വാഷിംഗ്ടൺ: കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് തങ്ങളുടെ കമ്പനിയുടെ പേര് ഐ.എൻ.സി മെറ്റ എന്ന് മാറ്റിയത്. 'മെറ്റ" ആദ്യമായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത് സ്മാർട്ട് വാച്ച് ആണെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട്.
ആപ്പിൾ വാച്ചിനെ വെല്ലുന്ന സ്മാർട്ട് വാച്ച് ആയിരിക്കും ഇതെന്നാണ് വിവരം. ഫ്രണ്ട് ഫേസിംഗ് ക്യാമറയാണിതിന്റെ സവിശേഷത. റെയ്ബാനുമായി ചേർന്ന് അവതരിപ്പിച്ച പുതിയ സ്മാർട്ട് ഗ്ലാസ് നിയന്ത്രിക്കുന്നതിനുള്ള ഫേസ്ബുക്ക് വ്യൂ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ നിന്നാണ് വാച്ചിന്റെ ചിത്രം ലഭിച്ചത്.
സ്ക്രീനിന് താഴെ മദ്ധ്യഭാഗത്തായി കാമറയുമുണ്ട്.
ഫേസ്ബുക്കിന് വാച്ച് പുറത്തിറക്കാനുള്ള പദ്ധതിയുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൺട്രോൾ ബട്ടണുകളില്ലാത്തതിനാൽ ഇതൊരു ടച്ച് സ്‌ക്രീൻ വാച്ച് ആണെന്നുറപ്പാണ്.
ഫിറ്റ്‌നസ്, ഹെൽത്ത് ട്രാക്കിംഗ് എന്നതിനേക്കാളുപരി വീഡിയോ കോളുകൾക്കും മറ്റും ഈ വാച്ച് ഉപയോഗിക്കാം. വീഡിയോകൾ, ഫോട്ടോകൾ എന്നിവ പകർത്തി അവ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാനും സാധിച്ചേക്കും. ആപ്പിൾ, സാംസംഗ് വാച്ചുകളിൽ ഇതുവരെ കാമറ അവതരിപ്പിക്കപ്പെട്ടിട്ടില്ല.
2022ന്റെ തുടക്കത്തിൽ വാച്ച് പുറത്തിറങ്ങിയേക്കുമെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.