സ്വന്തം പേരിലുള്ള പെർഫ്യൂമുമായി നടി ഊർമിളാ ഉണ്ണി. 'ഊർമിളാ ഉണ്ണീസ് വശ്യഗന്ധി' എന്നാണ് പെർഫ്യൂമിന്റെ പേര്. വർഷങ്ങളായുള്ള തന്റെ സ്വപ്നമായിരുന്നു ഇതെന്നും, മലയാളത്തിൽ ഒരു സിനിമാതാരത്തിന്റെ പേരിൽ പെർഫ്യൂം ആദ്യമായിട്ടാകും എത്തുന്നതെന്നും ഊർമിള ഉണ്ണി പറഞ്ഞു.
പെർഫ്യൂം ഇറക്കാൻ ഒരു കാരണമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു വിമാനത്താവളത്തിൽ കൂടി നടക്കുമ്പോൾ അമിതാഭ് ബച്ചന്റെ പേരിലുള്ള പെർഫ്യൂം കണ്ടു. അതിന്റെ കവറിൽ അദ്ദേഹത്തിന്റെ ഫോട്ടോ പ്രിന്റ് ചെയ്തിരുന്നു. ഇതുപോലെ തന്റെ ഫോട്ടോ വച്ച ഒരു പെർഫ്യൂം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നി.'- താരം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോഹൻലാലും സുരേഷ്ഗോപിയും ഉൾപ്പടെയുള്ള താരങ്ങൾ ഏത് സുഗന്ധമാണ് ഉപയോഗിക്കുന്നതെന്നും, ഇതിന്റെ കൂട്ടെന്താണെന്നും തന്നോട് ചോദിക്കാറുണ്ട്. തന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് ഉപയോഗിച്ചിരുന്നത്. തങ്ങളുടെ കോവിലകങ്ങളിൽ മുത്തശ്ശിമാർ പകർന്നുതന്ന ഒരു കൂട്ടാണ് ഇതെന്നും നടി പറഞ്ഞു.
ഊർമിളാ ഉണ്ണീസ് വശ്യഗന്ധി എന്ന പേര് പെർഫ്യൂമിന് നൽകാനും ഒരു കാരണവുമുണ്ട്. താൻ വർഷങ്ങളായി ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ പേര് വശ്യഗന്ധി എന്നാണ്. ചന്ദനതൈലത്തിന്റെയും സാമ്പ്രാണിയുടേയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്. കോവിലകത്ത് ഉണ്ടാക്കിയിരുന്ന ആ കൂട്ടിന്റെ പേരാണ് വശ്യഗന്ധിയെന്ന് നടി പറഞ്ഞു.