വാഷിംഗ്‌ടൺ: കഴിഞ്ഞ ദിവസം പുറത്തേക്ക് പോയി തിരിച്ച് എത്തിയ മൈതോൺ ഗുത്രി എന്ന യുവതി തന്റെ അപ്പാർട്ട്മെന്റ് ശൂന്യമായിരിക്കുന്നത് കണ്ട് ഞെട്ടി. മോഷണത്തിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് മുഴുവൻ വസ്തുക്കളും കാണാതാകുകയായിരുന്നു. അമേരിക്കയിലെ കൻസസ് സിറ്റിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
മൈതോൺ ഗുത്രി എന്ന യുവതി തന്റെ കുട്ടികൾക്കൊപ്പം പുറത്ത് പോയി തിരിച്ച് വന്നപ്പോൾ ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള മുഴുവൻ സാധനങ്ങളും അവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് നഷ്ടമാകുകയായിരുന്നു. എന്നാൽ വീട്ടിൽ ഒരാൾ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന്റെ ഒരു ലക്ഷണങ്ങളും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവർ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല.
ഇനി ഈ അപ്പാർട്ട്മെന്റിൽ ഞാനും എന്റെ കുട്ടികളും മാത്രമേ അവശേഷിക്കുന്നുള്ളു. ബാക്കി എല്ലാം നഷ്ടപെട്ടിരിക്കുന്നു. എന്റെ എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ ഉൾപ്പെടെയാണ് കാണാതായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി എല്ലാം ആദ്യമുതൽ ആരംഭിക്കണമെന്നും യുവതി ടിക്ടോക്കിലൂടെ പറഞ്ഞു. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത് കുറച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു. റൂം വൃത്തിയാക്കാൻ ഏൽപ്പിച്ച ജോലിക്കാർക്ക് പറ്റിയ അബദ്ധമാണ് ഈ പ്രശ്നങ്ങളിലേക്ക് നയിച്ചത്. റൂം നമ്പർ 1331 വൃത്തിയാക്കുന്നതിന് പകരം യുവതി താമസിച്ചിരുന്ന 1341 വൃത്തിയാക്കിയതിനെ തുടർന്നാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്.
എന്താണ് സംഭവിച്ചതെന്ന കാര്യങ്ങൾ വ്യക്തമായെങ്കിലും നഷ്ടപെട്ട വസ്തുക്കൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് യുവതി മറ്റൊരു ടിക്ടോക് വീഡിയോയിലൂടെ അറിയിച്ചു.