murder

മുംബയ്: ഫുട‌്‌പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ തലതകർത്ത് ക്രൂരമായി കൊലപ്പെടുത്തിയ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. സുരേഷ് ശങ്കർ ഗൗഡയാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ശനിയാഴ്ച 15 മിനിട്ടിന്റെ ഇടവേളയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്.

ജെ ജെ മാർഗിലാണ് ആദ്യ കൊലപാതകം നടന്നത്. ഫുട്‌പാത്തിലൂടെ നടക്കുന്ന സുരേഷ് ശങ്കർ ഗൗഡ ഉറങ്ങിക്കിടക്കുന്ന ആളെ കണ്ടപ്പോൾ അല്പനേരം അയാളെ നോക്കിനിന്നു. അല്പം കഴിഞ്ഞ് അടുത്തുണ്ടായിരുന്ന ഭാരമേറിയ കല്ലെടുത്ത് ഇയാളുടെ തലയിലേക്ക് ശക്തിയായി ഇട്ടു. തുടർന്ന് അയാൾ കൂളായി നടന്നുനീങ്ങി. കൊലപാതകം ചിലർ കണ്ടെങ്കിലും ആരും ഇടപെട്ടില്ല. അക്രമിയെ തടയാൽ പോലും അവർ കൂട്ടാക്കിയില്ല.

ബൈക്കുള ഫ്രൂട്ട് മാർക്കറ്റിന് സമീപത്തെ ഫുട്‌പാത്തിലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. ഇവിടെനിന്നുള്ള ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ആളുകൾ മരണവെപ്രാളത്തിൽ കഷ്ടപ്പെടുന്നത് കാണാൻ ഇഷ്ടപ്പെടുന്നു. അതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞത്. 2015ൽ കുർളയിലെ നടപ്പാതിയിൽ വച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു. കേസ് കോടതിയിലെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതേ വിടുകയായിരുന്നു. പ്രതിയെ അറസ്റ്റുചെയ്തെങ്കിലും കൊല്ലപ്പെട്ട രണ്ടുപേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.