ക്ഷണിക്കാതെ വരുന്ന അതിഥി എന്നാണ് മരണത്തെ ചിലർ വിശേഷിപ്പിക്കുന്നത്. കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ മരണത്തെയും അങ്ങനെ വിശേഷിപ്പിക്കാം. സഹപ്രവർത്തകർക്കും ആരാധകർക്കും ഞെട്ടലും വേദനയും സൃഷ്‌ടിച്ചുകൊണ്ടാണ് പുനീത് മടങ്ങിയത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു മടക്കം. ജിമ്മിൽ വർക്കൗട്ടിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് പുനീതിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
കന്നഡ സിനിമാ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു പുനീത് രാജ്‌കുമാർ. അഭിനയത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു. ഇതിഹാസ താരം ഡോ. രാജ്കുമാറിന്റെ മകനാണ് പുനീത്. ചെന്നൈയിലാണ് ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. ആറു മാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന ചിത്രത്തിൽ ആദ്യമായി മുഖം കാണിച്ചു. ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ആദ്യമായി കന്നഡ സിനിയിൽ കൊണ്ടുവന്നതും പുനീതാണ്. എൻ ലക്ഷ്‌മിനാരായണൻ സംവിധാനം ചെയ‌്ത ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെയായിരുന്നു അത്.
അഭിനേതാവ് മാത്രമല്ല മികച്ച ഗായകൻ കൂടിയായിരുന്നു അദ്ദേഹം. ആറു വയസുള്ളപ്പോഴാണ് ആദ്യ സിനിമാ ഗാനം റെക്കോഡ് ചെയ‌്തത്. 2002ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന ഓമനപ്പേര് ആരാധകർ ചാർത്തിനൽകിയത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പർഹിറ്റ് ചിത്രങ്ങൾ. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്. സാൻഡൽവുഡ് സൂപ്പർതാരം ശിവരാജ് കുമാർ സഹോദരനാണ്.