മലപ്പുറം: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് നാലുവയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. മലപ്പുറം വള്ളുവമ്പ്രത്ത് ഇന്നുരാവിലെയായിരുന്നു അപകടം. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകള്‍ അര്‍ച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകന്‍ ആദില്‍ ദേവ് എന്നിവരാണ് മരിച്ചത്.
വീടിന് സമീപമുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ആദില്‍ ദേവ് അബദ്ധത്തില്‍ വീഴുകയായിരുന്നു.ഇതുകണ്ട് രക്ഷിക്കാനാണ് അർച്ചന വെള്ളത്തിലിറങ്ങിയത്. രക്ഷിക്കാനുള്ള ശ്രമത്തിൽ ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു എന്നാണ് കരുതുന്നത്. അപകടം നടക്കുമ്പോൾ ക്വാറിക്ക് സമീപത്ത് ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് നാട്ടുകാർ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ മേൽനടപടിക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അപകടമുണ്ടാക്കിയ ക്വാറി മൂടണമെന്ന് നാട്ടുകാർ ഏറെനാളായി ആവശ്യപ്പെടുകയാണ്. ഇത് പരിഗണിച്ച് ജില്ലാകളക്ടർ ക്വാറിമൂടാൻ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു.