പാലക്കാട്: ജില്ലയിൽ രണ്ടിടത്ത് ലോക്കൽ കമ്മിറ്റി വിഭജിക്കുന്നതിനെ ചൊല്ലി സമ്മേളനസ്ഥലത്ത് സിപിഎം അംഗങ്ങൾ തമ്മിൽതല്ലിയെന്ന് റിപ്പോർട്ട്. എലപ്പുളളിയും വാളയാറിലുമാണ് ലോക്കൽ സമ്മേളനത്തിനിടെ തർക്കമുണ്ടായത്. ഏറ്റുമുട്ടലുണ്ടാകുകയും അംഗങ്ങൾ ചേരിതിരിഞ്ഞ് പരസ്‌പരം കസേര വലിച്ചെറിയുകയും വേദിയിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. പാർട്ടി അംഗങ്ങൾ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചാണ് പരസ്‌പരം ഏറ്റുമുട്ടിയതെന്ന് പാർട്ടി സെക്രട്ടറിയേറ്റ് കണക്കാക്കുന്നു.
അതേസമയം ഇരു ലോക്കൽ സമ്മേളനങ്ങളിലും നടന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് പാർട്ടി അറിയിക്കുന്നത്. ലോക്കൽ സമ്മേളനങ്ങൾ പകുതിയിലധികം ജില്ലയിൽ കഴിഞ്ഞതായും പാർട്ടി അറിയിച്ചു. ജില്ലയിലെ മുതിർന്ന ഒരു പാർട്ടി അംഗം സംഭവം അന്വേഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നാണ് പാർട്ടിയിൽ നിന്നുമുളള സൂചനകൾ.