ചെന്നൈ: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂപ്പർതാരം രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തലവേദനയെ തുടർന്നാണ് താരം കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയത്. എന്നാൽ പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.
എം ആർ ഐ സ്കാനിൽ രക്തകുഴലുകൾക്ക് പ്രശ്നമുള്ളതായി കണ്ടെത്തിയതോടെയാണ് രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയത്. എന്നാൽ ആരോഗ്യനില ഭദ്രമാണെന്നും രക്തസമ്മർദ്ദം നേരിയ തോതിൽ കൂടുകയായിരുന്നു എന്നുമാണ് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചത്.
70കാരനായ രജനിയെ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെയും തുടർന്നായിരുന്നു അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ട്രെയിലർ പുറത്തിറങ്ങിയത്. മാസ് ലുക്കിലുള്ള രജനീകാന്തിന്റെ കഥാപാത്രത്തിന് വൻ വരവേല്പാണ് ആരാധകർ നൽകിയത്.