modi

റോം: ജി-20, കാലാവസ്ഥാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇ‌റ്റലിയിലെത്തി. ഒക്‌ടോബർ 29 മുതൽ 31 വരെ ഇറ്റലിയിലാകും മോദി. ഇറ്റാലിയൻ സ‌ർക്കാർ ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡറും പ്രധാനമന്ത്രിയെ സ്വീകരിച്ചു. വെള‌ളി,​ ശനി,​ ഞായർ ദിവസങ്ങളിൽ ഇറ്റലിയിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായും സെക്രട്ടറി ഒഫ് സ്‌റ്റേറ്റ് കർദിനാൾ പിയേട്രോ പരോലിനുമായും കൂടിക്കാഴ്‌ച നടത്തും.

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വൊൻ ഡെർ ലെയ്‌ൻ എന്നിവരുമായി മെച്ചപ്പെട്ട ഒരു ലോകം സൃഷ്‌ടിക്കുന്നതിന് സാമ്പത്തികമായും ജനങ്ങൾ തമ്മിലെ ബന്ധം വർദ്ധിക്കാനുമുള‌ള വഴികൾ ചർച്ച ചെയ്‌തു. സാമ്പത്തിക, ആരോഗ്യ വിഷയങ്ങളെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും പ്രധാനമന്ത്രി വിവിധ നേതാക്കന്മാരുമായി ചർച്ച നടത്തും.

നവംബർ 1 മുതൽ 2 വരെ ഗ്ളാസ്‌ഗോയിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സന്ദർശിക്കും. മറ്റ് രാജ്യങ്ങളുടെ തലവന്മാരുമായും വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി പ്രത്യേകം ചർച്ച നടത്തും