'നീയറിഞ്ഞോ..മേലേമാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്' കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിൽ മോഹൻലാലും മാള അരവിന്ദനും പാടി അഭിനയിച്ച ഒരു പാട്ടാണിത്. ഓരോ മലയാളികൾക്കും പാട്ടിലെ വരികൾ കാണാപാഠമായിരുന്നു മുൻപ്. പാട്ടിലെ വരികളിൽ ചുനക്കര രാമൻകുട്ടി പറയും പോലെ സ്വർഗത്തിലെ മുത്തച്ഛന്മാർക്ക് ഇഷ്‌ടം കുടിക്കാവുന്ന ഒരു കണ്ടെത്തലിന്റെ വാർത്ത ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ഒന്നും അങ്ങോട്ട് പിടികിട്ടുന്നില്ലെങ്കിൽ കാര്യമിതാണ്. വളരെ വ്യത്യസ്‌തമായൊരു കണ്ടെത്തൽ phys.org എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നു. 2006ൽ യു.കെയിലെ മെർലിൻ റേഡിയോ ടെലസ്‌കോപ്പ് പുറത്തുവിട്ട ഒരു മേഘക്കൂട്ടമുണ്ട്. 463 ബില്യൺ കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മദ്യം നിറഞ്ഞ ഒരു മേഘക്കൂട്ടമാണിത്.
W3(OH) എന്ന പ്രദേശം നിരീക്ഷിക്കുകയായിരുന്നു ഗവേഷക സംഘം. ഗുരുത്വാകർഷണത്തിലൂടെയും പൊടിയിലൂടെയും മേഘവാതകത്തിലൂടെയും നക്ഷത്രങ്ങൾ രൂപംകൊളളുന്ന പ്രദേശമായിരുന്നു ഇത്. മേസറുകൾ എന്ന വാതകതന്മാത്രകൾ പുറത്തുവിടുന്ന ഭീമൻ വളയങ്ങൾ ഇവിടെ ഗവേഷകർ കണ്ടു. ദൃശ്യപ്രകാശം ഇത്തരത്തിൽ സംഭവിക്കുമ്പോൾ അവ ലേസർ എന്ന രൂപമാകാറുണ്ട്. ഇത്തരത്തിൽ പുറത്തുവിടുന്ന വളയങ്ങൾ തമ്മിൽ ബന്ധിക്കുന്ന മേഘങ്ങൾ ഇവിടെ രൂപം കൊണ്ടു. ഈ മേഘങ്ങളിലാണ് മദ്യമടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
മദ്യം എന്ന് പറയുന്നുവെങ്കിലും ഈ മേഘങ്ങളിലുളളത് മീഥൈൽ ആൽക്കഹോളാണ്. സാധാരണ മദ്യപാനികൾ ഈഥൈൽ ആൽക്കഹോളാണ് ഉപയോഗിക്കാറ്. ജ്യോതിശാസ്‌ത്ര രംഗത്ത് കാലങ്ങളായി അംഗീകരിക്കപ്പെട്ട ചില കാഴ്‌ചപ്പാടുകളെ വെല്ലുവിളിക്കുന്നതാണ് മീഥൈൽ ആൽക്കഹോൾ അടങ്ങിയ മേഘങ്ങളുടെ കണ്ടെത്തൽ. ഇത് വളരെ രസകരമാണെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രിൻസിപൽ ഇൻവെസ്‌റ്റിഗേറ്റർ ഡോ. ലിസ ഹാർവി സ്‌മിത്ത് വ്യക്തമാക്കുന്നു.