archana

മഞ്ചേരി: വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിൽ മുങ്ങി മരിച്ചു. മാണിപ്പറമ്പിലെ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15),​ സഹോദരൻ വിനോദിന്റെ മകൻ ആദിദേവ് (4)​ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. വണ്ടൂർ നടുവത്ത് അമ്മയുടെ വീട്ടിൽനിന്ന് അർച്ചന സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മുത്തച്ഛനെ കാണാനെത്തിയതായിരുന്നു. വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ബന്ധുവിന്റെ മൊബൈലുമായി പുറത്തിറങ്ങിയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിന് സമീപം മൊബൈലും ചെരിപ്പുകളും കണ്ടെത്തി. ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടിലിറങ്ങി നടത്തിയ തിരച്ചിലിൽ രണ്ട് കുട്ടികളെയും കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർച്ചന. മാതാവ്: സുനിത. സഹോദരൻ: അർജുൻ. സൗമ്യയാണ് ആദിദേവിന്റെ അമ്മ. 40 ദിവസം പ്രായമായ സഹോദരനുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരെയും മാണിപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.