variyam-

മലപ്പുറം: മലബാർ കലാപവുമായി ബന്ധപ്പെട്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ വിവാദം തുടരുമ്പോൾ വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം പുറത്ത് വിട്ട് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തകത്തന്റെ കവർചിത്രമായാണ് വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ് പുസ്തകം പ്രകാശനം ചെയ്തത്. . ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടനിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്.. അവർ തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്റെ ഒരു നിർബന്ധമായിരുന്നുവെന്നും റമീസ് പറഞ്ഞു. വല്യുപ്പാനെ കാണാൻ പറ്റിയത് തന്നെ തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്യാനായി മലപ്പുറത്തെത്തിയ വാരിയംകുന്നന്റെ പേരമകൾ ഹാജറ പറഞ്ഞു. ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നൻറെ ചരിത്രം മുത്തച്ഛൻ പറഞ്ഞറിയാമെന്നു ഹാജറ പറയുന്നു.