unique

ഒരു ഉത്പന്നം വാങ്ങിയാൽ മറ്റൊന്ന് സൗജന്യം എന്ന വാഗ്ദാനം പരസ്യമേഖലയിൽ പതിവായി കേൾക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൗതുകമുണർത്തുന്നത് ഒരു വിശേഷപ്പെട്ട വിൽപ്പന പരസ്യമാണ്. ഒരു ആമയെ വാങ്ങിയാൽ അടിപൊളിയൊരു വീട് ഫ്രീയാണത്രെ. സംഗതി തിരക്കി ചെന്നാലേ അതിന്റെ പിന്നിലെ സത്യാവസ്ഥ മനസിലാകൂ. ഇംഗ്ലണ്ടിലാണ് അതിശയകരമായ ഈ വിൽപ്പന പരസ്യം വന്നത്. വീട് വിറ്റുപോകാനാണ് ഇത്രയും വിചിത്രമായ ഒരു പരസ്യം അവർ നൽകിയത്. ആമയെ വാങ്ങിയാൽ വീട് കിട്ടുമല്ലോയെന്ന് തോന്നിയേക്കാം. പക്ഷേ, ഈ ആമ അത്ര നിസാരനല്ല, ഏതാണ്ട് എട്ട് കോടി ഇന്ത്യൻ രൂപയാണ് ആമയുടെ വില.

ഹെർക്കുലീസ് ആമയുടെ ചരിത്രം പരിശോധിക്കുമ്പോഴാണ് കൂടുതൽ കൗതുകം തോന്നുക. രണ്ട് ലോകമഹായുദ്ധങ്ങളും നാല് രാജാക്കന്മാരുടെ ഭരണകാലവും കണ്ട മുത്തശി ആമയാണ് കക്ഷി. ചുരുക്കിപ്പറഞ്ഞാൽ ആളൊരു സെലിബ്രിറ്റിയാണെന്ന് സാരം.

14 വർഷങ്ങൾക്കു മുമ്പാണ് ഹെർക്കുലീസ് ആമ ഈ വീട്ടിൽ എത്തുന്നത്. മൂന്നു നിലകളിലായി 2600 ചതുരശ്രയടി വിസ്‌തീർണമാണ് വീടിനുള്ളത്. ഏറ്റവും താഴത്തെ നിലയിൽ ടൈൽ വിരിച്ച വിശാലമായ ഹാളും അടുക്കളയും ഒരുക്കിയിട്ടുണ്ട്. കൂടാതെ,​ ഒരു നിലവറ,​ ഡൈനിംഗ് റൂം, സ്വീകരണമുറി, ഫയർ പ്ലേസ് എന്നിവയും താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും നേരെ പൂന്തോട്ടത്തിലേക്ക് കടക്കാം. രണ്ട് പൂന്തോട്ടങ്ങളാണ് ഈ വീടനുള്ളത്. ആദ്യത്തെ നിലയിൽ വലിയ രണ്ട് ബെഡ്‌ റൂമുകളും ഒരു ഫാമിലി റൂമും ഉണ്ട്. ഏറ്റവും മുകളിലത്തെ നിലയിൽ വലിയ ബെഡ്‌ റൂമും ലിവിംഗ് സ്‌പേസും സ്യൂട്ട് റൂമുണ്ട്. കൂടെ ബാത്ത് റൂമും നൽകിയിട്ടുണ്ട്. ഇവിടത്തെ പൂന്തോങ്ങളിലാണ് ഹെർക്കുലീസ് താമസിക്കുന്നത്. ഇവിടത്തെ പച്ചക്കറി തോട്ടത്തിലെ വെള്ളരിക്കയും തക്കാളിയുമാണ് ആമ മുത്തശിയുടെ ആഹാരം. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ പരസ്യം വൈറലായി ഓടുന്നുണ്ട്.