' മരണം അഭിനയിക്കുന്ന മഹാനടൻ".പണ്ട് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മരണം കേരളകൗമുദി പ്രസിദ്ധീകരണങ്ങൾക്കായി റിപ്പോർട്ട് ചെയ്തപ്പോൾ കെ.വേണുഗോപാൽ എന്ന പത്രലേഖകൻ എഴുതിയ കുറിപ്പിന്റെ തലവാചകം ഇങ്ങനെയായിരുന്നു. ശങ്കരക്കുറുപ്പ് മരിച്ചു കിടക്കുന്നതു കണ്ടാൽ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല.അതുകൊണ്ടാണ് അങ്ങനെയെഴുതിയതെന്ന് പിന്നീട് നെടുമുടി വേണു എന്ന നടനായി മാറിയ വേണുഗോപാൽ എന്ന ആ പഴയ പത്രപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. നെടുമുടി വേണുവിന്റെ ഭൗതിക ശരീരം കണ്ടപ്പോൾ പലവട്ടം സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ള അന്ത്യരംഗങ്ങളിലെ പോലെ അതും അഭിനയമായിരിക്കണേയെന്ന് ആഗ്രഹിക്കാതിരുന്നില്ല. പൂർണതയിൽ സംതൃപ്തി തേടിയിരുന്ന പെർഫക്ഷണിസ്റ്റായിരുന്നു നെടുമുടി വേണു എന്ന നടൻ. ജീവിതത്തിന്റെ അരങ്ങിലെ അവസാന വേഷം പൂർത്തിയാക്കാൻ ,ദൈവം ആക്ഷൻ പറഞ്ഞപ്പോൾ ഒരുപക്ഷേ വേണു മനസിലെങ്കിലും ചോദിച്ചിരിക്കും " ഇത് ഓ.കെയല്ലേയെന്ന് ". നെടുമുടി വേണു മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമതന്നെ കണ്ട അതുല്യനടനായിരുന്നു. മലയാളത്തിൽ ഭരത് ഗോപി നെടുമുടി വേണു കോമ്പിനേഷൻ കാലഘട്ടം അഭിനയ കലയുടെ വിസ്മയം കാഴ്ചവച്ച പ്രതിഭാ സംഗമങ്ങളായിരുന്നു.അതൊരു കാലമായിരുന്നു.ഇവരിൽ ആരായിരുന്നു മികച്ച നടനെന്നു ചോദിച്ചാൽ ഉത്തരം പറയുക എളുപ്പമായിരുന്നില്ല. എന്നാൽ ഏതു വേഷവും വേണുവിന് ഇണങ്ങുമായിരുന്നു. എഴുപതുകളുടെ വസന്തം സൃഷ്ടിച്ച കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും സുന്ദരമായ കാലത്തിന്റെ കാമുകനായിരുന്നു വേണു.അയ്യപ്പപ്പണിക്കരുടെ നീ തന്നെ ജീവിതം സന്ധ്യേ എന്നു തുടങ്ങുന്ന പകലുകൾ രാത്രികൾ എന്ന കവിത ചൊല്ലി കാമ്പസുകളെ വേണു കോരിത്തരിപ്പിച്ചിട്ടുണ്ട് . " നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേ നീ തന്നെയിരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ " വേണുവിന്റെ സ്വരത്തിലൂടെ കേട്ട് മതിമറന്ന തലമുറകൾ ഇവിടെ ഉണ്ടായിരുന്നു. മഹാരഥൻമാരായ ജി.അരവിന്ദൻ , അടൂർ ഗോപാലകൃഷ്ണൻ, ഭരതൻ,പദ്മരാജൻ, കെ.എസ്.സേതുമാധവൻ ,കെ.ജി.ജോർജ്ജ് , ഫാസിൽ,മോഹൻ,ആന്റണി ഈസ്റ്റ്മാൻ തുടങ്ങി സിബി മലയിൽ ,ഐ.വി.ശശി, ജോഷി, സത്യൻ അന്തിക്കാട്, ബാബു തിരുവല്ല, പ്രിയദർശൻ, അങ്ങനെയങ്ങനെ എല്ലാവരുടെയും ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച വേണു ഈ രംഗത്ത് പുതുതായി വന്നവരെയെല്ലാം പ്രോത്സാഹിപ്പിച്ചു.യുവ സംവിധായകരുടെ കൂടെ അഭിനയിക്കാൻ വലിയ താത്പ്പര്യം കാട്ടി. കോമാളി, വില്ലൻ , സഹതാരം എന്നിങ്ങനെ ഏത് വേഷം കെട്ടാനും വേണുവിലെ നടൻ തയ്യാറായിരുന്നു.ഏത് മൂശയിലും വാർത്തെടുക്കാൻ കഴിയുന്നതുപോലെ കഥാപാത്രങ്ങളെല്ലാം വേണവിനു വഴങ്ങി. ഇത്ര പെട്ടെന്ന് വേണു അരങ്ങൊഴിയുമെന്ന് ആരും കരുതിയിരുന്നില്ല. അവിടെയും വേണു ഞെട്ടിച്ചു. മുക്കൂറ്റി തിരുതാളി കാടും പടലും പിടിച്ചുകെട്ടിത്താ.. എന്ന പാട്ടിനൊപ്പം ആടിത്തിമിർക്കുന്ന വേണു, ചാമരത്തിലെ നാണം കുണുങ്ങിയായ പുരോഹിതനായ വിദ്യാർത്ഥി, തകരയിലെ സുഭാഷിണിയെ വളയ്ക്കാൻ പിള്ളയ്ക്ക് കുബുദ്ധി ഉപദേശിക്കുന്ന ചെല്ലപ്പനാശാരി. കള്ളൻ പവിത്രനിലെ കള്ളൻ, മംഗളം നേരുന്നു വിലെ കഥാപാത്രം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ മാഷ് , അപ്പുണ്ണിയിലെ അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാൻ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. മലയാള സിനിമ മറക്കില്ല നെടുമുടി വേണുവിനെ. വേണു നാഗവള്ളി സംവിധാനം ചെയ്ത സർവകലാശാലയിൽ നെടുമുടി വേണു ചൊല്ലുന്ന കവിത മുഴങ്ങുന്നു
'അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയിൽ പേറ്റു നോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലെ ചതിച്ചേ തക തക താ....... കാറ്റിന്റെ ഉലച്ചിലിൽ ഒരു വള്ളി കുരുക്കിൽ കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു ജീവൻ ഞരങ്ങി തക തക താ" ....
പകലുകൾ രാത്രികൾ വീണ്ടും മുഴങ്ങുന്നു. 'പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ
ചെരുവിൽ കിടന്നുവോ നമ്മൾ....
കരിയില പൊഴിയുന്ന പോലെ ഒരു മഞ്ഞുകട്ടയിലലിയുന്ന പോലെത്ര ലഘുവായി ലളിതമായി നീ മറഞ്ഞൂ "