ബംഗളൂരു: ഇന്ന് ഉച്ചയോടെ ഹൃദയാഘാതം സംഭവിച്ചാണ് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചത്. 11.30ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പുനീതിനെ 11.40ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഉച്ചയ്‌ക്ക് രണ്ട് മണിയോടെ അദ്ദേഹം വിടവാങ്ങി. ആരോഗ്യത്തിന് വളരെ പ്രാധാന്യം നൽകിയിരുന്ന പുനീതിന്റെ ചിട്ടകൾക്ക് വളരെയധികം ആരാധകരുണ്ടായിരുന്നു.
ലോക്ഡൗൺ സമയത്ത് ജിമ്മുകളും മറ്റും അടച്ചിരുന്ന സമയത്ത് തന്റെ വർകൗട്ട് ചിട്ടകൾ പുനീത് ആരാധകരുമായി പങ്കുവച്ചിരുന്നു. സ്‌റ്റേ ഹോം സ്‌റ്റേ ഫിറ്റ് എന്ന പേരിൽ ആ സമയത്തെ തന്റെ വ്യായാമ മുറകൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ജിമ്മിൽ പോകാനാകാത്തത് ആരോഗ്യ പരിപാലനത്തിന് ദോഷമാകുമെന്ന ധാരണ വേണ്ടെന്നും ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കുക മാത്രമാണ് ശരിയായ വഴിയെന്നും അദ്ദേഹം ആരാധകരോട് പറയുന്നുണ്ട്. ഇന്ന് വ്യായാമത്തിനിടെയാണ് പുനീതിന് ഹൃദയാഘാതം സംഭവിച്ചത്.
ആരോഗ്യ പരിപാലനത്തിൽ മാത്രമല്ല കൊവിഡ് പ്രതിരോധത്തിനും സംസ്ഥാനത്തിന് വേണ്ട സഹായം അദ്ദേഹം നൽകിയിരുന്നു. ലോക്‌ഡൗൺ സമയത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ സഹായ ഫണ്ടിലേക്ക് നൽകിയ അദ്ദേഹം കൊവിഡ് രോഗത്തെ ഭയക്കാതെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു.