asago

സോഷ്യൽ മീഡിയയിൽ വ്യത്യസ്‌തയിനം വീടുകൾ വൈറലാവുന്നുണ്ട്. ഇപ്പോഴിതാ കാട്ടിൽ അതിമനോഹരമായി നിർമ്മിച്ച ഒരു വീടാണ് ശ്രദ്ധയാകർഷിക്കുന്നത്. നാഗാലാൻഡ് സ്വദേശിയായ അസാഖോയാണ് വീടിന്റെ ഉടമ. അവധിക്കാലം ആഘോഷിക്കാനായിട്ടാണ് ഇരുപത്തിയൊമ്പതുകാരനായ കക്ഷി ഇത്തരത്തിലൊരു വീട് കാട്ടിൽ നിർമ്മിച്ചത്. നാഗാലാൻഡിലെ ഖോനോമാ ഗ്രാമത്തിൽ കാടിനു നടുവിലാണ് അസാഖോയുടെ വീട്. ജെ.ആർ.ആർടോൽക്കീന്റെ നോവലുകളിലെ ഹോബിറ്റുകളുടെ വീടുമായി അടുത്ത് നിൽക്കുന്നതരം വീടാണ് അസാഖോയുടേതും. അങ്ങനെയാണ് അസാഖോ തന്റെ വീടിന് 'ഹോബിറ്റ്‌ ഹോം' എന്ന പേരിട്ടത്. സ്വന്തം സന്തോഷത്തിന്‌ വേണ്ടിയാണ് ചെയ്‌തതെങ്കിലും സംഗതി ഇപ്പോൾ ഹിറ്റാണ്. നിരവധി പേരാണ് അസാഖോയുടെ വീട് കാണാനും സെൽഫിയെടുക്കാനുമായി ഇപ്പോഴിവിടേക്ക് എത്തുന്നത്.

ചെറുപ്പം മുതലേ യാത്രകളോടും സാഹസികതയോടുമായിരുന്നു അസാഖോയ്‌ക്ക് ഇ‌ഷ്‌ടം. പുറത്തു നിന്നു കാണുന്നവർക്ക് സംഗതി ചെറുതാണെന്ന്‌ തോന്നുമെങ്കിലും ഉള്ളിലേക്ക് കയറിയാലാണ് അതിന്റെ വലിപ്പം മനസിലാകുക. അകത്ത് അഞ്ചു മുതൽ ഏഴോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. അടുക്കളയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വീട്ടിലുണ്ട്. അസാഖോ സ്വന്തം ഐഡിയയ്‌ക്കാണ് വീട് ഡിസൈൻ ചെയ്‌തിരിക്കുന്നത്. വീടിന്റെ കൂടുതൽ പണിയും ഒറ്റയ്‌ക്കാണ് ചെ‌യ്‌തിരിക്കുന്നതും. ഇടയ്‌ക്കെല്ലാം അടുത്ത സുഹൃത്തുക്കളും സഹായത്തിനെത്തി.

വീടിന്റെ വാതിലാണ് ഇവിടത്തെ പ്രധാന ആകർഷണം. തടി കൊണ്ട് ഓവൽ രൂപത്തിൽ നിർമ്മിച്ചതാണ് ഈ വാതിൽ. അതേ ആകൃതിയിൽ തന്നെ ചെറിയ ജനലുകളും നിർമ്മിച്ചിട്ടുണ്ട്. വാതിലിനും ജനലുകൾക്കുമൊക്കെ ചുവപ്പും നീലയും പെയിന്റുകളും നൽകിയിട്ടുണ്ട്. വീടിന് അഴക് ചാർത്തുന്നതിനായി പുറത്ത് അതിമനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട്.
എന്നാൽ അസാഖോയുടെ വീട് വൈറലായതോടെ പലരും ഇവിടേക്ക് അന്വേഷിച്ചെത്തുന്നുണ്ട്. അമിത പ്രതീക്ഷകളോടെ വീട്ടിലേക്ക് വരരുതെന്നും അടിസ്ഥാന സൗകര്യങ്ങൾ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്. പ്രകൃതിയെ നോവിക്കാതെ, തടികളും വള്ളിപ്പടർപ്പുകളും മണ്ണുമുപയോഗിച്ചാണ് അസാഖോയുടെ വീട് നിർമ്മിച്ചിരിക്കുന്നത്.