monson

കൊച്ചി: മോന്‍സണ്‍ കേസിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. മോന്‍സന്റെ വീട്ടില്‍ പോയ മുൻ ഡി ജി പി ലോക്നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് ചോദിച്ച കോടതി ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസിലായില്ലേ എന്ന് പരിഹസിക്കുകയും ചെയ്തു. ഐ ജി ലക്ഷ്മണയുടെ റോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും കോടതി വ്യക്തമാക്കി.

നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ എന്നും എ ഡി ജി പിയെയും ഡി ജി പിയെയും ആരാണ് മോന്‍സന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ചോദിച്ചു.

ഇവര്‍ ആര് ക്ഷണിച്ചിട്ടാണ് പോയത്? 2019 മേയ് മാസം പതിനൊന്നിനാണ് മോന്‍സണിനെതിരെ ഇന്റലിജന്‍സ് അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് വീടിന് സുരക്ഷ ആവശ്യപ്പെട്ട് മോന്‍സണ്‍ പൊലീസിന് കത്ത് നല്‍കിയത്. മോന്‍സനെ സംശയം ഉണ്ടായിട്ടും എന്തിനാണ് പൊലീസ് സംരക്ഷണം നല്‍കിയത് എന്നു ചോദിച്ച കോടതി ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഭാഗമായ ഈ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ മതിയാകുമോ എന്നും ചോദിച്ചു. സത്യവാങ്‌മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.

മോന്‍സൺ പുരാവസ്തു വിറ്റില്ലെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍റെ വിശദീകരണം. കേസ് വീണ്ടും നവംബര്‍ 11ന് പരി​ഗണിക്കും.