശസ്തയായ ഒരു നടി ഒരു നിർമ്മാതാവുമായി പ്രണയത്തിലായി..വിവാഹവും നടന്നു. അപ്പോഴാണറിയുന്നത് ഈ നിർമ്മാതാവ് ശരിക്കുള്ള നിർമ്മാതാവല്ല,ബിനാമിയായിരുന്നു എന്ന് .നടിയുടെ ജീവിതം വലിയ ദുരന്തമായി മാറി.
'കടത്തനാടൻ അമ്പാടി" എന്ന ചിത്രത്തിന്റെ നിർമ്മാണകഥ അസാധാരണമാണ്.ചിത്രത്തിന്റെ പണി കുറെ പുരോഗമിച്ചപ്പോഴാണ് നിർമ്മാതാവിന്റെ ബ്ളേഡ് കമ്പനി പൊട്ടിയത്.ചിത്രം പല നൂലാമാലകളിലും പെട്ടു. അവസാനം അമ്പാടിയെ രക്ഷിക്കാൻ കോടതിക്ക് ഇടപെടേണ്ടിവന്നു.കോടതി നിർദേശമനുസരിച്ച് നവോദയ അപ്പച്ചൻ ചിത്രത്തിന്റെ ബാക്കി നിർമ്മാണചുമതലകളേറ്റെടുത്തു.വ്യാജനിർമ്മാതാവും യഥാർത്ഥനിർമാതാവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന സംഭവമാണിത്.
മറ്റൊരു ബ്ളേഡ്കാരൻ ഭരതന്റെ നിർമ്മാതാവായി വന്നു.
' ഋശ്യശൃംഗൻ"എന്ന ഒരു സിനിമയുടെ നിർമ്മാണമാരംഭിച്ചു.എം.ടി.വാസുദേവൻ നായരുടേതായിരുന്നു തിരക്കഥ.ചിത്രം അധികം പുരോഗമിക്കും മുൻപേ നിർമ്മാതാവിനെ പൊലീസ് പൊക്കി.സിനിമ നടക്കുകയില്ലെന്നുറപ്പായി.അവകാശം വിട്ടു കൊടുക്കാൻ നിർമ്മാതാവ് തയാറായില്ല.കൂടുതൽ വ്യവഹാരങ്ങൾക്കു നിൽക്കാതെ ഭരതൻ ഒരു പുതിയ ചിത്രം തുടങ്ങി.അതാണ് ' വൈശാലി".ഋശ്യശൃംഗനെ ആകർഷിച്ചു അംഗരാജ്യത്തേക്കു കൊണ്ടുവന്നത് വൈശാലിയാണെന്നറിയുന്നവർക്ക് മുടങ്ങിപ്പോയ ചിത്രം പുനർജനിക്കുകയായിരുന്നുവെന്ന് മനസ്സിലായി.
അഭിനയകുതുകികളിൽ നിന്ന് പണം തട്ടി നിർമ്മാതാവാകാൻ ശ്രമിക്കുന്നവർ ധാരാളമുണ്ട്.പലതരം ടെക്നിക്കുകളാണ് പണം പിരിക്കാൻ അവർ പ്രയോഗിക്കുക.ഫിലിം ഉപയോഗിച്ച് സിനിമ നിർമ്മിക്കുന്ന കാലത്ത് അഭിനേതാക്കളോട് ഫിലിമിന്റെ വില ഈടാക്കി തട്ടിപ്പ് നടത്തിയിരുന്നു. ഒരു അഭിനയകുതുകിക്ക് കിട്ടിയ റേറ്റ് കാർഡ് ഞാൻ കണ്ടിട്ടുണ്ട്.നായകനായി അഭിനയിക്കുന്ന പുതുമുഖം പതിനഞ്ച് റോൾ ഫിലിമിന്റെ വില നൽകണം.വില്ലനായി അഭിനയിക്കുന്ന ആൾ പത്തു റോൾ. മറ്റു വേഷങ്ങൾ ചെയ്യുന്നവർ അഞ്ചു റോൾ.ഇങ്ങനെ എത്ര നടീനടന്മാരിൽ നിന്ന് അവർ പണം ഈടാക്കുമെന്ന് ഞാൻ അദ്ഭുതപ്പെട്ടു.പണം കൊടുത്ത എല്ലാവരെയും വിളിച്ചുവരുത്തി ഒരു ജാഥയുടെ രംഗമാണെന്നു പറഞ്ഞ് എല്ലാവരെയും നിരത്തിനിർത്തി ഫിലിം ലോഡ് ചെയ്തിട്ടില്ലാത്ത ഡമ്മി ക്യാമറ കൊണ്ട് ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്ത് പറഞ്ഞയച്ച കഥയും കേട്ടിട്ടുണ്ട്.ആട് , തേക്ക്, മാഞ്ചിയം മോഡൽ തട്ടിപ്പും ഈ രംഗത്ത് നടന്നിട്ടുണ്ട്.പത്രങ്ങളിൽ വൻ പരസ്യങ്ങൾ വന്നു, ഒരു ഫിലിം കമ്പനിയിൽ പണം മുടക്കിയാൽ നിങ്ങളുടെ അടുത്ത തിയേറ്ററിൽ ആ പണം വളരുന്നത് കാണാമെന്നും പറഞ്ഞ് . പണം വളർന്നു.പക്ഷേ , നിക്ഷേപകർക്ക് കാണാൻ കഴിയാത്ത എവിടെയോ മാത്രമാണെന്നുമാത്രം.
ഫിലിം മാറി ഡിജിറ്റലായപ്പോഴും തട്ടിപ്പുകൾക്ക് ഒരു കുറവുമില്ല.തട്ടിപ്പുകൾ കാലാനുസൃതമായ പുതിയ ശൈലികൾ കൈക്കൊള്ളുന്നുവെന്നു മാത്രം.
എസ് .കെ.പൊറ്റെക്കാട്ടിന്റെ ' ഒട്ടകം"എന്ന കഥ ' കിളിവാതിൽ"എന്ന പേരിൽ ചലച്ചിത്രമാക്കാൻ ഞാൻ പരിപാടിയിട്ട കാലത്ത് ഒരു സുഹൃത്ത് ആലപ്പുഴക്കാരനായ ഒരാളെ പരിചയപ്പെടുത്തി.വലിയൊരു അബ്കാരി കോൺട്രാക്ടറാണെന്നാണ് പറഞ്ഞത്.എന്റെ ചിത്രം അയാൾ നിർമ്മിക്കാമെന്നേറ്റു.തിരക്കഥ പൂർത്തിയായിരുന്നു."എങ്കിൽപ്പിന്നെ എന്തിനു താമസിക്കണം? ഉടനെ പൂജയും റെക്കോർഡിങും നടത്താമെന്നായി നിർമ്മാതാവ്.എനിക്ക് സന്തോഷമായി.നിർമ്മാതാവ് ഇത്രയും ഉത്സാഹിച്ചുനിൽക്കുമ്പോൾ നമ്മൾ അമാന്തിക്കുന്നതു ശരിയാണോ? യൂസഫലി കേച്ചേരിയെക്കൊണ്ട് പാട്ടുകളെഴുതിച്ചു.മോഹൻ സിതാരയെ സംഗീത സംവിധാനമേല്പിച്ചു .പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയ യൂസഫലി മോഹൻ സിതാര ടീമിന്റെ തുടക്കം ഈ ചിത്രത്തിലായിരുന്നു.യേശുദാസ്, കമുകറ, എം.ജി.ശ്രീകുമാർ , മിൻ മിനി എന്നിവരായിരുന്നു പാട്ടുകാർ.കമുകറയുടെ അവസാനഗാനമായിരുന്നു ഇതിലെ ' കാശേ നീയാണ് ദൈവം"
പൂജ കഴിഞ്ഞു.റെക്കോർഡിങ് തുടങ്ങി.അന്നും പിറ്റേന്നുമായിട്ടാണ് റെക്കോർഡിംഗ്. പാട്ടുകാരൊക്കെ പിന്നെ വന്നു പാടും.തത്കാലം ട്രാക്ക് പാടാനാളുണ്ട്.വൈകുന്നേരമായപ്പോൾ ഓർക്കസ്ട്രയിലെ ചിലരുടെ പണി കഴിഞ്ഞു.അവർക്ക് പോകണം. അവരുടെ പണം കൊടുക്കണമെന്ന് മോഹൻ നിർമ്മാതാവിനോടു പറഞ്ഞു.നിർമ്മാതാവും കൂട്ടുകാരനും പരസ്പരം നോക്കുന്നതല്ലാതെ പണം പുറത്തേക്കു വരുന്നില്ല.പണം കൊടുക്കൂ , എന്താ അമാന്തം എന്ന് ഞാൻ ചോദിച്ചു.ഉടൻ വരാം, പണം ഒരിടത്തുണ്ട്.അത് വാങ്ങി വരാം എന്ന് പറഞ്ഞു കാറുമെടുത്ത് അവർ സ്ഥലം വിട്ടു.സമയം വൈകിയപ്പോൾ മോഹൻ വന്നു പറഞ്ഞു, അവർക്കു പോകണം. എന്തെങ്കിലും ചെയ്യൂ. പൂജയ്ക്ക് ഞാൻ ക്ഷണിച്ചെത്തിയ രണ്ടു മൂന്നു പേരിൽനിന്ന് പണം സംഘടിപ്പിച്ചു അവരെ യാത്രയാക്കി.അന്നത്തെ പണി അവസാനിച്ചപ്പോൾ മോഹൻ പറഞ്ഞു,നാളെ വൈകുന്നേരം പേയ്മെന്റ്സെല്ലാം സെറ്റിൽ ചെയ്യേണ്ടതാണ്.പ്രൊഡ്യൂസറെ സൂക്ഷിക്കണം.
തമ്പാന്നൂരിലെ ഒരു ഹോട്ടലിലാണ് പ്രൊഡ്യൂസറും സുഹൃത്തുക്കളും മുറിയെടുത്തിരുന്നത്.അതിന്റെ അടുത്തൊരു മുറി എറണാകുളത്തുനിന്നും മറ്റും വന്ന എന്റെ രണ്ടുമൂന്നു സുഹൃത്തുക്കളും എടുത്തിരുന്നു.വർക്ക് കഴിഞ്ഞു ഞാൻ അവരോടൊപ്പം ഹോട്ടലിലേക്കു ചെന്നു . പ്രൊഡ്യൂസറുടെ മുറി പൂട്ടിയിരുന്നു. അവർ തിരികെ വരുന്നതും കാത്ത് ഏറെ നേരം ഞാൻ അവിടെയിരുന്നു.പിന്നെ വരാന്തയിലേക്ക് നടന്ന് അവിടെ ഒരു കസേര വലിച്ചിട്ടിരുന്നു.രണ്ടാം നിലയാണത്. അവിടെയിരുന്ന് താഴേക്കുനോക്കിയാൽ ഹോട്ടലിലേക്ക് വരുന്നവരെ കാണാം.അക്ഷമയോടെ ഞാൻ നിർമ്മാതാവ് വരുന്നതും കാത്തിരുന്നു.അങ്ങനെ വളരെ നേരം കടന്നുപോയപ്പോൾ നിർമ്മാതാവിന്റെ കാർ ഗേറ്റ് കടന്നുവരുന്നതുകണ്ടു.കാറിൽ നിന്ന് നിർമ്മാതാവും സുഹൃത്തുക്കളും പുറത്തിറങ്ങി.നിർമ്മാതാവ് മുകളിലേക്കുനോക്കി. ഞാനിരിക്കുന്നതുകണ്ടു.അവർ അകത്തേക്കുകയറി. ഞാനും ആശ്വാസത്തോടെ അകത്തേക്ക് കയറി മുറിയിൽ കാത്തിരുന്നു.അങ്ങനെ അനേകസമയം കടന്നുപോയി. നിർമ്മാതാവ് വന്നില്ല.
ഞാൻ പടിയിറങ്ങി റിസപ്ഷനിലേക്കു ചെന്നു .നിർമ്മാതാവെവിടെ എന്ന് ചോദിച്ചപ്പോൾ റിസപ്ഷനിസ്റ്റ് കൈമലർത്തി.അകത്തോട്ടുകയറിയിട്ട് അവരെങ്ങോട്ടു പോയി എന്ന് ചോദിച്ചപ്പോൾ അവർ വരുന്നതോ പോകുന്നതോ താൻ കണ്ടിട്ടേയില്ല എന്നായിരുന്നു അയാളുടെ മറുപടി.സംഗതി കൈവിട്ടുപോയി എന്നെനിക്ക് ബോധ്യപ്പെട്ടു.ഞാൻ വേഗം അതിഥികളായെത്തിയവരെ അപ്പോൾത്തന്നെ എറണാകുളത്തേക്ക് മടക്കി സംഘടിപ്പിക്കാവുന്നേടത്തോളം തുകയുമായി നാളെ എത്തിച്ചേരണമെന്ന് പറഞ്ഞു വിട്ടു.അതിലൊരാൾ കഴുത്തിൽക്കിടന്ന സ്വർണ്ണച്ചെയിൻ എനിക്കൂരിത്തന്നു .അതോടെ എനിക്കല്പം ആശ്വാസമായി.(ഒരു മാസം കഴിഞ്ഞു ഇതേ റിസപ്ഷനിസ്റ്റ് എന്നെ വിളിച്ചുനിർമ്മാതാവെവിടെയുണ്ടെന്നന്വേഷിച്ചു. ഹോട്ടൽ ബില്ല് സെറ്റിൽ ചെയ്യാതെ കടന്നുകളഞ്ഞിരിക്കുകയാണ് എന്ന് പരാതിപ്പെട്ടു. അന്ന് അയാളുടെ മുൻപിൽ നിന്ന് അപ്രത്യക്ഷരായശേഷം അവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഞാൻ മറുപടിപറഞ്ഞു.)
പിറ്റേന്ന് വെളുപ്പിനെ ഞാൻ വീട്ടിൽ നിന്നിറങ്ങി. ഒരു ഓട്ടോയുമെടുത്ത് പരിചയക്കാരുടെയെല്ലാം അടുത്തുപോയി കടം ചോദിച്ചു.വൈകുന്നേരം റെക്കോർഡിങ് കഴിയാറായപ്പോൾ സ്റ്റുഡിയോയിലെത്തി. എല്ലാവരെയും പണം കൊടുത്തുതന്നെ പിരിച്ചുവിട്ടു.
പലപ്പോഴായി ഗായകർ വന്നു പാടി.റെക്കോർഡിങ് പൂർണ്ണമായി.
പല കാസ്സറ്റു കച്ചവടക്കാരോടും സംസാരിച്ചു.ഒരുവൻ അൻപതിനായിരം രൂപയ്ക്ക് എടുക്കാൻ തയാറായി.ഇരുപത്തിയയ്യായിരം രൂപയുടെ ചെക്ക് പടം റിലീസ് ചെയ്തശേഷമേ മാറാവൂ എന്നായിരുന്നു വ്യവസ്ഥ. ഇരുപത്തിയയ്യായിരം രൂപയുടെ ചെക്ക് കൈയോടെ ബാങ്കിലേല്പിച്ചു.ഒരാഴ്ച കഴിഞ്ഞു ഒരു കാസ്സറ്റ് കടയിൽ ചെന്നപ്പോൾ പുതിയൊരു കാസ്സെറ്റ് വന്നിരിക്കുന്നതു കണ്ടു.
' കിളിവാതിലി"ലെ നാലു പാട്ടുകളും മറ്റൊരു ചിത്രത്തിലെ മൂന്നും ചേർത്ത് ഒരു കാസ്സെറ്റ്.ഞാൻ വേഗം ബാങ്കിലേക്ക് പോയി. അയച്ച ചെക്ക് അതുപോലെ മടങ്ങിവന്ന് കിടപ്പുണ്ടായിരുന്നു !
കുറേക്കാലം കഴിഞ്ഞു ഒരിക്കൽ ആലപ്പുഴ വഴി ഒരു സുഹൃത്തിന്റെ കാറിൽപോകുമ്പോൾ അയാൾ നിർമ്മാതാവിനെപ്പറ്റി ചോദിച്ചു.അബ്കാരിയുടെ ബാർ കാണണോ എന്ന് ചോദിച്ചു.വഴിതിരിഞ്ഞ് ഒരു പാടശേഖരത്തിന്റെ വശത്തുകൂടെ കാർ നീങ്ങി.അവിടെയൊരിടത്ത് തൂണുകളിളകിയ ഒരോലപ്പുര കണ്ടു.അതിന്റെ മുൻവശത്ത് കറുത്ത ഒരു പലകക്കഷ്ണം ഒടിഞ്ഞു തൂങ്ങി കിടന്നിരുന്നു.അതിൽ 'കള്ള് " എന്ന് മാഞ്ഞു തുടങ്ങിയ വെള്ള അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്. ' ഇതണ് അയാളുടെ ബാർ." സുഹൃത്ത് പറഞ്ഞു," എന്നാൽ ഇതും അയാളുടെ സ്വന്തമല്ല. അയാൾ ബിനാമി മാത്രം.യഥാർത്ഥ ഉടമ മദ്യവർജനസമിതിയുടെ നേതാവായ ഒരു രാഷ്ട്രീയക്കാരനാണ്. സ്വന്തം പേര് വയ്ക്കാൻ കഴിയാഞ്ഞതുകൊണ്ട് ഇയാളുടെ പേര് വച്ചു എന്ന് മാത്രം."
ഒടിഞ്ഞു തൂങ്ങിയ ആ കുടിൽ പാട്ടുകൾ മാത്രം പുറത്തിറങ്ങിയ എന്റെ സിനിമയുടെ പ്രതീകമായി എനിക്കു തോന്നി.