anwar

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ നിലമ്പൂർ എംഎൽ‌എ പി.വി അൻവറിന്റെ ആക്ഷേപം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്‌തു. പറവൂർ കേന്ദ്രീകരിച്ച് നടന്ന മണിചെയ്‌ൻ തട്ടിപ്പിൽ സതീശന് പങ്കുണ്ടെന്നായിരുന്നു അൻവറിന്റെ ആക്ഷേപം. സഭയ്‌ക്കുള‌ളിലും പുറത്തും അൻവർ ഈ ആക്ഷേപം ഉന്നയിച്ചു.

അൻവർ സഭയിലെത്താത്ത സമയം അനുമതിയില്ലാതെയാണ് അവധിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്‌ത പ്രതിപക്ഷ നേതാവിന്റെ നടപടിയാണ് അൻവറിനെ പ്രകോപിപ്പിച്ചത്. ഫേസ്‌ബുക്കിലൂടെയും സഭയിൽ തിരികെയെത്തിയും അൻവർ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. തന്റെ സംരംഭങ്ങളെല്ലാം അവസാനിപ്പിച്ച് രാഷ്‌ട്രീയത്തിന് മൂർച്ച കൂട്ടുമെന്നും അൻവർ പറഞ്ഞിരുന്നു.

അൻവറിന്റെ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച പ്രതിപക്ഷ നേതാവ് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും അൻവറിന്റെ കിളിപോയെന്നും പരിഹസിച്ചു. ആരോപണമുള‌ള കാലത്ത് താൻ പറവൂരിൽ ഇല്ലായിരുന്നെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ മറുപടിയും സഭാരേഖകളിൽ ഉണ്ടാകില്ലെന്ന് സ്‌പീക്കർ എം.ബി രാജേഷ് അറിയിച്ചു.