wang-wenbin

ബീജിംഗ്​: അതിർത്തി സംരക്ഷണത്തിനായി പുതുതായി പാസാക്കിയ ഭൂ അതിർത്തി നിയമം നിലവിലെ അതിർത്തി കരാറുകളെ ബാധിക്കില്ലെന്നും ഇതെക്കുറിച്ച്​ മറ്റ്​ രാജ്യങ്ങൾ ആശങ്കപ്പെടേണ്ടെന്നും ചൈനീസ്​ വിദേശകാര്യ മന്ത്രാലയ വക്​താവ്​ വാംഗ് വെൻബിൻ. ഇന്ത്യയുടെ ആശങ്കകൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. 23നാണ്​ നാഷനൽ പീപ്പിൾസ്​ കോൺഗ്രസ്​ നിയമം പാസാക്കിയത്​. കിഴക്കൻ ലഡാക്കിലെ അതിർത്തി സംബന്ധിച്ച്​ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുകയാണ്​. നിയമത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ഏകപക്ഷീയമായി ചൈന കൊണ്ടുവന്ന നിയമം അതിർത്തി കരാറുകളെ ബാധിക്കുമെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്​ വിള്ളലുണ്ടാക്കുന്നതാണ്​ നിയമമെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. ലഡാക്കിൽ സൈനിക നീക്കം നടത്തുന്ന ചൈന, ടിബത്തിലെ ജനങ്ങളിൽ നിന്ന്​ നിർബന്ധമായി ഭൂമി എഴുതിവാങ്ങുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യയുൾപ്പെടെ14 രാജ്യങ്ങളുമായി ചൈന 22,000 കി.മി അതിർത്തി പങ്കുവയ്ക്കുന്നുണ്ട്​.