തിരുവനന്തപുരം: 20 വർഷത്തെ ഇടതുപക്ഷ സഹവാസം അവസാനിപ്പിച്ച് കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാൻ ഫിലിപ്പിന്റേത്. കോൺഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തും. സി.പി.എമ്മുമായി സഹകരിക്കുമ്പോഴും ചെറിയാൻ ഫിലിപ്പിന്റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. കാരണം കോൺഗ്രസ് ചെറിയാന് ജീവനായിരുന്നു എന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസിലേക്ക് മടങ്ങാനുളള തീരുമാനത്തിന് പിന്നാലെ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ന്യായീകരണത്തൊഴിലാളി ആയാണ് ഇത്രയും കാലം സി.പി.എമ്മിൽ പ്രവർത്തിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു. സി.പി.എം ഏൽപ്പിച്ച എല്ലാ രാഷ്‌ട്രീയ ചുമതലകളും സത്യസന്ധമായി നിറവേറ്റി. എ.കെ.ജി സെന്ററിൽ നടക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാം. ഒന്നും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല, പറയുകയുമില്ല. എല്ലാരും പറയുന്നതുപോലെ അധികാരസ്ഥാനങ്ങളല്ല സി.പിഎമ്മിൽ തനിക്കു നേരിടേണ്ടി വന്ന പ്രശ്നം. രാഷ്‌ട്രീയരംഗത്ത് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരാളായി താൻ മാറുകയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
എനിക്ക് കോൺഗ്രസിലേക്ക് തിരികെ വരാൻ ഒരുമടിയുമില്ല. കാരണം എന്റെ അദ്ധ്വാനം അവിടെയുണ്ട്. സ്ഥിരമായി ചിലർക്ക് മാത്രം സ്ഥാനമാനങ്ങൾ തുടർച്ചയായി നൽകുന്നതിൽ പ്രതിഷേധിച്ചാണ് ഞാൻ കോൺഗ്രസ് വിട്ടത്. എന്നെ ആരും പുറത്താക്കിയതല്ല. ഞാൻ അന്ന് പറഞ്ഞ അധികാരകുത്തക അവസാനിപ്പിക്കണമെന്ന സന്ദേശം കോൺഗ്രസ് ഇപ്പോൾ നടപ്പാക്കിയിരിക്കുകയാണ്. അന്ന് ഞാൻ പറഞ്ഞത് നടപ്പാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.