telangana

ഹൈദരാബാദ്: വോട്ടിന് പണം ആവശ്യപ്പെട്ട് പരസ്യമായി ധർണ നടത്തി വനിതാ വോട്ടർമാർ. തെലങ്കാനയിലെ ഹുസുരബാദ് നിയമസഭാ മണ്ഡലത്തിലുൾപ്പെട്ട ഗ്രാമങ്ങളിലെ വോട്ടർമാരാണ് തങ്ങളുടെ വിലപ്പെട്ട വോട്ടിന് പണം ആവശ്യപ്പെട്ട് പരസ്യ ധർണ നടത്തിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് സമയങ്ങളിൽ വോട്ടർമാർക്ക് കാശ് നൽകാറുണ്ടെന്നും ഇത് തങ്ങളുടെ അവകാശമാണെന്നുമാണ് ഇവർ വാദിച്ചത്.

മുൻ ആരോഗ്യമന്ത്രിയും സിറ്റിംഗ് എം എൽ എയുമായ എതാല രാജേന്ദർ രാജിവച്ചതിനെ തുടർന്ന് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനാണ് ഗ്രാമീണർ പണം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിനായി ചില പാർട്ടികൾ പണം വിതരണം ചെയ്യുന്നുവെന്ന വാർത്ത പരന്നതോടെ രംഗപൂർ, കട്രപ്പള്ളി, പെദ്ദപപ്പയ്യ പല്ലെ ഗ്രാമങ്ങളിലെ വോട്ടർമാർ പ്രതിഷേധിക്കുകയായിരുന്നു.

സമീപ ഗ്രാമത്തിലുള്ളവർക്ക് ചില രാഷ്ട്രീയ പാർട്ടികൾ വോട്ടിനായി പണം നൽകിയെന്നും എന്നാൽ തങ്ങൾക്ക് ലഭിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സ്ത്രീകളാണ് കൂടുതലായും ധർണയിൽ അണിനിരന്നത്. സമ്മതിദാനത്തിനായി പണം ഒന്നും കിട്ടിയില്ലെന്ന് ചിലർ പരാതിപ്പെടുമ്പോൾ കുറച്ച് തുക മാത്രമാണ് ലഭിച്ചതെന്നാണ് മറ്റ് ചിലർ ആരോപിക്കുന്നത്.