മുംബയ്: ലഹരിക്കേസിൽ അറസ്റ്റിലായ മകന് ജാമ്യം ലഭിച്ച വാർത്ത കരഞ്ഞുകൊണ്ടാണ് നടൻ ഷാരൂഖ്ഖാൻ കേട്ടതെന്ന് അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്‌ത്തഗി പറഞ്ഞു.
'ദിവസങ്ങളായി ഷാരൂഖ്ഖാൻ വിഷമത്തിലായിരുന്നു. ഭക്ഷണം പോലും ഉപേക്ഷിച്ച അദ്ദേഹം തുടർച്ചയായി കാപ്പി കുടിച്ചു. കുറച്ചു ദിവസമായി എല്ലാ ജോലികളും മാറ്റിവച്ചു. മകൻ ജയിൽ മോചിതനാകുന്നുവെന്ന വാർത്ത വന്നപ്പോൾ വലിയ ആശ്വാസത്തോടെ, സന്തോഷത്തോടെ പൊട്ടിക്കരഞ്ഞുവെന്ന്' മുകുൾ റോഹ്‌ത്തഗി പറഞ്ഞു.
ആര്യന് ജാമ്യം ലഭിച്ചതിന് ശേഷം അഭിഭാഷകർക്കും മാനേജർ പൂജ ദദ്‌ലാനിക്കുമൊപ്പം ഷാരൂഖ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ആര്യൻഖാനെ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് ജയിൽ മോചിതനാകുന്ന വിവരം അറിയിച്ചത്. സഹതടവുകാർക്ക് നിയമ സഹായവും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് ആര്യൻ വാഗ്ദാനം ചെയ്തുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജാമ്യവാർത്തയറിഞ്ഞ ആരാധകർ ഷാരൂഖിന്റെ വസതിയായ മന്നത്തിലെത്തി പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ലാദം പങ്കുവച്ചു.
ഐ ലവ് യു ചൊല്ലി സുഹാന
ആര്യൻഖാന് ജാമ്യം കിട്ടിയതിന് പിന്നാലെ സഹോദരി സുഹാന ഖാൻ ഇരുവരുടെയും ബാല്യകാല ചിത്രങ്ങൾ 'ഐ ലവ് യു' എന്ന കുറിപ്പോടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ആര്യൻ ഖാനും അച്ഛൻ ഷാരൂഖ് ഖാനുമൊപ്പമുള്ള ചിത്രകളാണ് സുഹാന പങ്കുവച്ചത്. പോസ്റ്റിന് ഒരു മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.