ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരിക്ക് ഇന്ന് ജയിൽ മോചിതനാകാനായില്ല. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാനം പിൻമാറിയതാണ് തിരിച്ചടിയായത്. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണക്കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. ഇനി അടുത്ത ദിവസമേ പുറത്തിറങ്ങാൻ കഴിയൂ.
വ്യാഴാഴ്ചയാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിനീഷിന് പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങാൻ അവസര മൊരുങ്ങുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോകരുതെന്നും ഉപാധിയിൽ പറയുന്നു.