തന്റെ ആദ്യ നായിക കഥാപാത്രങ്ങൾക്ക് ഒപ്പം മാനസ രാധാകൃഷ്ണൻ
ദുബായ് ഇന്ത്യൻ സ്കൂളിലെ ഒരു അവധിക്കാലം. രഘുനാഥ് പലേരി സംവിധാനം ചെയ്ത 'കണ്ണുനീരിനും മധുരം " സിനിമയിൽ നെടുമുടി വേണുവിന്റെ മകളായി അഭിനയിക്കുമ്പോൾ നാലാം ക്ളാസിൽ പഠിക്കുന്നു. പിറ്റേവർഷം അവധിക്കാലത്ത് 'കടാക്ഷ"ത്തിൽ സുരേഷ് ഗോപിയുടെ മകൾ. ദിലീപിന്റെ 'വില്ലാളിവീര"നിൽ കണ്ടത് പത്താം ക്ളാസിലെ അവധിക്കാലത്ത്. ബാലതാരമായി എത്തി നായികയായി മാനസ രാധാകൃഷ്ണൻ മാറിയതാണ് പിന്നത്തെ കഥ. സിനിമപോലെ കുട്ടിക്കാലത്തുതന്നെ ഇലക്ട്രോണിക്സും തലയിൽ കയറി. കോട്ടയത്ത് കുടുംബ വേരുള്ള അച്ഛൻ വി.കെ. രാധാകൃഷ്ണൻ ദുബായിൽ ഇലക്ട്രോണിക്സ് എൻജിനിയർ. എന്നാൽ വഴി മാറി സഞ്ചരിച്ച മാനസ നാലുമാസം മുൻപ് കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. ഏക മകളുടെ ആഗ്രഹങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നു അമ്മ ശ്രീകല. മാനസയെ സിനിമ ഏഴുവർഷം മുൻപ് കൊച്ചിയിൽ പറിച്ചുനട്ടതാണ് അടുത്ത വിശേഷം. അനൂപ് മേനോൻ നായകനായി എത്തുന്ന '24 ഗ്രാംസിൽ"ആണ് ഇനി പ്രേക്ഷകർ കാണാൻ പോവുക.
എന്റെ ഉമ്മുകുൽസു
'കാറ്റ് " സിനിമയിലെ ഉമ്മുകുൽസു എന്റെ ആദ്യ നായിക കഥാപാത്രം. ആസിഫ് ഇക്കയുടെ നായിക. ഇതിൽ ഏതാണ് കൂടുതൽ സന്തോഷം തരുന്നതെന്ന് പറയാൻ ഇപ്പോഴും കഴിയില്ല. ഉമ്മുകുൽസു നിഷ്കളങ്കയായ പെൺകുട്ടിയാണ്. ആ കഥാപാത്രത്തിൽ എവിടെയൊക്കെയോ ഞാൻ ഉണ്ടെന്ന് തോന്നാറുണ്ട്. 'ടിയാൻ"സിനിമയുടെ ലൊക്കേഷനിൽ വച്ച് മുരളിച്ചേട്ടൻ (മുരളിഗോപി) പറഞ്ഞാണ് സംവിധായകൻ അരുണേട്ടനെ കാണുന്നത്. അപ്പോഴും കരുതിയില്ല ആസിഫ് ഇക്കയുടെ നായികവേഷമാണെന്ന്. കാരക്ടർ റോളാണ് പ്രതീക്ഷിച്ചത്. ആസിഫ് ഇക്കയുടെ നായികയാണെന്ന് അപ്പോൾ അരുണേട്ടൻ. പിന്നെ ഉമ്മുകുൽസുവിനെപ്പറ്റി പറഞ്ഞു.
വേറൊരു കാലഘട്ടത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ് ഉമ്മുകുൽസു. എന്നെപ്പോലെതന്നെ ഉമ്മുകുൽസുവിനും സിനിമ ഒരുപാട് ഇഷ്ടം. ഞങ്ങൾ രണ്ടുപേർക്കും ഒരേ പ്രായം. വളരെ വേഗം ഉമ്മുകുൽസുമായി മാറാൻ സാധിച്ചു. ഞങ്ങൾ പരസ്പരം സ്നേഹിച്ചു. ആദ്യ നായിക വേഷം എന്നും ഏറെ പ്രിയപ്പെട്ടതായിരിക്കുമല്ലോ. കാറ്റും ഉമ്മുകുൽസുവും എന്നോട് ചേർന്ന് നിൽക്കുന്നു. ആസിഫ് ഇക്കയുടെ നായികയായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. ആസിഫ് ഇക്ക ലൊക്കേഷനിൽ വന്നാൽ അപ്പോൾതന്നെ അറിയാൻ കഴിയും. എല്ലാവരോടും ഹായ് പറഞ്ഞു അവിടെ ഒരു വൈബ് തീർക്കും. ആസിഫ് ഇക്കയോടൊപ്പം ഇനിയും അഭിനയിക്കണമെന്ന് തോന്നാറുണ്ട്.
എന്റെ മീര
ചെന്തമിഴിന്റെ മണമുള്ള മീര. ശശികുമാർ സാർ നായകനായി എത്തുന്ന 'പരമഗുരു" എന്റെ മാത്രമല്ല സംവിധായകൻ ജിയെൻ കൃഷ്ണകുമാർ ചേട്ടന്റെയും ആദ്യ തമിഴ് സിനിമ. ടിയാനിൽ അഭിനയിക്കുമ്പോൾ ഒരിക്കലും കരുതിയില്ല സംവിധായകൻ ജിയെൻ കൃഷ്ണകുമാർ ചേട്ടൻ തന്റെ ആദ്യ തമിഴ് ചിത്രത്തിൽ നായികയാവാൻ എന്നെ വിളിക്കുമെന്ന്. ബാലതാരമായി അഭിനയിക്കുമ്പോൾ ലഭിച്ച വലിയ ക്രോസ് റോഡായിരുന്നു 'ടിയാൻ". ഒരേ സംവിധായകന്റെ സിനിമകളിൽ തുടർച്ചയായി അഭിനയിക്കാൻ കഴിയുന്നതും ഭാഗ്യം തന്നെയാണ്. ഒപ്പം സന്തോഷവും. ക്രൈം ത്രില്ലറാണ് 'പരമഗുരു". എന്നാൽ തമിഴിലെ അരങ്ങേറ്റ സിനിമയിൽ എനിക്ക് നായകനില്ല. എന്നാൽ ശശികുമാർ സാറിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു.
ശശികുമാർ സാറിന്റെ സുബ്രഹ്മണ്യപുരവും നാടോടികളും കണ്ടിട്ടുണ്ട്. ആ സിനിമകളൊക്കെ ഇഷ്ടമാണ്. എപ്പോഴും ഒരേപോലെയാണ് ശശികുമാർ സർ.ആരോടും ദേഷ്യപ്പെടാറില്ല. പതിഞ്ഞ സംസാരം.
തമിഴ് സംസാരിക്കാൻ അറിയാവുന്നതിനാൽ മീരയെ ഒപ്പം കൊണ്ടുപോവാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. ഗ്രാമത്തിന് അപ്പുറം ഒരു ലോകം മീര കണ്ടിട്ടില്ല. ഒരു ദിവസം മീരയ്ക്ക് ഗ്രാമം ഉപേക്ഷിച്ച് പോവേണ്ടി വരുന്നു. അപ്രതീക്ഷിതമായാണ് തമിഴിൽ അഭിനയിക്കുന്നത്.
എന്റെ തുളസി
തെലുങ്ക് സിനിമയിൽ നാളെ അഭിനയിക്കുമെന്ന് ഞാൻ പോലും ചിന്തിച്ചില്ല. ലോക് ഡൗൺ കാലത്താണ് അപ്രതീക്ഷിത വിളി. വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയുടെ നായികയായി 'ഹൈവേ"യിലൂടെ തെലുങ്ക് അരങ്ങേറ്റം. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകൻ കെ.വി. ഗുഹനാണ് സംവിധാനം. വീണ്ടും പ്രതിഭാധനനായ സംവിധായകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്. ഗൂഗിൾ മീറ്റിലാണ് കഥാപാത്രത്തെപ്പറ്റി അറിയുന്നത്. തെലുങ്ക് ഒട്ടും അറിയില്ല. അതിന്റെ ടെൻഷൻ നല്ലപോലെ ഉണ്ടായിരുന്നു. അഭിഷേക് ബാനർജി, സയാമി ഖേർ എന്നീ ബോളിവുഡ് താരങ്ങൾ ഹൈവേയിൽ അഭിനയിക്കുന്നുണ്ട്. അവർക്കും തെലുങ്ക് അറിയില്ല. ഇംഗ്ളീഷ് സ്ക്രിപ്ട് ഉണ്ടായിരുന്നതിനാൽ പകുതി ജീവൻ തിരികെ ലഭിച്ചപോലെയായി. ആനന്ദിന്റെ 'മിഡിൽ ക്ളാസ് മെലഡീസ്" പ്രൈമിൽ കണ്ടു ഇഷ്ടപ്പെട്ടതാണ്.തുളസിയെ മികച്ചതാക്കി മാറ്റാൻ ആനന്ദിന്റെ മാത്രമല്ല, എല്ലാവരുടെയും പിന്തുണ ലഭിച്ചു. കഥാപാത്രം അധികം സംസാരിക്കാത്തതിനാൽ ഭാവാഭിനയത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഭാഷ മാറിയെങ്കിലും മലയാള സിനിമയിൽ അഭിനയിക്കുന്നതുപോലെ അനുഭവപ്പെട്ടു. ഉമ്മുകുൽസുവിനെയും മീരയെയും പോലെ തുളസിയും എന്നും എന്റെ ഒപ്പം തന്നെയുണ്ടാവും.