v

ഖാർത്തൂം: അമേരിക്ക, ചൈന, ഖത്തർ, ഫ്രാൻസ്​ എന്നീ രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നയതന്ത്രപ്രതിനിധികളെയും സുഡാനിലെ ക്ഷേമപ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്വിസ്​ നയത​ന്ത്രപ്രതിനിധിയേയും സുഡാൻ സൈന്യം പുറത്താക്കി. സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധമറിയിച്ചതിനാണിത്.

രാജ്യത്തെ സൈനിക അട്ടിമറിയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാണ്. എന്നിട്ടും, ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതടക്കമുള്ള നടപടികൾ തുടരുകയാണ്​ സൈന്യം. റോഡുകളടക്കം ഉപരോധിച്ചുള്ള ജനകീയ പ്രതിഷേധങ്ങളാണ് രാജ്യത്ത്​ നടക്കുന്നത്​. പ്രതിഷേധ സൂചകമായി രാജ്യത്തെ നിരവധി ബിസിനസ്​ സ്ഥാപനങ്ങൾ അടച്ചിട്ടു. ഖാർത്തൂമി​ൽ റോഡുകളിലെ ബാരിക്കേഡുകൾ എടുത്തുമാറ്റാനെത്തിയ സുരക്ഷ സൈനികരെ പ്രക്ഷോഭകർ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്​. റബർ ബുള്ളറ്റുകളും കണ്ണീർവാതകവും ഉപയോഗിച്ചാണ്​ സൈന്യം പ്രക്ഷോഭകരെ നേരിടുന്നത്​.