തിരുവനന്തപുരം: നഗരത്തിന്റെ മുഖച്ഛായ അടിമുടി മാറ്റുന്ന സ്‌മാർട്ട് റോഡുകളുടെ നിർമ്മാണം 2023ൽ പൂർത്തിയാക്കാനൊരുങ്ങി നഗരസഭ. കൊവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജൂലായിൽ നഗരസഭ പുനരാരംഭിച്ചിരുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ റോഡുകൾ നവീകരിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങൾ ഫെബ്രുവരിയിൽ തന്നെ തുടങ്ങിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പും കൊവിഡിന്റെ രണ്ടാം തരംഗവും കാരണം ഏറെക്കുറെ മന്ദീഭവിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് കണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് കുഴിക്കുന്നതും മറ്റും ജില്ലാകളക്ടർ തടഞ്ഞത്.
427 കോടിയുടെ പദ്ധതി
മുംബയ് ആസ്ഥാനമായ നാക് കൺസ്ട്രക്ഷൻസും ആർ.കെ. മദാനി ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് 427 കോടിയാണ് ചെലവിടുന്നത്. തിരുവനന്തപുരം കോർപ്പറേഷന്റെ ഏരിയ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതിക്ക് കീഴിലാണ് പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ റോഡുകളുടെ നിർമ്മാണത്തിന്റെ ഭാഗമായി സൈക്കിൾ ട്രാക്കുകളും നിർമ്മിക്കും. മൺസൂൺ കാലമായതിനാൽ റോഡിന് വേണ്ടി കുഴികൾ എടുക്കുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല.അടുത്ത കൊല്ലം പദ്ധതി പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും വിവിധ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പദ്ധതി പൂർത്തീകരണം 2023ലേക്ക് നീട്ടുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിന് കീഴിലായി സ്‌മാർട്ട് സിറ്റി പരിധിയിൽപ്പെട്ട നഗരത്തിലെ ഒമ്പത് വാർഡുകളിലെ 49 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ഇതിൽ 28 കിലോമീറ്റർ വീതം പി.ഡബ്ല്യു.ഡി, കോർപ്പറേഷൻ റോഡും 16 കിലോമീറ്റർ കേരള റോഡ് ഫണ്ട് ബോർഡിനും (കെ.ആർ.എഫ്ബി) കീഴിലാണ്. 49 കിലോമീറ്റർ റോഡിൽ 10 കിലോമീറ്റർ റോഡ് കോർപ്പറേഷൻ പരിധിയിലാണ്. 36 കിലോമീറ്റർ റോഡ് ഫണ്ട് ബോർഡിന് കീഴിലുമാണ്. ഇതിൽ 20 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന് കീഴിലും 16 കിലോമീറ്റർ റോഡ് ഫണ്ട് ബോർഡിന് കീഴിലുമാണ് വരുന്നത്.
റോഡുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകളും വിവിധ കേബിളുകളും ഭൂമിക്കടിയിലാകും. റോഡുകൾ വെട്ടിമുറിച്ചും ലക്കും ലഗാനുമില്ലാതെയും കടന്നുപോകുന്ന കുടിവെള്ള പൈപ്പുകൾക്കും ഇനി സ്ഥിരം സ്ഥലമുണ്ടാകും. ജംഗ്ഷൻ നവീകരണം, പാർക്കിംഗ്, സി.സി ടിവി കാമറ, സൈൻബോർഡ്, റോഡ് മാർക്കിംഗ് തുടങ്ങിയ ഒട്ടേറെ പദ്ധതികളും സ്‌മാർട്ട് റോഡുകളിലുണ്ടാകും. റോഡുകൾക്കരികിൽ അണ്ടർഗ്രൗണ്ട് ഡക്കിംഗ് ഉണ്ടാക്കി ഇലക്ട്രിക് ലൈനുകളും കേബിളുകളും അതിലേക്ക് മാറ്റും. ആവശ്യമുള്ളിടത്ത് ഡക്കിംഗിനൊപ്പം ഡ്രെയ്‌നേജും നിർമ്മിക്കും. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കാമറയും ആവശ്യമുള്ളിടത്ത് ഇലക്ട്രിക്കൽ സിഗ്നൽ സംവിധാനവും സ്ഥാപിക്കും. വാഹനങ്ങൾ ഓടിക്കുന്നയാളുടെ മുഖം ഒപ്പിയെടുക്കാവുന്നതും നമ്പർ പ്ലേറ്റ് തിരിച്ചറിയാവുന്നതുമായ നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എൻ.പി.ആർ), ഫേസ് ഡിറ്റക്ഷൻ കാമറകളും സ്ഥാപിക്കും. റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിനായി 'ഓൺസ്ട്രീറ്റ് പാർക്കിംഗ്' സംവിധാനവും ഏർപ്പെടുത്തും.
പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന റോഡുകളിൽ ഭൂരിഭാഗവും ജനവാസ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. ഫോർട്ടിൽ 3.5 കിലോമീറ്ററിൽ റെസിഡൻഷ്യൽ ഏരിയയുടെ പണികൾ തുടങ്ങിയിട്ടുണ്ട്. ഇത് അടുത്ത വർഷം ഫെബ്രുവരിയോടെ പൂർത്തിയാകുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ പറഞ്ഞു.
നഗരം കുരുക്കിൽ
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പല റോഡുകളും അടച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. സ്‌റ്റാച്യു - ജനറൽ ആശുപ്രത്രി, എ.കെ.ജി സെന്റർ - സ്‌പെൻസർ റോഡ് എന്നിവ അടച്ചിരിക്കുകയാണ്. ഈ രണ്ട് റോഡുകളും ഒരേസമയം കുഴിക്കുകയാണ്. അതിനാൽ തന്നെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഒരു റോഡ് മാത്രം അടച്ചിട്ട് പണി നടത്തിയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ലെന്ന് വാഹന യാത്രക്കാർ പറഞ്ഞു. അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്. മാനവീയം വീഥിയും നിർമ്മാണത്തിന്റെ ഭാഗമായി അടച്ചിട്ടുണ്ട്.
നിലവിൽ ആറ് റോഡുകളുടെ പണികൾ നടന്നുവരികയാണ്. അടുത്തയാഴ്‌ചയോടെ 10 റോഡുകളുടെ കൂടി പണി ആരംഭിക്കും - റോഡ് ഫണ്ട് ബോർഡ്