തിരുവനന്തപുരം: ചിറയിൻകീഴിൽ പത്ത് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയുൾപ്പെടെ നാലുപേർ പിടിയിലായി. തിരുവനന്തപുരം റൂറലിലും സിറ്റിയിലുമായി നിരവധി ക്രിമിനൽ കേസിലും കൊലപാതകക്കേസിലും പ്രതിയായ ശബരീനാഥ്, കൂട്ടാളി സോഫി എന്നിവരും ഇവരുടെ സുഹൃത്തുക്കളായ മറ്റുരണ്ടുപേരുമാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ പെരുങ്കുഴി നാലുമുക്കിന് സമീപത്ത് വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് സോഫിയുടെ നേതൃത്വത്തിൽ എത്തിച്ച കഞ്ചാവ് ശബരീനാഥിന് കൈമാറുന്നതിനിടെയാണ് ഇവർ പിടിയിലായത്. പാറശാല ചെക്ക് പോസ്റ്റിൽ കഞ്ചാവ് പിടികൂടിയ കേസുൾപ്പെടെ ശബരീനാഥിനെതിരെ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ലോക്ക് ഡൗൺ ആരംഭിച്ചശേഷം ചിറയിൻകീഴ്, വർക്കല ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന സംഘത്തിന്റെ തലവനായിരുന്നു ശബരീനാഥ് എന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് കടത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളുടെ വീടുകളിലും ഇവർ കഴിഞ്ഞുവന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടന്നുവരികയാണ്. പിടിയിലായവരുടെ ഫോൺകോൾ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ചിറയിൻകീഴ് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായവരെ അറസ്റ്ര് രേഖപ്പെടുത്തിയശേഷം വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.