ജമ്മു: 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി സ്കൂളുകൾക്കും റോഡുകൾക്കും കെട്ടിടങ്ങൾക്കും വീരമൃത്യു വരിച്ചവരുടെയും മറ്റ് പ്രമുഖരുടെയും പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനമായി. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് കശ്മീർ ഭരണകൂടം അംഗീകാരം നൽകിയത്.
കേന്ദ്രഭരണ പ്രദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള സംഭാവനകൾക്കുള്ള ആദരവും അംഗീകാരവും എന്ന നിലയിലാണ് ജമ്മു കശ്മീരിൽ നിന്നുള്ള വീരമൃത്യു വരിച്ചവരുടെയും മറ്റ് ജീവിച്ചിരിക്കുന്ന പ്രമുഖരുടെയും പേരിൽ പുനർ നാമകരണം ചെയ്യാൻ തീരുമാനിച്ചത്. ലഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാക്കളായ ഫാറൂഖ് ഖാൻ, രാജീവ് റായ് ഭട്നാഗർ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ഡോ. അരുൺ കുമാർ മേത്ത, ലഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നിതീഷ്വർ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.